Thursday 27 September 2018 03:48 PM IST

താമര ഷിബു അഥവാ ജോമോളുടെ അനുജൻ! ക്യാമറ കണ്ടാൽ പേടിക്കുന്ന കുട്ടി നടനായ കഥ

V.G. Nakul

Sub- Editor

jomon

‘മാംഗല്യം തന്തുനാനേന’ കണ്ടവരോടു ചോദിക്കാം: ‘‘ താമര ഷിബുവിനെ ഓർമ്മയുണ്ടോ ?’’ എന്ന്. എങ്ങനെ മറക്കാൻ. നായകനായ റോയിയുടെ ജീവിതത്തിലെ നിരവധി പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണല്ലോ ഈ ഷിബു. എന്തായാലും സിനിമ കണ്ടവർ പരസ്പരം പറഞ്ഞു തുടങ്ങി: ‘‘കുറച്ചേ ഉള്ളെങ്കിലും പയ്യൻ കൊള്ളാം...’’

ആ കൗതുകത്തിന്റെ തുമ്പിൽ പിടിച്ച്, ഗ്ലാമറുള്ള വില്ലനായി പ്രേക്ഷകരുടെ ‘കണ്ണിൽപ്പെട്ട’ ഈ യുവനടനെ തേടിയുള്ള അന്വഷണം എത്തിനിന്നത് അതിലും രസകരമായ ചിലതിലാണ്.

താമര ഷിബുവായി തിളങ്ങിയ ജോമോൻ എന്ന പേരിലെ സാമ്യത്തിന്റെ പിന്നാല അന്വേഷിച്ചു പോയപ്പോൾ ചെന്നു നിന്നത് നടി ജോമോളിൽ. മലയാളികളുടെ പ്രിയ നടി ജോമോളുടെ കുഞ്ഞനിയനാണ് കക്ഷി.

‘‘പേര് കേൾക്കുമ്പോൾ കോമഡിയാണെന്ന് തോന്നുമെങ്കിലും ഷിബു ആള് സീരിയസാണ്... ’’കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയതും ജോമോന്റെ വാക്കുകളിൽ ആവേശം. കെ.ബി മധു സംവിധാനം ചെയ്ത ‘ബ്ലാക്ക് ബെറി’യിൽ നായകനായാണ് സിനിമയിൽ ജോണിന്റെ തുടക്കം. തുടർന്ന് സൂരജ് ടോമിന്റെ ‘പാവ’. മൂന്നാമത്തെ സിനിമയാണ് ‘മാംഗല്യം തന്തുനാനേന’.

jo2

‘‘അഭിനയിക്കണമെന്ന ആഗ്രഹം കുറച്ച് കാലമായി ഉണ്ട്. ആദ്യത്തെ രണ്ട് സിനിമകളും പ്രതീക്ഷിച്ച പോലെ ശ്രദ്ധിക്കപ്പെട്ടില്ല. അതു കൊണ്ടു തന്നെ ഇനി ഒരു നല്ല കഥാപാത്രം വന്നിട്ട് ചെയ്യാം എന്നു കരുതി. ആളുകൾ ‘എന്താ, ആരാ’ എന്നൊന്നും ചോദിക്കരുതല്ലോ. ഇതിനിടയിൽ പല അവസരങ്ങളും വന്നെങ്കിലും ഒന്നിലും താത്പര്യം തോന്നിയില്ല’’.

‘മാംഗല്യം തന്തുനാനേന’ യുടെ സംവിധായക സൗ സദാനന്ദൻ ജോമോന്റെ കുടുംബ സുഹൃത്താണ്. സൗമ്യ സിനിമ ചെയ്യുന്നു, അതിലേക്ക് പുതിയ ആളുകളെ നോക്കുന്നു എന്നറിഞ്ഞപ്പോൾ പറ്റിയ അവസരം വന്നാൽ വിളിക്കണമെന്നു പറഞ്ഞിരുന്നു. അങ്ങനെയാണ് ഓഡീഷന് പോയതും, താമര ഷിബുവായി മാറുന്നതും.

‘‘ചേച്ചി സിനിമയിൽ സജീവമായിരുന്ന കാലത്ത് ബാലതാരമായും മറ്റും അവസരങ്ങള്‍ വന്നു. പക്ഷേ അന്നൊക്കെ ക്യാമറ കാണുന്നത് തന്നെ എനിക്ക് പേടിയായിരുന്നു. അത് കാരണം പല സിനിമകളും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചാറ് വർഷത്തിനുള്ളിലാണ് ‘വൈ നോട്ട് ?’ എന്ന് തോന്നിത്തുടങ്ങിയത്. എന്റെ ഏജ് ഗ്രൂപ്പിലുള്ള പലരും സിനിമയിലേക്ക് വന്നതോടെ ശ്രമിക്കാം എന്ന് തോന്നി. മധുച്ചേട്ടനുമായി നേരത്തേ പരിചയമുണ്ട്. അവസരം വന്നാൽ അറിയിക്കാമെന്ന് പറഞ്ഞിരുന്നു. ‘ബ്ളാക്ക് ബെറി’ക്ക് വേണ്ടി അദ്ദേഹം പുതിയ ആളുകളെ തിരഞ്ഞപ്പോൾ എന്നെ പരിഗണിക്കുകയായിരുന്നു’’.

jo1

‘മാംഗല്യം തന്തുനാനേന’യിൽ നായകനായ കുഞ്ചാക്കോ ബോബനൊപ്പമായിരുന്നു ജോമോന്റെ മിക്ക സീനുകളും.

‘‘ചേച്ചി അഭിനയിക്കുന്ന കാലം മുതൽ ചാക്കോച്ചനെ അറിയാം. നല്ല സപ്പോർട്ടായിരുന്നു’’. സിനിമ കണ്ട് ധാരാളം പേർ വിളിക്കുന്നു. തിയേറ്ററിൽ വച്ച് ആളുകൾ തിരിച്ചറിയുന്നു. കൈ തരുന്നു. എല്ലാം പുതിയ പുതിയ അനുഭവങ്ങൾ.

‘‘കുടുംബത്തിൽ എല്ലാവരും ആദ്യ ദിവസം തന്നെ സിനിമ കണ്ടു. സിനിമയും കഥാപാത്രവും ഇഷ്ടപ്പെട്ടു. കഥാപാത്രത്തോടൊപ്പം സിനിമയും ഇഷ്ടപ്പെടുകയെന്നത് പ്രധാനമാണല്ലോ. രണ്ടും ഒത്തുവരുമ്പോഴാണല്ലോ പ്രേക്ഷകർ ശ്രദ്ധിക്കുക’’.

ഭാര്യ ചിന്നുവിനൊപ്പം എറണാകുളത്താണ് ഇപ്പോൾ ജോമോൻ താമസം.