Tuesday 06 July 2021 03:46 PM IST

‘കൈകൾക്ക് വണ്ണം വയ്ക്കാനാണ് കൂടുതൽ പാട്’! ഡയറ്റും ജിമ്മും ചേർത്ത് 10 കിലോ കൂട്ടിയ കഥ പറഞ്ഞ് ഇഷാനി

V.G. Nakul

Sub- Editor

ishani-krishna-1

പലരും വണ്ണം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി, പെടാപ്പാടു പെടുമ്പോൾ ഇഷാനി കൃഷ്ണ പറയുന്നത് ‘അതിലൊരു ത്രില്ലില്ല’ എന്നാണ്. 40 കിലോയിൽ നിന്ന് 50 കിലോയിലേക്ക് ശരീര ഭാരം വർദ്ധിപ്പിച്ച്, വേറിട്ട മേക്കോവറിലാണ് മലയാളത്തിന്റെ ഈ യുവതാരം ഇപ്പോൾ. ‌നടിയും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ഇഷാനി, മമ്മൂട്ടി നായകനായ ‘വൺ’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇഷാനി.

ഇപ്പോഴിതാ, ഈ വണ്ണം കൂട്ടലിന്റെ കഥ ‘വനിത ഓൺലൈനിലൂടെ’ പങ്കുവയ്ക്കുകയാണ് ഇഷാനി.

‘‘ഞാൻ തീരെ മെലിഞ്ഞ ശരീര പ്രകൃതമുള്ള ആളാണ്. ഇനിയും മെലിഞ്ഞാൽ കാണാതാകും. അതുകൊണ്ട് കുറച്ച് കൂടി വണ്ണം ആകാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

എവിടെ നോക്കിയാലും വണ്ണം കുറയ്ക്കാനുള്ള ഫൂഡും വണ്ണം കുറയ്ക്കാനുള്ള എക്സർസൈസുകളും മാത്രമേയുള്ളൂ. എനിക്ക് മെലിഞ്ഞിരിക്കുന്നതാണ് എപ്പോഴും ഇഷ്ടം. എങ്കിലും കുറച്ചു കൂടി ഒരു ഹെൽത്തി ലുക്കിങ് ആകണമായിരുന്നു. അത്രേയുള്ളൂ’’. – ഇഷാനി പറയുന്നു.

ishani-krishna-3

ജിമ്മിൽ

ഞാൻ വണ്ണം വയ്ക്കാൻ എന്തു ചെയ്യണം എന്ന് സെർച്ച് ചെയ്തപ്പോൾ ആദ്യം തെളിയുന്നത് വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങളാണ്. എന്റെ കൈകൾ തീരെ മെലിഞ്ഞിട്ടായിരുന്നു. കൈകൾക്ക് വണ്ണം വയ്ക്കാനാണ് കൂടുതൽ പാട്. വണ്ണം കൂടിയാൽ അത് ആദ്യം കാണുന്നത് മുഖത്തോ വയറിലോ ആകും. അവിടെയാണ് ഫാറ്റ് വേണ്ടാത്തതും. കുറേക്കാലം ഞാന്‍ വലിയ ശ്രദ്ധ കോടുത്തില്ലെങ്കിലും കഴിഞ്ഞ ലോക്ക് ഡൗണിനു മുൻപാണ് കാര്യമായി ശ്രമിച്ചു തുടങ്ങിയത്. എന്തെങ്കിലും ചെയ്ത് വണ്ണം വയ്ക്കണം എന്ന ഉദ്ദേശത്തോടെ ഒരു ജിമ്മിൽ ജോയിൻ ചെയ്തു– മാർച്ച് അവസാനം. മുൻപ് വീട്ടിൽ വർക്കൗട്ട് ചെയ്തിരുന്നെങ്കിലും വലിയ റിസൾട്ട് വന്നില്ല.

ജിമ്മിലെത്തിയപ്പോൾ, ‘‘സീരിയസായി വണ്ണം വയ്ക്കാൻ ആഗ്രഹമുള്ള കൂട്ടത്തിലാണോ’’ എന്ന് ട്രെയിനർ ചോദിച്ചു. ഓക്കെ പറഞ്ഞപ്പോൾ വർക്കൗട്ടിനൊപ്പം ഒരു ഡയറ്റ് പറഞ്ഞു തന്നു. എക്സർസൈസ് വളരെക്കുറച്ചേ സഹായിക്കൂ. ഫൂഡിലാണ് ബാക്കി. ഫൂഡാണ് 70 ശതമാനം ബോഡി വെയിറ്റ് കൂടാൻ സഹായിക്കുക.

ishani-krishna-2

ഭക്ഷണം

അത്രകാലം എന്റെ വിശ്വാസം ഞാൻ നന്നായി ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലാണ് എന്നാണ്. പക്ഷേ, ഡയറ്റ് തുടങ്ങിയ ശേഷമാണ്, എന്താണ് ഭക്ഷണത്തിന്റെ കഴിക്കേണ്ട അളവ് എന്നു ശരിക്കും അറിഞ്ഞത്. ജീവിതത്തിലിത്ര ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല. ഞാന്‍ കഴിക്കുന്നതു കണ്ട് വീട്ടിലെല്ലാവരും ചോദിച്ചിട്ടുണ്ട് – ‘‘നീ മരിച്ചു പോകില്ലേ’’ എന്ന്. അത്രയധികം ഭക്ഷണം കഴിക്കും. 3 നേരമാണ് കഴിക്കുക. കഴിക്കുമ്പോള്‍ വാരിക്കോരിക്കഴിച്ചു. ആദ്യമൊന്നും പറ്റുന്നില്ലായിരുന്നു. ഭക്ഷണം കഴിച്ചാൽ 3 മണിക്കൂറൊക്കെ കിടപ്പാണ്, അനങ്ങാൻ പറ്റില്ല. പതിയെപ്പതിയെ കാര്യങ്ങള്‍ വരുതിയിലായി. ഒപ്പം വർക്കൗട്ടും. ലോക്ക് ‍ഡൗണ്‍ ആയപ്പോൾ, ട്രെയിനറുടെ നിർദേശമനുസരിച്ച് വീട്ടിൽ വർക്കൗട്ട് തുടർന്നു. നേരത്തെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ആളായിരുന്നില്ല ഞാൻ. കോളജില്‍ പോകുമ്പോള്‍ പാലോ പഴമോ കഴിച്ചിട്ട് പോകും.

ishani-krishna-4

മൂന്നര മാസം കൊണ്ടാണ് പത്ത് കിലോ കൂടിയത്. കേൾക്കുമ്പോൾ ‘‘തിന്നാനല്ലേ, എന്തൊരു എളുപ്പമാ’’ എന്നു പറയാം. പക്ഷേ, അത്ര എളുപ്പമല്ല അത്. പക്ഷേ, വണ്ണം കൂട്ടുകയാണെങ്കിലും അത് വളരെ ആരോഗ്യകരമായ രീതിയിലാകണം. ഇപ്പോൾ ഞാൻ ഉദ്ദേശിച്ച വെയിറ്റ് ബോഡിക്ക് കിട്ടി. പക്ഷേ, തുടരാനാണ് തീരുമാനം.