Thursday 21 January 2021 10:33 AM IST

‘‘ജനം ഓട്ടോഗ്രാഫിനായി ചുറ്റും കൂടി, അദ്ദേഹം അന്തം വിട്ട് എന്നെ നോക്കി...! ചടങ്ങിനിടെ കണ്ട മുഖം മലയാളത്തിന്റെ മുത്തച്ഛനായ കഥ

V.G. Nakul

Sub- Editor

jayaraj

മലയാള സിനിമയുടെ പ്രിയമുഖങ്ങളിലൊന്നായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മരണത്തിന്റെ നിത്യതയിലേക്കു യാത്രയായിരിക്കുന്നു. 98 വയസ്സില്‍ ജീവിതത്തിന്റെ അരങ്ങിൽ നിന്നു മടങ്ങുമ്പോൾ അദ്ദേഹം ബാക്കിയാക്കുന്നത് ചിരിതുളുമ്പുന്ന കുറേ നല്ല ഓർമകളും മനോഹരമായ ഒരു പിടി കഥാപാത്രങ്ങളുമാണ്.

മലയാളത്തിന്റെ പ്രിയ സിനിമകളിലൊന്നായ ‘ദേശാടനം’ ആണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ആദ്യ ചിത്രം. ചിത്രത്തിലെ സ്നേഹനിധിയായ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തിന് നേടിക്കൊടുത്ത ജനപ്രീതി വളരെ വലുതാണ്. വൈകിയാണ് സിനിമയുടെ ലോകത്തെത്തെത്തിയതെങ്കിലും ചുരുങ്ങിയ കാലത്തിനിടെ തന്റെതായ ഇടം അഭിനയ രംഗത്ത് സ്വന്തമാക്കുവാൻ അദ്ദേഹത്തിനായി.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗം മനസ്സിലേക്കെത്തിക്കുന്ന ഓർമകൾ, അദ്ദേഹത്തെ ആദ്യമായി സിനിമയിലേക്കു കൈപിടിച്ചു കൊണ്ടുവന്ന മലയാളത്തിന്റെ പ്രിയസംവിധായകൻ ജയരാജ് ‘വനിത ഓൺലൈനു’മായി പങ്കുവയ്ക്കുന്നു.

‘‘ദേശാടനത്തിലെ പ്രധാന കഥാപാത്രമായ മുത്തച്ഛനായി, മുത്തച്ഛൻ എന്നു മനസ്സിൽ ചിന്തിക്കുമ്പോൾ തെളിയുന്ന രൂപത്തിലുള്ള ഒരാൾ വേണം എന്നു തീരുമാനിച്ചിരുന്നു. സിനിമയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ അന്വേഷിച്ചതും അങ്ങനെയൊരു മുഖത്തിനു വേണ്ടിയാണ്. അതിനിടെയാണ് കൈതപ്രത്തിന്റെ വീട്ടിൽ ഒരു ചടങ്ങിന് ഞാനും മാടമ്പും കൂടി പോയത്. അവിടെ വച്ച് കഥാപാത്രത്തിന് യോജിക്കുന്ന ഒരാളെ കണ്ടു. ഞാൻ മാടമ്പിനോട് ‘‘ഈ പുള്ളിക്കാരൻ നമ്മുടെ മുത്തച്ഛന് വളരെ അനുയോജ്യനല്ലേ’’എന്നു ചോദിച്ചു. ‘‘തർക്കമില്ല’’ എന്ന് മാടമ്പും പറഞ്ഞു. കക്ഷി ആരാണെന്ന് കൈതപ്രത്തോടു തിരക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യാപിതാവാണ് എന്നറിഞ്ഞത്. അഭിനയിക്കാൻ സമ്മതിക്കുമോ എന്നു ചോദിച്ചപ്പോൾ ‘‘പൂജയും കാര്യങ്ങളുമൊക്കെയായി കഴിഞ്ഞു കൂടുന്ന ആളാണ്. ചോദിച്ചു നോക്കാം’’ എന്നും പറഞ്ഞു. ചോദിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു’’.– ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ‘ദേശാടന’ത്തിനായി കണ്ടെത്തിയ കഥ ജയരാജ് പറഞ്ഞു തുടങ്ങി.

unnikrishnan-namboothiri

‘‘പിന്നീട് അദ്ദേഹം ഞങ്ങളില്‍ ഒരാളാകുകയായിരുന്നു. ഷൂട്ട് നടക്കുമ്പോൾ, ലൊക്കേഷൻ ഒരു ഇല്ലമായിരുന്നതിനാൽ, ആ അന്തരീക്ഷത്തിൽ അദ്ദേഹം വളരെ കംഫർട്ടായിരുന്നു. അഭിനയത്തെക്കാൾ ഉപരി ആ സിനിമയുടെ സാഹചര്യങ്ങൾ അദ്ദേഹത്തിന് വളരെ പരിചിതമായതിന്റെ മേൻമകളുണ്ടായി. അധികം ആളും ബഹളവുമൊന്നുമില്ലാതെയായിരുന്നു ഷൂട്ടിങ്. ഒരു കുടുംബം പോലെയായിരുന്നു. പല വൈകാരിക രംഗങ്ങളിലും അദ്ദേഹം യഥാർത്ഥത്തില്‍ കരയുകയായിരുന്നു. ചെറുമകന്‍ യാത്ര പറയുന്ന രംഗത്തിലൊക്കെ പ്രത്യേകിച്ചും.

കോഴിക്കോട് കൈരളി തിയറ്ററിൽ നിന്ന് ഞങ്ങൾ പടം കണ്ടിറങ്ങുമ്പോൾ ജനം അദ്ദേഹത്തിന് ചുറ്റും ഓട്ടോഗ്രാഫിനായി കൂടി. അദ്ദേഹം എന്നെ അന്തം വിട്ടു നോക്കി. ‘‘ഒപ്പിട്ടു കൊടുക്കൂ, അവരുടെ സ്നേഹം കൊണ്ടല്ലേ’’ എന്നു ഞാൻ പറഞ്ഞു. അവിടെയാണ് നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വഴിത്തിരിവ്. ഒരു സിനിമ കൊണ്ട് അദ്ദേഹം താരമായി. പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെ ഒരു മുത്തച്ഛൻ ക്യാരക്ടർ എന്നു ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് വരാൻ തുടങ്ങി. എന്റെ ‘കളിയാട്ട’ത്തിലും ‘പകർന്നാട്ട’ത്തിലുമൊക്കെ അഭിനയിച്ചു. വിദേശത്ത്, ചലച്ചിത്ര മേളയിൽ ‘ദേശാടനം’ അംഗീകരിക്കപ്പെട്ടപ്പോൾ കാണികൾ കൂടുതൽ തിരക്കിയത് അദ്ദേഹത്തെക്കുറിച്ചായിരുന്നു. ഞങ്ങൾക്കെല്ലാം ഒരു മുത്തച്ഛൻ എന്ന രീതിയിലായിരുന്നു ജീവിതത്തിലും. എന്റെ യാത്രകളിൽ ഒരു സ്റ്റോപ്പ് പയ്യന്നൂരുണ്ട്. അവിടെ അദ്ദേഹത്തിനൊപ്പം താമസിക്കാറുമുണ്ടായിരുന്നു. അദ്ദേഹം പൂർണ തൃപ്തനായാണ് അദ്ദഹം യാത്ര പറയുന്നതെന്ന് ഉറപ്പ്...’’.