Wednesday 09 June 2021 12:06 PM IST

ഷൂട്ടിന് തലേന്ന് സംവിധായിക ഗർഭിണി, സിനിമ റിലീസ് ചെയ്യുമ്പോള്‍ മകൾക്ക് 3 വയസ്സ്! പുരസ്കാരപ്പെരുമയിൽ ജീവയുടെ ചിത്രം

V.G. Nakul

Sub- Editor

jeeva-new-1

കാത്തു കാത്തിരുന്നു യാഥാർഥ്യമായ ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേദിവസമാണ് സംവിധായികയറി‍ഞ്ഞത് – താൻ ഗർഭിണിയാണ്. ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു സന്തോഷങ്ങൾ ഒന്നിച്ച്. എങ്കിലും ഒരു ചെറിയ ആശങ്ക: ഷൂട്ടിന്റെ ടെൻഷനിലും തിരക്കിലും ഉള്ളിൽ വളരുന്നയാൾക്ക് എന്തെങ്കിലും കുഴപ്പങ്ങൾ...? ‘‘എന്തു കുഴപ്പം. ഒന്നും സംഭവിക്കില്ല. ഞങ്ങളൊക്കെയില്ലേ കൂടെ. നീ ധ്യൈര്യമായിട്ട് സിനിമ ചെയ്യ്....’’ ഭർത്താവും സംഗീത സംവിധായകനുമായ നിഷാന്തും പ്രിയപ്പെട്ടവരും കരുത്തും ആത്മവിശ്വാസവും പകർന്നു. അങ്ങനെ ജീവ കെ.ജെ എന്ന നവാഗത സംവിധായിക തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. പക്ഷേ, ഒരുപാട് സ്വപ്നം കണ്ട ആ ചിത്രം ‘റിക്റ്റർ സ്‌കൈൽ 7.6’ പ്രദർശനത്തിനെത്തുമ്പോൾ അന്ന് ജീവയുടെയുള്ളിൽ ജനിച്ചയാൾക്ക് 3 വയസ്സ്. 4 വർഷത്തെ പ്രതിസന്ധികൾ കടന്ന് തന്റെ ആദ്യ ചിത്രം തിയറ്ററിലെത്തുന്നതിന്റെ സന്തോഷത്തിൽ, മകൾ സമുദ്രയെ നെഞ്ചോട് ചേർത്തു പിടിച്ച് ‘വനിത ഓൺലൈനോട്’ സംസാരിക്കുകയാണ് ജീവ.

‘‘ഞാൻ പഠിച്ചതും പഠിപ്പിക്കുന്നതും സിനിമയാണ്. അധ്യാപനത്തെ ഒരു പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നു. പാഷൻ സിനിമയും. ബ്രോഡ്കാസ്റ്റ് ജേണലിസം ആൻഡ് വിഡിയോ പ്രൊഡക്ഷനിലാണ് ഉപരിപഠനം. ഒരു പേപ്പർ സിനിമയായിരുന്നു. ഇപ്പോള്‍ എസ്.എച്ച് കോളജ് തേവരയിൽ സിനിമ ആൻഡ് ടെലിവിഷൻ ആണ് പഠിപ്പിക്കുന്നത്.

2012 ലാണ് കോഴ്സ് കഴിഞ്ഞത്. ശേഷം ഒന്നര വർഷം ഒരു ചാനലില്‍‍ പ്രവർത്തിച്ചു. 2014 മുതൽ 3 വർഷം തൃശൂർ സെന്റ ് തോമസ് കോളജിൽ പഠിപ്പിച്ചു. അതിനു ശേഷം ആദ്യ സിനിമ ചെയ്തു. 2019 ൽ ആണ് എസ്.എച്ച് കോളജിൽ ജോയിൻ ചെയ്തത്’’.

jeeva-new-2

FNC യുടെയും ക്യാമ്പസ്‌ ഓക്സ്ന്റെയും ബാനറിൽ ഒരുക്കിയ ‘റിക്റ്റർ സ്‌കൈൽ 7.6’ ജൂൺ 12 ന് Roots video യുടെ ott പ്ലാറ്റ് ഫോം വഴി പ്രേക്ഷകർക്കു മുന്നിൽ എത്തുകയാണ്. ലൂസിഫർ ഫെയിം മുരുകൻ മാർട്ടിൻ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. അശോകൻ പെരിങ്ങോട് മറ്റൊരു പ്രധാന റോളിൽ എത്തുന്നു. നോയിഡ ഇന്റർനാഷണൽ ഫെസ്റ്റിവെലിൽ മികച്ച പുതുമുഖ സംവിധായകയ്ക്കുള്ള അവാർഡ് ഉൾപ്പെടെ നേടിയ ചിത്രം നിരവധി ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിച്ചു. കുടിയിറക്കിപ്പെടേണ്ടി വരുന്നവരുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും സംഘർഷങ്ങളെപ്പറ്റിയാണ് ചിത്രം പറയുന്നത്. റെജി കുമാറിന്റെതാണ് തിരക്കഥ. DOP: സുജിത് ലാൽ, Editing : സുജിത് സഹദേവ്.

‘‘2017 – 2018 കാലത്താണ് സിനിമ ചെയ്തത്. ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നുള്ള ഒരു നിർമാണ സംരംഭമാണ് പണം മുടക്കിയിരുന്നത്. ഷൂട്ട് കഴിഞ്ഞ് നിർമാണം നിലച്ചു. സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതിനു ശേഷമാണ് ക്യാമ്പസ്‌ ഓക്സ് നിർമാണം ഏറ്റെടുത്തതും സിനിമ പൂർത്തിയാക്കിയതും. എന്നിട്ടും തിയറ്ററിൽ എത്തിക്കണം എന്ന് ആഗ്രഹിച്ചതിനാൽ സിനിമയുടെ റിലീസ് നീണ്ടു. താരങ്ങൾ ഇല്ലാത്തതായിരുന്നു കാരണം. ഒടുവിൽ ഒ.ടി.ടി സാധ്യതകള്‍ കൂടുതലായതോടെ സിനിമ റിസീസിനെത്തുന്നു. 2018 ൽ ആണ് സിനിമ സെൻസർ ചെയ്തത്.

സിനിമ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞത് – 2017 ൽ. പത്ത് ദിവസം കൊണ്ട് ഷൂട്ടിങ് കഴിഞ്ഞു. സിനിമയും മകളും ഒന്നിച്ചാണ് വളർന്നത് എന്നു പറയാം. ഇപ്പോൾ മകൾ സമുദ്രയ്ക്ക് 3 വയസ്സ്. മോൾക്കും സിനിമയ്ക്കും ഒരേ വയസ്സാണ്’’. – ജീവ പറയുന്നു.

jeeva-new-3

കോട്ടയം കടുത്തുരുത്തി ആപ്പാഞ്ചിറ സ്വദേശിനിയാണ് ജീവ. പത്രപ്രവർത്തകയാകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഡിഗ്രി പഠനകാലത്തോടെ സിനിമയോടുള്ള പ്രണയം കടുത്തു. സുഹൃത്തുക്കളൊപ്പം തുടങ്ങിയ വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യ ഹ്രസ്വചിത്രം ‘ഞാവൽപ്പഴങ്ങൾ’ തയാറാക്കി. തുടർന്നാണ് ആ കൂട്ടായ്മയിൽ ‘റിക്റ്റർ സ്‌കൈൽ 7.6’ ഒരുക്കിയത്.