Thursday 08 June 2023 05:10 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളെ കണ്ടപ്പോൾ അവർക്ക് ലെസ്ബിയൻസെന്ന് തോന്നി’: ശ്രദ്ധ മരണപ്പെട്ടതും ആ മോറല്‍ സ്ക്രൂട്ടണിയുടെ പേരിൽ: ജുവൽ മേരി

sradha-jewel

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഇരമ്പുകയാണ്. ശ്രദ്ധയുടെ ഫോൺ കോളജ് അധികൃതർ പിടിച്ചെടുത്തെന്നും തുടർന്നുള്ള മാനസികപീഡനമാണു മരണത്തിലേക്കു നയിച്ചതെന്നുമാണ് വിദ്യാർഥി സംഘടനകൾ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. മറുവശത്ത് അരോപണങ്ങള്‍ തള്ളി കാഞ്ഞിരപ്പള്ളി രൂപത രംഗത്തെത്തിയിട്ടുമുണ്ട്. കോളജില്‍ ചില തല്‍പരകക്ഷികള്‍ കൃത്യമായ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്നുവെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെന്നും വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.

ഇപ്പോഴിതാ ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പ്രതികരണവുമായി അവതാരക ജുവൽ മേരി രംഗത്തെത്തുകയാണ്. അടിച്ചേൽപ്പിക്കപ്പെട്ട മോറൽ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്. ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ വിടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ജുവൽ മേരി പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് പ്രതികരണം പങ്കുവച്ചത്.

‘15 വർഷം മുമ്പ് 5 ലക്ഷം രൂപ ലോണെടുത്ത് സ്വാശ്രയ മാനേജ്മെന്റ് കോളജിൽ പഠിച്ച വിദ്യാർഥിയാണ് ഞാൻ. വിരലിൽ എണ്ണാവുന്ന സൗഹൃദങ്ങൾ ഒഴിച്ചാൽ വലിയ പാഠങ്ങളോ നല്ല അനുഭവങ്ങളോ എനിക്ക് കിട്ടിയിട്ടില്ല. പല തരത്തിലുള്ള അപമാനങ്ങളും പഠന കാലത്ത് ഏറ്റുവാങ്ങേണ്ടി വന്നു. കഷ്ടപ്പെട്ട് നരകിച്ചാണ് ഞാൻ പഠനം പൂർത്തിയാക്കിയത്. ഒരു ഞായറാഴ്ച ഹോസ്റ്റലിൽ ഞാനും കുറച്ചു സുഹൃത്തുക്കളും മാഗസിൻ വായിക്കുകയായിരുന്നു. ഞായറാഴ്ച പകലാണ്, വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ഓർക്കണം. ആ സമയം അതുവഴി കടന്നുപോയ ഒരാൾക്ക് ഞങ്ങളെ കണ്ടിട്ട് ലെസ്ബിയൻ ആണെന്ന് തോന്നി. അന്ന് 19 വയസുണ്ടായിരുന്ന എനിക്ക് ശരിക്കും അതിന്റെ അർഥങ്ങൾ പോലും മനസിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

സ്വവർഗാനുരാഗം എന്ന ക്രിമിനൽ കുറ്റവും തലയിൽ വച്ചു കെട്ടി പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. എന്റെ കൂടെയുള്ള കുട്ടിക്ക് ലെസ്ബിയന്റെ അർഥം പോലും അറിയില്ല. സെക്ഷ്വലി ഇമ്മോറലായി പെരുമാറി എന്ന ആരോപണം എനിക്കെതിരെ വന്നു. അതിഭീകരമായ കേട്ടാലറയ്ക്കുന്ന ലൈംഗിക ചുവയോടെയുള്ള വാക്കുകൾ ഞങ്ങൾക്ക് കേൾക്കേണ്ടി വന്നു. കള്ളി, ഈവിൾ സ്പിരിറ്റ്, പറഞ്ഞാൽ കേൾക്കാത്തവൾ, മാനസിക പ്രശ്നമുള്ളവർ എന്നൊക്കെ പറഞ്ഞ് അപമാനിച്ചു. അവർക്കും പിന്നെ പറഞ്ഞ കാര്യങ്ങൾ ഇവിടെ പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അങ്ങേയറ്റം ക്ഷമിച്ചാലും നമ്മളെ ഞെക്കിപ്പിഴിഞ്ഞ് വീണ്ടും അവർ മാനസികമായി തളർത്തി. അവർ പറയുന്നതു പോലെ അവർ വരച്ച വരയിൽ നിന്ന് ചിന്തിക്കുന്ന ആളുകളാക്കി മാറ്റുകയാണ് ലക്ഷ്യം. ഡെമോക്രസി എന്ന വാക്ക് കോംപൗണ്ടിൽ പുറത്തെവിടെയോ കളഞ്ഞിട്ടാണ് അകത്തേക്ക് കയറുക. ഒന്നു പ്രതികരിക്കാൻ പോലും ശേഷിയില്ലാത്ത വ്യക്തികളായി വാർത്തെടുക്കപ്പെടുകയാണ് നമ്മൾ. നരകിച്ച് പഠിച്ച ആ നാല് വർഷം കൊണ്ട് ആങ്സൈറ്റിയും ആത്മഹത്യാ പ്രവണതയുമെല്ലാമുണ്ടായി. പിന്നീടാണ് സർവൈവൽ മോഡ് എന്നഅവസ്ഥയിലേക്കെത്തി. ’.– ജുവൽ മേരി

‘ഇപ്പോൾശ്രദ്ധ എന്നുള്ള പെൺകുട്ടി ഇതുപോലെയുള്ള അതി ക്രൂരമായ ഹരാസ്മെന്റ് കൊണ്ട് മരണപ്പെട്ടു കഴിഞ്ഞു. ഷീ കമ്മിറ്റഡ് സൂയിസൈഡ്. കുറച്ച് കാലം കഴിയുമ്പോൾ ഒരു ജോലിയെല്ലാം വാങ്ങി അവൾക്കിഷ്ടമുള്ള പോലെ പാറിപ്പറക്കേണ്ട പെൺകുട്ടിയാണ്. അടിച്ചേൽപ്പിക്കപ്പെടുന്ന മോറൽ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്. ഡിയർ പാരന്റ്സ് നിങ്ങളോട് ഇത്രയേ പറയാനുള്ളൂ, കോളജിൽ നിങ്ങൾ കാശ് കൊടുത്ത് എജ്യൂക്കേഷൻ വാങ്ങുവാണ്. അതിൽ കൂടുതൽ ഭയ ഭക്തി ബഹമുമാനത്തിന്റെയോ കമ്മിറ്റ്മെന്റിന്റെയോ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ആരാണ് നിങ്ങളുടെ കുട്ടികളുടെ ലൈഫിന്റെ മൊറാലിറ്റി ഡിക്റ്റേറ്റ് ചെയ്യാൻ അവർക്ക് അനുവാദം നൽകിയത്. നിങ്ങൾ തന്നെയാണ്. അവളെ നന്നാക്കണം എന്ന ഉത്തരവാദിത്തം എന്തിനാണ് ഏൽപ്പിക്കുന്നത്. അവൾ പഠിച്ചിട്ടു വരട്ടെ. ഇത്തരം ക്രൂരതകളെ ഇനിയെങ്കിലും ഡിസിപ്ലിൻ എന്ന എന്ന പേര് കൊണ്ട് അലങ്കരിക്കാതിരിക്കട്ടെ. അധ്യാപനവും ഡിസിപ്ലിനും മര്യാദകളുമൊക്കെ ലംഘിച്ചുകൊണ്ട് ക്രൂരതയുടെയും സാഡിസത്തിന്റെയും അവരുടെ ഉള്ളിലുള്ള ഫ്രസ്ട്രേഷന്റേയും ചാനലായി നിലകൊള്ളുന്ന ഒരുപാടു പേരുണ്ട്. ശ്രദ്ധയ്ക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാ വിദ്യാർഥികൾക്കും പൂർണ പിന്തുണ.’–ജുവൽ മേരി പറയുന്നു.