Thursday 09 September 2021 03:29 PM IST

‘ജീവിതത്തിൽ പലേടത്തു നിന്നും ഒഴിവാക്കപ്പെട്ടു, സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, ഇനിയും അങ്ങനെ സംഭവിക്കാം’: തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

V R Jyothish

Chief Sub Editor

indrans ചിത്രങ്ങൾ – ശ്രീകാന്ത് കളരിക്കൽ

‘ജീവിതത്തിൽ പലേടത്തു നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട് ഞാൻ. സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇനിയും അങ്ങനെ സംഭവിക്കുമെന്നും എനിക്കറിയാം. അതൊക്കെ അന്നന്നത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സംഭവിച്ചതാണ്. അതൊക്കെ ഓർത്ത് ദുഃഖിച്ചിരിക്കാനും ഞാനില്ല.’ അഭിനയജീവിതത്തിന്റെ നാല്പതാം വർഷം ആഘോഷിക്കുന്ന ഇന്ദ്രൻസ് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കെ. സുകുമാരൻ നായർ സംവിധാനം െചയ്ത പ്രേംനസീർ ചിത്രമായ ‘ചൂതാട്ടം’ റിലീസ് ചെയ്തത് 1981–ലായിരുന്നു. ആ സിനിമയുടെ വസ്ത്രാലങ്കാരകനായ സി. എസ്. ലക്ഷ്മണന്റെ സഹായിയായിരുന്നു കുമാരപുരം സുരേന്ദ്രൻ. നാടകാഭിനയവും അല്ലറചില്ലറ തുന്നൽപ്പണിയുമായി തിരുവനന്തപുരത്ത് കുമാരപുരത്ത് ചുറ്റിത്തിരിഞ്ഞ സുരേന്ദ്രൻ സിനിമയെന്ന സ്വപ്നത്തിനു പിറകെ കൂടിയാണ് മദ്രാസിലേക്കു വണ്ടികയറിയത്. ചൂതാട്ടത്തിന്റെ സെറ്റിൽ പ്രേംനസീറിനും ജയഭാരതിക്കും കുതിരവട്ടം പപ്പുവിനും കുപ്പായം തുന്നിക്കൊടൂത്തതിനൊപ്പം ഇതേ സിനിമയിൽ ആൾക്കൂട്ടനടനായി സുരേന്ദ്രൻ അഭിനയിക്കുകയും ചെയ്തു.

ഇന്ദ്രൻസ് എന്നു പേരുള്ള തയ്യക്കടയിലിരുന്ന് തുന്നിക്കൊണ്ടിരുന്ന സുരേന്ദ്രന് രണ്ടാംതരംഗത്തിലാണ് സിനിമയിലേക്കു നറുക്കു വീണത്. അന്ന് പത്മരാജന്റെ അസോസിയേറ്റായിരുന്ന സുരേഷ് ഉണ്ണിത്താനാണ് സുരേന്ദ്രനെ പത്മരാജനു പരിചയപ്പെടുത്തുന്നത്. അന്നുമുതൽ സുരേന്ദ്രൻ ഇന്ദ്രൻസ് സുരേന്ദ്രനും പിന്നീട് ഇന്ദ്രൻസുമായി മാറി. യഥാർത്ഥത്തിൽ കടയുടെ പേരിലാണ് സുരേന്ദ്രൻ പിന്നീട് അറിയപ്പെട്ടത്.

ആദ്യം കൊടക്കമ്പി എന്നു അറിയപ്പെട്ട ഇന്ദ്രൻസ് പിന്നീട് മലയാളിയുടെ ശ്വാസവേഗങ്ങളെ നിയന്ത്രിക്കുന്ന അഭിനയത്തിന്റെ അളവുകോലായി മാറി. അവരെ കണ്ണീരണിയിപ്പിച്ചു. അവാർഡിന്റെ പടവുകൾ കയറി. ഇപ്പോഴിതാ ആ യാത്ര നാലുപതിറ്റാണ്ട് കഴിഞ്ഞുനിൽക്കുന്നു.

ഈ അടുത്ത് റിലീസ് െചയ്ത തന്റെ 341 –മത്തെ സിനിമ ‘ഹോം’ മലയാളികളെ വീണ്ടും കണ്ണീരണിയിക്കുന്ന സന്ദർഭമാണിത്.

‘അതൊക്കെ കുടുംബത്തിന്റെ ഭാഗ്യം. ഇങ്ങനെയൊക്കെയാവൂമെന്ന് ഒരിക്കലും കരുതിയതല്ല. ഇങ്ങനെയൊരു അവസ്ഥയിൽ എത്താനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നില്ലല്ലോ?’ ഇന്ദ്രൻസ് മനസ്സുതുറന്നു പറഞ്ഞു.

ഓട്ടപ്പന്തയം നടക്കുന്ന ഇടമാണ് സിനിമ. അവിടെ കളിക്കളത്തിൽ നിൽക്കുക എന്നതുതന്നെ ശ്രമകരമാണ്. അപ്പോഴാണ് ഇന്ദ്രൻസിനെപ്പോലെ ഒരാൾ കളംനിറഞ്ഞു നിൽക്കുന്നത്.

അപ്പോഴും പഴയതൊന്നും മറക്കുന്നില്ല ഇന്ദ്രൻസ്. പണ്ട് ഉണ്ടായിരുന്നു അവഗണനയും മാറ്റിനിർത്തലുകളും.. ‘‘പിന്നെ മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും എനിക്ക് പുത്തരിയല്ല. നാലാംക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസജീവിതത്തിൽ പല സഹപാഠികളും പറഞ്ഞിട്ടുണ്ട്. ‘സാറേ.... ഈ സുരേന്ദ്രനെ എന്റെയടുത്ത് ഇരുത്താൻ പറ്റത്തില്ല. മാറ്റിയിരുത്തണം. അന്ന് അവർ അങ്ങനെ പറഞ്ഞതിൽ ഇന്ദ്രൻസ് സങ്കടപ്പെട്ടിട്ടുണ്ട് ഒരുപാട്. കുഞ്ഞുമനസ്സ് വേദനിച്ചിട്ടുണ്ട്. പക്ഷേ ഇന്നുതിരിഞ്ഞുനോക്കുമ്പോൾ അവരെ കുറ്റപ്പെടുത്താനും ഇന്ദ്രൻസ് തയ്യാറല്ല. ‘ഒരേയൊരു ഡ്രസ്സും ഇട്ടുകൊണ്ടാണ് ആഴ്ചയിൽ അഞ്ചുദിവസവും സ്കൂളിൽ പോയിരുന്നത്. കഴുകി ഉണക്കാനുള്ള സാവകാശമില്ല. പിന്നെ സഹപാഠികൾ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളു.’ ഇന്ദ്രൻസ് ചോദിക്കുന്നു.

എന്തായാലും കൂട്ടുകാരുടെ ആഗ്രഹം തന്നെ നടന്നു. നാലാം ക്ലാസിൽ പഠനം മതിയാക്കി ഇന്ദ്രൻസ് തയ്യൽക്കടയിൽ ജോലിക്കാരനായി. നല്ലൊരു തുന്നൽക്കാരനായി. ഇന്നത്തെ ജീവിതത്തിന് അടിത്തറയായത് ആ ജോലി തന്നെയാണ്.

‘ചില സിനിമകളുടെ ക്ലൈമാക്സ് സീനിൽ നിന്നും ഇന്ദ്രൻസിനെ മാറ്റിനിർത്തിയിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് ക്ലൈമാക്സ് സീനിൽ ഇന്ദ്രൻ നിൽക്കണ്ട എന്നു പറഞ്ഞിട്ടുണ്ട്.

‘‘ആദ്യമൊക്കെ അതുകേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. സ്കൂളിലെ അനുഭവങ്ങളാണ് അപ്പോൾ ഓർമ്മ വരുന്നത്. പിന്നീടാണ് അതിന്റെ യാഥാർത്ഥ്യം എനിക്കു മനസ്സിലായത്. അവസാന സീനിൽ വരെ കോമാളി കളിച്ച് തലകുത്തിനിൽക്കുന്ന കഥാപാത്രങ്ങളായിരിക്കും മിക്കവാറും എന്റേത്. അങ്ങനെ ഒരു വളർച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്സ് സീനിലൊക്കെ കയറി നിന്നാൽ അതിന്റെ ഗൗരവം നഷ്ടമാവും. അത് സിനിമയെ ബാധിക്കും. ഇതറിഞ്ഞപ്പോൾ ഞാൻ തന്നെ സംവിധായകനോടു ചോദിക്കും ‘സാർ ഈ സീനിൽ ഞാൻ നിൽക്കാതിരിക്കുന്നതല്ലേ നല്ലത്.’ അങ്ങനെ സ്വയമങ്ങ് ഒഴിവാകും. പിന്നെപ്പിന്നെ ഞാനിതൊരു സൗകര്യമാക്കി. ‘സാർ ക്ലൈമാക്സിൽ ഞാൻ ഇല്ലല്ലോ? എന്നാൽപ്പിന്നെ ഞാൻ പൊയ്ക്കോട്ടെ’ രണ്ടുദിവസം മുമ്പേ സ്ഥലം വിടാം. ഒന്നുകിൽ വീട്ടിലേക്ക് അല്ലെങ്കിൽ അടുത്ത ലൊക്കേഷനിലേക്ക്. രണ്ടായാലും സന്തോഷം.’ ഇന്ദ്രൻസ് ചിരിക്കുന്നു.

‘ചെയ്യുന്ന ജോലിയോട് അത് തയ്യലായാലും അഭിനയമായാലും നൂറുശതമാനം ആത്മാർത്ഥത. ഇപ്പോൾ സെറ്റിൽ ചെല്ലുമ്പോൾ പറയും കാരവൻ കിടപ്പുണ്ട്. അവിടെയിരിക്കാം. ഞാൻ പറയും ഒരു കസേര കിട്ടിയാൽ മതി ഞാൻ ഹാപ്പിയാണ്.’’

ഇന്ദ്രൻസ് ജീവിതത്തിൽ അഭിനയിക്കാറില്ല. സിനിമയിലേ അഭിനയിക്കാറുള്ളു.

അഭിമുഖത്തിന്റെ പൂർണരൂപം പുതിയലക്കം (സെപ്റ്റംബർ 4–17) വനിതയിൽ വായിക്കാം.