Monday 11 June 2018 10:29 AM IST : By സ്വന്തം ലേഖകൻ

‘കാലായുടെ ജീപ്പ് ഇനി ആനന്ദ് മഹീന്ദ്രയുടെ മ്യൂസിയത്തിൽ വിശ്രമിക്കും’; വാക്കു പാലിച്ച് ധനുഷ്

mahindra-kaala

ബോക്സ് ഓഫീസ് കണക്കു പുസ്തകങ്ങൾ പുതിയ റെക്കോഡുകൾ എഴുതി ചേർത്ത് രജനിയുടെ ‘കാലാ’ കുതിക്കുകയാണ്. കറുപ്പിന്റെ പകയും പ്രണയവും പ്രതികാരവും പറയുന്ന ചിത്രം പ്രേക്ഷക പ്രീതിയിലും മുന്നിൽ തന്നെ.

ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ രജനിയുടെ സോൾട്ട് ആൻഡ് പെപ്പർ ലുക്കും സ്റ്റൈലുമെല്ലാം പ്രേക്ഷകരെ കൈയ്യിലെടുത്തിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രജനിയോടൊപ്പം പ്രത്യക്ഷപ്പെട്ട നായ വരെ ആരാധകർക്ക് പ്രിയപ്പെട്ടതായി. ഇപ്പോഴിതാ കരികാലന്റെ വാഹനമായ മഹീന്ദ്ര ഥാർ ജീപ്പിനെ ചുറ്റിപ്പറ്റിയാണ് പുതിയ വാർത്ത. കരികാലന്റെ വാഹനമായ ഥാര്‍ ജീപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ തന്നെ രജനികാന്ത് ഉപയോഗിക്കുന്ന ജീപ്പ് തരംഗമായിരുന്നു. മഹീന്ദ്രയുടെ ഥാര്‍ ജീപ്പിലാണ് കാലായിൽ രജനിയുടെ കറക്കം. ഥാര്‍ ജീപ്പിന് മുകളില്‍ രജനികാന്ത് ഇരിക്കുന്ന പോസ്റ്റര്‍ പുറത്തുവന്നതോടെ ജീപ്പിനും കമ്പക്കാരേറി.

kaala-mid

ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ആനന്ദ് മഹീന്ദ്ര ചിത്രത്തിന്റെ നിര്‍മാതാവായ ധനൂഷിനോട് ചിത്രീകരണത്തിന് ശേഷം ജീപ്പ് തന്റെ ഒാട്ടോ മ്യൂസിയത്തിലേക്ക് നല്‍കാമോയെന്ന് ചോദിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആവശ്യമുന്നയിച്ചത്. ചിത്രീകരണത്തിന് ശേഷം ജീപ്പ് അദ്ദേഹത്തിന്റെ മ്യൂസിയത്തിലേക്ക് നല്‍കാമെന്ന് ധനൂഷ് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

ചിത്രം തിയറ്ററിലെത്തിയപ്പോള്‍ ധനൂഷ് വാക്ക് പാലിച്ചു. കാലാ തരംഗം ലോകമെമ്പാടും ആരവമുയര്‍ത്തുമ്പോള്‍ സൂപ്പര്‍ സ്റ്റാറിന്റെ വാഹനം ആനന്ദ് മഹീന്ദ്രയുടെ കയ്യിലെത്തി. ആ വലിയ ആഗ്രഹം സ്വന്തമാക്കിയ ശേഷം ചിത്രത്തില്‍ രജനിയെ പോലെ അദ്ദേഹവും വാഹനത്തിന് മുകളില്‍ ഇരുന്ന് ഒരു വിഡിയോയും പോസ്റ്റ് ചെയ്താണ് വാഹനം സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്.

മുന്‍പ് രൂപമാറ്റം വരുത്തിയ ഒാട്ടോറിക്ഷയും അദ്ദേഹം തന്റെ മ്യൂസിയത്തിലേക്ക് വാങ്ങിയിരുന്നു. ഒാട്ടോറിക്ഷ സ്കോര്‍പിയോയുടെ രൂപത്തിലേക്ക് മാറ്റിയതാണ് അന്ന് അദ്ദേഹത്തെ ആകര്‍ശിച്ചത്. ഇപ്പോഴിതാ കാലായും.