Thursday 17 May 2018 04:37 PM IST

ജീവാംശമായി സംഗീതം! തീവണ്ടിയിലെ സംഗീത സംവിധായകൻ കാത്തിരുന്നത് പത്തു വർഷം

V.G. Nakul

Sub- Editor

KAilas_2

ക്ഷമയോടെ കാത്തിരിക്കുക. നിരാശരാകാതെ നിങ്ങളുടെ ലക്ഷ്യത്തിലേക്കു മനസ്സും ചിന്തയും കേന്ദ്രീകരിക്കുക. വൈകിയാണെങ്കിലും നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും കടുത്ത മത്സരമുണ്ടങ്കിലും കഴിവുള്ളവർ അംഗീകരിക്കപ്പെടുന്ന സിനിമാ മേഖലയിൽ. അതിനു നിരവധി ഉദാഹരണങ്ങളുണ്ട്. ഒടുവിലത്തെ ആളാണ് കൈലാസ് മേനോൻ. പേരു കേട്ടാൽ പെട്ടെന്ന് മിക്കവർക്കും അത്ര പരിചയമുണ്ടാകില്ല. ഒന്നുകൂടെ വ്യക്തമാക്കാം. ആസ്വാദക ഹൃദയങ്ങളിൽ പ്രണയത്തിന്റെ സുഗന്ധം നിറയ്ക്കുന്ന ‘ ജീവാംശമായ് താനേ .... ’ എന്ന മധുര ഗാനം മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ യുവ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ.

ടൊവിനൊ തോമസ് നായകനാകുന്ന തീവണ്ടിയിലെ ഈ മനോഹര ഗാനം ഹിറ്റ് ചാർട്ടുകളിൽ ഒന്നാം നിരയിലുണ്ട്. എല്ലാ വിഭാഗം കേൾവിക്കാരെയും ഒരേ പോലെ ആകർഷിച്ച് ട്രെൻഡ് സെറ്ററായി മാറിയ ‘ ജീവാംശമായ് ’ കൈലാസിന്റെ വർഷങ്ങളോളം നീണ്ട കഠിന പ്രയത്നത്തിന്റെ ഫലമാണ്. സംഗീത മേഖലയിൽ സ്വന്തമായ ഒരിടം സ്വപ്നം കണ്ടു തുടങ്ങിയ കാലത്താണ് കൈലാസിന് സിനിമയിൽ ആദ്യ അവസരം ലഭിക്കുന്നത്. 2008 – ൽ കലാഭവൻ മണി നായകനായ കേരളാ പൊലീസായിരുന്നു ചിത്രം. വലിയ പ്രതീക്ഷയോടെയാണ് പാട്ടുകളൊരുക്കിയത്. പക്ഷേ സിനിമയിറങ്ങിയപ്പോള്‍ അതിൽ പാട്ടുകളുണ്ടായിരുന്നില്ല. ഓഡിയോയും റിലീസായില്ല. വിഷമം തോന്നിയെങ്കിലും കാര്യമാക്കിയില്ല.

പിന്നീട് പരസ്യചിത്ര മേഖലയിലേക്കു ചുവടു മാറ്റി. നീണ്ട പത്തു വർഷം. ആയിരത്തോളം പരസ്യ ചിത്രങ്ങൾക്ക് വ്യത്യസ്ത ശൈലികളിൽ സംഗീതമൊരുക്കി. 2011 – ൽ ജയരാജ് സംവിധാനം ചെയ്ത ‘പകർന്നാട്ട’ത്തിനു സംഗീതം പകർന്നെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. വീണ്ടും പരസ്യങ്ങളുടെ ലോകത്തേക്ക്.

‘‘ അതിനിടെ സിനിമയ്ക്കായി ശ്രമിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് സുഹൃത്തായ ആൽബി സംവിധാനം ചെയ്ത സ്റ്റാറിംഗ് പൗർണ്ണമിയിലെ പാട്ടുകളൊരുക്കിയത്. സംഗീതത്തിനു വലിയ പ്രാധാന്യമുള്ള പ്രണയ കഥയായിരുന്നു. ആറു പാട്ടുകളായിരുന്നു മൊത്തം. അതിലൊന്ന് അഞ്ചു മിനിട്ടോളം ദൈർഘ്യമുള്ള ഇൻസ്ട്രമെന്റൽ ഫ്യൂഷനും. ആ സിനിമ പാതിയിൽ മുടങ്ങി. പാട്ടുകളും റിലീസായില്ല. വീണ്ടും വീണ്ടും പരാജയങ്ങൾ ....’’ കൈലാസ് ചിരിയോടെ തുടർന്നു

‘‘ ആദ്യത്തെ പാട്ടിറങ്ങിയിരുന്നുവെങ്കിൽ ചിലപ്പോൾ ശ്രദ്ധിക്കപ്പെടുമായിരുന്നു. പക്ഷേ ആ സമയത്തെ പരിചയ സമ്പത്തിൽ നിന്നും വീണ്ടും നല്ല പാട്ടുകളുണ്ടാകുമായിരുന്നോ എന്നതിൽ സംശയമുണ്ട്. അതിനു ശേഷം പരസ്യ മേഖലയിൽ നിന്നു ലഭിച്ച അനുഭവങ്ങളാണ് എനിക്കു വലിയ ആത്മ വിശ്വാസം നൽകിയത്. അതാണ് ഇപ്പോഴത്തെ മൂലധനം. ഞാനാരോടും അവസരങ്ങൾ ചോദിച്ചിട്ടില്ല. പരസ്യങ്ങൾ ധാരാളം കിട്ടുന്നുണ്ടായിരുന്നു. എപ്പോഴും അതിന്റെ തിരക്കുകളിലായിരുന്നു. എന്റെ സംഗീതം ഇഷ്ടമായി ഒരാൾ എന്നെ തേടി വരണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു. അപ്പോഴേ അതിനു വിലയുണ്ടാകൂ എന്നു കരുതി. ഇടയ്ക്കെപ്പോഴോ ആ ധാരണ തെറ്റാണെന്നു തോന്നിയിരുന്നു. കാരണം വർഷങ്ങളിങ്ങനെ കടന്നു പോകുകയാണല്ലോ. ഇനി ഒരവസരം കിട്ടാൻ ആൽബിയുടെ അടുത്ത സിനിമ വരെ കാത്തിരിക്കണമെന്നു തോന്നിയപ്പോഴാണ് തീവണ്ടിയിലേക്കു വിളിക്കുന്നത്. ’’– കടന്നു വന്ന വഴികളെക്കുറിച്ച് കൈലാസ് പറയുന്നു.

കൈലാസിന്റെ സുഹൃത്താണ് തീവണ്ടിയുടെ സംവിധായകൻ ഫെല്ലിനി. സ്റ്റാറിംഗ് പൗർണ്ണമിയിലെ പാട്ടുകൾ ഫെല്ലിനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. 2013 – ൽ ഫെല്ലിനി സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രത്തിനു സംഗീതം പകർന്നത് കൈലാസാണ്. നാലഞ്ചു വർഷമായി സിനിമ ചെയ്യാനുള്ള പരിശ്രമത്തിലായിരുന്നു ഫെല്ലിനി. ടൊവിനോയുമായുള്ള പരിചയം ഒടുവിൽ തീവണ്ടിയിലെത്തിച്ചു. സ്റ്റാറിംഗ് പൗർണ്ണമിയുടെയും സെക്കൻഡ് ഷോയുടെയും തിരക്കഥാക‌ൃത്തായ വിനി വിശ്വലാലാണ് തീവണ്ടിക്കും തിരക്കഥയെഴുതുന്നത്.

‘‘ സംഗീതത്തിൽ എന്റെയും ഫെല്ലിനിയുടെയും ഇഷ്ടങ്ങൾ ഏകദേശം ഒരേപോലെയാണ്. അതു തന്നെയാണ് ഈ പാട്ടിന്റെ വിജയവും. ജീവാംശംമായ് എന്നാരംഭിക്കുന്ന വരികൾ ഒന്നു രണ്ടു തവണ കേട്ടപ്പോൾ തന്നെ എനിക്കും ഫെല്ലിനിക്കും ഇഷ്ടമായി. അത്രത്തോളം പ്രണയാതുരമായ വാക്കും വരിയുമാണല്ലോ. മറ്റു ചിലർക്ക് ചെറിയ എതിർപ്പുണ്ടായിരുന്നു. ജീവാംശമായ് എന്നത് ജീവനാംശമായ് എന്നൊക്കെയാണ് അവർ കേട്ടകത്. മറ്റൊന്ന് ‘ ജ ’ യിൽ തുടങ്ങുന്ന പാട്ടുകള്‍ മലയാളത്തിൽ താരതമ്യേന കുറവാണ്. അതിലും ചിലർക്കു കല്ലുകടിയുണ്ടായിരുന്നു. ഒരു പക്ഷെ ഈയൊരു വ്യത്യസ്തതയാണ് പാട്ടിന്റെ സവിശേഷതയെന്നു ഞാൻ വിശ്വസിക്കുന്നു. ’’– പാട്ടിനെക്കുറിച്ച് പറയുമ്പോൾ കൈലാസിന് പ്രതീക്ഷകൾ മാത്രം.

രീതിഗൗള രാഗത്തിലാണ് പാട്ട്. ഹരിനാരായണനാണ് രചയിതാവ്. കണ്ടു ഞാൻ മിഴികളിൽ , കൺകൾ ഇരണ്ടാൽ തുടങ്ങി ഈ രാഗത്തിൽ പിറന്ന മിക്ക പാട്ടുകളും ആസ്വാദകരേറ്റെടുത്തവയാണ്. ‘‘ പാട്ട് ആളുകൾക്കിഷ്ടമാകും എന്ന പ്രതീക്ഷയുണ്ടായിരുന്നു. ഈ രാഗത്തിലുള്ള പാട്ടുകൾ ആർക്കും ഇഷ്ടപ്പെടാതിരിക്കാനാകില്ല. അതാണ് ഈ രാഗത്തിന്റെ പ്രത്യേകത. എങ്കിലും യംഗ്സ്റ്റേഴ്സിന് സ്വീകരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. പക്ഷേ അതും വെറുതെയായിരുന്നു. ’’

kailas-3

യുവ ഗായകനായ ഹരിശങ്കറും ശ്രേയാ ഘോഷാലും ചേർന്നാണ് ജീവാംശമായ് ആലപിച്ചിരിക്കുന്നത്. കിസ്മത്തിലെ നിള മണൽത്തരികളി‍ൽ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനാണ് ഹരി. ‘‘ എം.ജി രാധാകൃഷ്ണൻ സാറിന്റെ ബന്ധുവാണ് ഹരി. ക്ലാസിക്കലി ഹൈലി ട്രെയിൻഡാണ്. ഞങ്ങൾ ഇതിനു മുൻപ് ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ല. ഫേസ്ബുക്ക് ലൈവിൽ ഹരിയുെട പാട്ട് കേട്ടിട്ടുണ്ട്. വളരെയേറെ ആത്മവിശ്വാസമുള്ള ഗായകനാണ്. ‘നിള മണൽത്തരികളുടെ’ രണ്ടു വരികളിൽ ഹരി കൊടുത്തിട്ടുള്ള ഫീൽ അത്ര മനോഹരമാണ്. അതു കേട്ടപ്പോൾ തന്നെ എനിക്കിഷ്ടമായിരുന്നു. അങ്ങിനെയാണ് ജീവാംശത്തിന്റെ ട്രാക്ക് പാടാൻ ഹരിയെ വിളിക്കുന്നത്. പാടിക്കഴിഞ്ഞപ്പോള്‍ ഒറിജിനലും ഹരിയുടെ ശബ്ദത്തിൽ തന്നെ മതിയെന്നു തീരുമാനിച്ചു.

ദുരനുഭവങ്ങൾ ധാരാളമുള്ളതിനാൽ പാട്ട് റിലീസാകുന്നതിന്റെ തലേ ദിവസം വരെ താനാണ് പാടിയതെന്ന് ഹരി ആരോടും പറഞ്ഞിരുന്നില്ല. പാടിക്കഴിഞ്ഞപ്പോൾ തന്നെ യാതൊരു സമ്മർത്തിനും വഴങ്ങി പാട്ട് മാറ്റില്ലന്ന് ഹരിക്കു ഞാൻ വാക്കു കൊടുത്തിരുന്നു. ഇത്രയും വർഷം കഴിഞ്ഞ് ഒരു സിനിമ ചെയ്യുമ്പോൾ എനിക്കു തൃപ്തികരമാകുന്ന രീതിയിലാകണം മേക്കിംഗ് എന്നു നിർബന്ധമുണ്ടായിരുന്നു. ഏറ്റവും അവസാനമാണ് ശ്രേയാ ഘോഷാൽ ഈ പാട്ടിന്റെ ഭാഗമാകുന്നത്. മെയിൽ വോയ്സിൽ മാത്രമാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഫീമെയിൽ കൂടി വന്നാൽ റൊമാൻസിന് കുറച്ചു കൂടി ഇന്റൻസിറ്റി വരുമെന്നു തോന്നി. പല ഗായികമാരെടും ആലോചിച്ചു. തുടക്കം മുതലേ ശ്രേയാ ഘോഷാലിന്റെ പേര് മനസ്സിലുണ്ടായിരുന്നു. പക്ഷേ ബഡ്ജറ്റ് ഒരു പ്രശ്നമാണല്ലോ. പിന്നീടു തോന്നി ഒരു കാരണവശാലും അതിൽ കോംപ്രമൈസ് ചെയ്യരുതെന്ന്. അങ്ങിനെയാണ് ശ്രേയാ ഘോഷാൽ ഈ പാട്ടിന്റെ വഴിയിലേക്ക് വന്നത്. ’’

ഇപ്പോൾ പുതിയ അവസരങ്ങൾ ഓരോന്നോരോന്നായി കൈലാസിനെ തേടിയെത്തുന്നു. ‘തൃശൂർ സ്വദേശിയായ കൈലാസ് വിഷ്വൽ കമ്യൂണിക്കേഷനും സൗണ്ട് എൻജിനീയറിംഗുമാണ് പഠിച്ചത്. വീട്ടിലാർക്കും സംഗീതവുമായി യാതൊരു ബന്ധവുമില്ല. കർണ്ണാടിക് സംഗീതവും കീ ബോഡും പഠിച്ച് കൈലാസ് സ്വയം തിരഞ്ഞെടുത്ത മേഖലയാണ് സംഗീതം. സ്കൂളിൽ പഠിക്കുമ്പോഴേ ആദ്യത്തെ മ്യൂസിക്ക് ആൽബവും പുറത്തിറക്കിയിരുന്നു. ‘ഇത്രയും കാലത്തെ സ്ട്രഗ്ളിനെ ഒരു മോശം കാര്യമായി ഞാൻ കരുതുന്നില്ല. നിരാശയും തോന്നിയിട്ടില്ല. നമ്മുക്കുള്ളത് എത്ര വൈകിയാലും നമ്മളെ തേടിയെത്തു.’’– കൈലാസിന്റെ വാക്കുകളിൽ ആത്മവിശ്വാസം.