Friday 10 July 2020 03:42 PM IST : By സ്വന്തം ലേഖകൻ

ആയുർവേദ യോഗ കുറച്ചത് 20 കിലോ! ഒപ്പം ഒരു കിടിലൻ പച്ചക്കറിത്തോട്ടവും ഒരുക്കി

joju-george

സ്വന്തം വീട്ടിൽ പച്ചക്കറിത്തോട്ടം ഒരുക്കി നടൻ ജോജു ജോർജ്. താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ഇതിനോടകം വൈറൽ ആണ്. ഒപ്പം വയനാട്ടിലെ ആയുർവേദ ചികിത്സ തന്റെ ജീവിത ശൈലി മാറ്റിയതിനെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. 20 കിലോ ശരീര ഭാരമാണ് താരം ആയുർവേദ യോഗയിലൂടെ കുറച്ചത്. ഡോ.വിപിന് താരം നന്ദി പറയുന്നു.

പച്ചക്കറി തോട്ടം ഒരുക്കാൻ ജോജുവിന് പ്രേരണയായത് തിരക്കഥാകൃത്ത് സജീവ് പാഴൂരാണ്. സ്വന്തം വീട്ടിലും അതേ മാതൃകയില്‍ ജോജു അടുക്കളത്തോട്ടം ഒരുക്കി. മീന്‍ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ രണ്ടു പശുക്കളും മൂന്നു പട്ടികളും 35 കോഴികളും ഒക്കെയുള്ള ഒരു മിനി ഫാം ആണ് ജോജുവിന്റെ വീട്.

‘മാര്‍ച്ചിലെ ലോക്ഡൗണോടെയാണ് ഞാനിതു തുടങ്ങിയത്. ഈ ആശയത്തിന് കടപ്പാട് സജീവ് പാഴൂരിനോടാണ്. അദ്ദേഹത്തിന് ഒരു കിടു അടുക്കളത്തോട്ടമുണ്ട്. ഈ ലോക്ഡൗണില്‍ അദ്ദേഹം പച്ചക്കറിയോ മത്സ്യമോ പുറത്തു നിന്നു വാങ്ങിയിട്ടില്ല. എനിക്കിപ്പോള്‍ രണ്ടു വെച്ചൂര്‍ പശുക്കളുണ്ട്. ഒരു ആട്, നാടന്‍ കോഴികള്‍, മത്സ്യം... പിന്നെ കുറെ പച്ചക്കറികള്‍. ഇതൊരു പുതിയ തുടക്കമാണ്. അപ്പനും അമ്മയ്ക്കും പിള്ളേര്‍ക്കും നല്ല ആഹാരം കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ വീടുകളിലും ഇതു തുടങ്ങിയാലോ...’ ജോജു കുറിച്ചു.