Thursday 21 November 2019 02:30 PM IST : By സ്വന്തം ലേഖകൻ

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഷേക്സ്പിയർ പുസ്തകത്തിൽ സുരേഷ് ഗോപി മുഖചിത്രം! സന്തോഷം പങ്കുവച്ച് താരം

kaliyattam-new

മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് ‘കളിയാട്ടം’. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ കണ്ണൻ പെരുമലയൻ എന്ന കഥാപാത്രമായി സുരേഷ് ഗോപിയുടെ പ്രകടനം പകരം വയ്ക്കാനാകാത്തതായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് താരത്തെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരവും എത്തി.

വില്യം ഷേക്സ്പിയറിന്റെ ‘ഒഥല്ലോ’യുടെ ചുവട് പിടിച്ചാണ് ജയരാജ് ‘കളിയാട്ടം’ ഒരുക്കിയത്. ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായ മറ്റൊരു അംഗീകാരം കൂടി ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ചിരിക്കുന്നു. സുരേഷ് ഗോപി തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഈ കൗതുകം ആരാധകർക്കായി പങ്കുവച്ചത്.

ക്യൂൻസ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് റീഡറായ മാർക് തോർട്ടൺ ബർമറ്റ് എഴുതി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച, ‘ഷേക്സ്പിയർ ആൻഡ് വേൾഡ് സിനിമ’ എന്ന പഠന പുസ്തകത്തിന്റെ കവർ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത് കളിയാട്ടത്തിലെ, സുരേഷ് ഗോപിയുടെ ഒഥല്ലോ വേഷമാണ്. പ്രശസ്തമായ ഒരു പുസ്തകത്തിന്റെ കവർ ചിത്രമായി കളിയാട്ടത്തിലെ പ്രകടനം തിരഞ്ഞെടുക്കപ്പെട്ടത് ചിത്രത്തിനു ലഭിച്ച വലിയ അംഗീകാരം ആണെന്ന് പ്രേക്ഷകർ പറയുന്നു.