Saturday 07 December 2019 03:20 PM IST

ഐടി ഫ്രണ്ട്ഷിപ്പിൽ നിന്നൊരു ത്രില്ലർ ഷോർട് ഫിലിം– ‘ജ്യൂവൽ’; പ്രണയദിനത്തിൽ പുറത്തിറങ്ങും!

Sreerekha

Senior Sub Editor

jewel889

സിനിമ പോലൊരു ത്രില്ലർ ഷോർട്ട് ഫിലിമുമായി എത്തുകയാണ് തിരുവനന്തപുരം ഇൻഫോസിസിലെ സിനിമാ പ്രേമികളായ ഒരുകൂട്ടം ‘ടെക്കി ഫ്രണ്ട്സ്. ‘ജ്യൂവൽ’ എന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ഇംഗ്ലിഷ് ഷോർട് ഫിലിം ഒരുക്കിയിരിക്കുന്നത്, മുൻപ് പേക്ഷകശ്രദ്ധ കവർന്ന ‘കപ്പൂച്ചിനോ’, ‘ഇശൽ’ എന്ന ഷോർട് ഫിലിമുകൾ ഒരുക്കിയ നിതിൻ നന്ദകുമാറും കൂട്ടുകാരും ആണ്. 

ഉടനെ തന്നെ ഒരു ഫീച്ചർ ഫിലിം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിതിൻ. സിനിമയിലേക്കുള്ള വഴിയിലെ അനുഭവപരിചയം കൂടി ലക്ഷ്യമിട്ടാണ് ത്രില്ലർ മൂഡിലുള്ള ‘ജ്യൂവൽ’ ചെയ്തതെന്ന് നിതിൻ പറയുന്നു. സാധാരണ ഹ്രസ്വചിത്രങ്ങളെക്കാളും സിനിമയോട് വളരെ അടുത്തു നിൽക്കുന്നുവെന്നതാണ് ‘ജ്യൂവലി’ന്റെ പ്രത്യേകത. 

ഇംഗ്ലിഷിൽ ചെയ്യാൻ കാരണം ഇതിന്റെ പ്രമേയം ലോകപ്രശസ്തമായ പാശ്ചാത്യ ക്ലാസിക് നോവലിൽ നിന്നുള്ള അഡാപ്റ്റേഷനാണെന്നതാണ്. തിയേറ്ററിൽ പ്ലേ ചെയ്യാനുള്ള സൗണ്ട് ക്ലാരിറ്റിയോടെയാണ് ഷോർട് ഫിലിം ചെയ്തിരിക്കുന്നത്. സിനിമാ ഷൂട്ടിങ്ങിനുപയോഗിക്കുന്ന സാങ്കേതിക മേന്മയേറിയ ആരി അലെക്സാ എക്സ് ടി മൂവി ക്യാമറ ഉപയോഗിച്ച് സ്റ്റുഡിയോയിൽ വച്ച് ഷൂട്ട് ചെയ്ത ഗാനരംഗവും ഷോർട് ഫിലിമിന്റെ ഹൈലൈറ്റാണ്. 

തിരുവനന്തപുരം, വാഗമൺ, ഫോർട്ട് കൊച്ചി ഇവിടങ്ങളിലായിരുന്നു ഷൂട്ടിങ്. സിനിമ പോലെ  തന്നെ ടീസർ റിലീസും സോങ് റിലീസും ഉണ്ട്. തിരുവനന്തപുരം മാൾ ഒാഫ് ട്രാവൻകൂറിലെ കാർണിവൽ  തിയറ്ററിൽ ഡിസംബർ അഞ്ചിന് ജ്യൂവലിന്റെ പ്രിമിയർ ഷോ ഒരുക്കി. ഐടി രംഗത്തെ സുഹൃത്ത് വഴി ആസ്ട്രേലിയയിൽ മെൽബണിലെ തിയേറ്ററിലും പ്രിമിയർ ഷോ സംഘടിപ്പിക്കുന്നുണ്ട്. 

‘ജ്യൂവലി’ന്റെ പ്രത്യേകത, ഒരേ ഓഫിസിൽ ജോലി ചെയ്യുന്നതിനിടെ സിനിമാ സ്വപ്നങ്ങൾ പങ്കുവച്ച കൂട്ടുകാരാണ് ഇതിന്റെ പിന്നിലെ ക്രൂ എന്നതാണ്.  എട്ടു വർഷം പഴക്കമുണ്ട് സിനിമാ ക്രേസിന്റെ അടിത്തറയുള്ള ഈ ചങ്ങാത്തത്തിന്. ഒന്നിച്ചിരുന്നു സ്വപ്നങ്ങൾ മെനഞ്ഞ ചങ്ങാതിമാരിൽ ചിലർ മറ്റ് െഎടി  സ്ഥാപനങ്ങളിലേക്കു ചേക്കേറിയെങ്കിലും ഷോർട് ഫിലിമിന്റെ അണിയറയിൽ വീണ്ടും ഒന്നു ചേരുകയായിരുന്നു. ക്രിയേറ്റിവ് ടീമിലെ 11 പേരിൽ ആറു പേർ ഇൻഫോസിസിൽ ജോലി ചെയ്യുന്നവരും ബാക്കി അഞ്ചു പേർ എക്സ് – ഇൻഫോസിസ് സ്റ്റാഫും ആണ്. 

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, എഡിറ്റിങ്, സിനിമാട്ടോഗ്രഫി, സംഗീതം ഇങ്ങനെ ക്യാമറയ്ക്കു മുന്നിലും പിന്നിലും വിവിധ മേഖലകളെല്ലാം ചെയ്തിരിക്കുന്നത് ഫ്രണ്ട്സ് ഗ്യാങ്ങിലെ അംഗങ്ങൾ തന്നെ. സോഫ്റ്റ് വെയർ എൻജിനീയറായ നിതിൻ നന്ദകുമാർ കഥ, തിരക്കഥ, സംവിധാനം ഇവയ്ക്കൊപ്പം സിനിമാട്ടോഗ്രഫി, എഡിറ്റിങ് ഇവ കൂടി നിർവിക്കുന്നു. കേന്ദ്രകഥാപാത്രമായ ജ്യൂവൽ ആയി അഭിനയിക്കുന്നത് മിനു ജേക്കബ് ആണ്. സരിൻ, ജേക്കബ് ചെത്തിമറ്റം, മഹേഷ് നായർ, നിമിഷ സണ്ണി, മനു മാധവൻകുട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാകേഷ് കേശവൻ ആണ് സംഗീതം. ചിത്രത്തിലെ ‘ജ്യൂവൽ ഫോറെവർ’ എന്ന ഗാനത്തിന്റെ രചന മിനു ജേക്കബ് ആണ്. സംഭാഷണം ഉണ്ണി ഉദയകുമാർ. നിർമാണവും കൂട്ടുകാരുടെ പങ്കാളിത്തത്തിലാണ്. മിഥുൻ ഹരി, ഉണ്ണി ഉദയകുമാർ, നിതിൻ ഇവരാണ് നിർമാണം.   

‘‘കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച്, മാജിക്കൽ റിയലിസത്തിലൂടെ കഥ പറയാനാണ് ഇതിൽ ശ്രമിച്ചിരിക്കുന്നത്. ഒരു മിസ്റ്ററി വേൾഡിൽ നടക്കുന്ന കഥയാണ്. അധികം വൈകാതെ ഒരു മൂവി ചെയ്യാനുള്ള ഒരുക്കത്തിലാണു ഞാൻ. തിരക്കഥ റെഡിയായിക്കഴിഞ്ഞു.  അതിനിടയിൽ കിട്ടിയ ഗ്യാപ്പിലാണ് ‘ജ്യൂവൽ’ ഒരുക്കിയത്. ഷോർട് ഫിലിമിന്റെ അതേ ഫോർമാറ്റിലും മൂഡിലും ഉള്ള ത്രില്ലർ മൂവിയാണ് ചെയ്യാനാശിക്കുന്നത്. ’’ സംവിധായകൻ നിതിൻ പറയുന്നു.

സോഫ്റ്റ് വെയർ എൻജിനീയറുെട ജോലിയും സിനിമയും എങ്ങനെ ഒരുമിച്ചു പോകുമെന്നാണ് നിതിനോട് എല്ലാവരും ചോദിക്കുന്നത്. സിനിമയുടെ പേരിൽ ജോലിയിൽ ഉഴപ്പാനൊന്നും പറ്റില്ലെന്ന് നിതിൻ പറയുന്നു. ‘‘ജോലി നല്ല നീറ്റായി തന്നെ ചെയ്യണം. തിങ്കൾ – വെള്ളി രാവിെല 9 മുതൽ വൈകിട്ട് 7 വരെയാണു ജോലി ടൈം. ശനി, ഞായർ ദിവസങ്ങളിലും ജോലി ദിവസം രാത്രിയിലും ആയിരുന്നു സിനിമാ ചർച്ചയും ഷൂട്ടിങ്ങും. വർകിങ് ഡെയ്സിൽ ജോലി സമയം കഴിഞ്ഞിട്ട് നൈറ്റ് ഷൂട്ടിങ്ങിനു സമയം കണ്ടെത്തി. ഒാഫീസിൽ ഒരു മൂവി ക്ലബ് ഉണ്ട്. പിന്നെ കൊളീഗ്സും ബോസും എല്ലാം കട്ട സപ്പോർട്ട് ആയതിനാൽ നോ പ്രോബ്ലം...’’  

ആകെ 10 ദിവസം ഷൂട്ട് ഉണ്ടായിരുന്നു ഷോർട് ഫിലിമിന്. ഏറ്റവും ത്രില്ലിങ് എക്സ്പീരിയൻസ്, ത്രീ ഡോട്ട്സ് സ്റ്റുഡിയോയിൽ സോങ് ഷൂട്ട് ചെയ്തതാണെന്ന് നിതിൻ. സിനിമാ ഷൂട്ടിങ് പോലെ തന്നെ വലിയ ക്രൂ ഉണ്ടായിരുന്നു. സോങ് ഷൂട്ടിങ് വലിയ അനുഭവപരിചയമാണു സമ്മാനിച്ചത്. ഇതുവരെ ഒരു സിനിമയിലും നിതിൻ അസിസ്റ്റ് ചെയ്തിട്ടില്ല. സിനിമാ ഷൂട്ടിങ് കണ്ടിട്ടു പോലും ഇല്ല. ഷോർട് ഫിലിം ചെയ്ത് സിനിമ പഠിക്കുകയാണു നിതിൻ തിരഞ്ഞെടുത്ത വഴി. സിനിമ ചെയ്യുകയെന്നതാണ് എല്ലാവരേയും പോലെ നിതിന്റെയും ഡ്രീം. പക്ഷേ, കരിയർ വിട്ടുള്ള റിസ്ക് തല്ക്കാലം ഇല്ല. ലീവെടുത്ത് ഫീച്ചർ ഫിലിം ചെയ്യാനുദ്ദേശിക്കുന്നു. ഫെബ്രുവരി 14–ന് വലന്റൈൻസ് ഡേയ്ക്ക് ‘ജ്യൂവൽ’ യൂട്യൂബിൽ റിലീസ് ചെയ്യാനാണ് പ്ലാൻ.  

jeweliiuy
Tags:
  • Movies