രണ്ടു കള്ളന്മാരും പരാതിയില്ലാത്ത ഒരു കേസും. പൊലീസിനെ വട്ടം ചുറ്റിച്ച ഇങ്ങനെ ഒരു അന്വേഷണത്തിന്റെ കഥ പറയുന്ന കനകം മൂലം എന്ന വെബ് സിനിമ ജൂണ്‍ 19 ന് റിലീസ് ചെയ്യുന്നു. റൂട്ട്‌സ് വിഡിയോ എന്ന ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പണയത്തട്ടിപ്പു നടത്തിയതിന് പൊലീസ് പിടികൂടി കോടതിയിലെത്തിച്ച സുമുഖന്‍ എന്ന കള്ളനില്‍ നിന്നാണ് കഥ തുടങ്ങുന്നത്.
മോഷ്ടിച്ച മാല സ്വര്‍ണമാണെന്നു കരുതി പണയം വയ്ക്കാന്‍ ശ്രമിച്ച സുമുഖനെ പൊലീസ് കോടതിയിലെത്തിയതോടെ കഥയാകെ മാറി മറിഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ സുമുഖന്‍ തുടങ്ങിവെച്ച കഥ വലിയൊരു തട്ടിപ്പിന്റെ കഥയാണ് പുറത്തു കൊണ്ടുവരുന്നത്.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ചിത്രീകരിച്ച ഈ ചിത്രത്തില്‍ സിനിമാ സീരിയല്‍ താരം നീനാ കുറുപ്പ് ശ്രദ്ധേയമായ ഒരു വേഷത്തിലെത്തുന്നുണ്ട്. ഹാരിസ് മണ്ണഞ്ചേരിയാണ് നായകനായി എത്തുന്നത്. കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
തിരുമഠത്തിൽ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബേബി മോൾ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് അഡ്വ. സനീഷ് കുഞ്ഞുകുഞ്ഞും അഭിലാഷ് രാമചന്ദ്രനുമാണ്. സംവിധായകരിലൊരാളായ സനീഷ് കുഞ്ഞുകുഞ്ഞാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
സുനില്‍ കളത്തൂര്‍, ജഗദീഷ് തേവലപ്പറമ്പ്, ബിനോയ് പോൾ, കെ. ജയകൃഷ്ണന്‍, പ്രദീപ് കെ. എസ്. പുരം, മുഹമ്മദ് സാലി, നിരീഷ് ഗോപാലകൃഷ്ണന്‍, ഐശ്വര്യ അനില്‍, സൂര്യ സുരേന്ദ്രന്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. കടുംകാപ്പിയെന്ന ഹ്രസ്വചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ലിബാസ് മുഹമ്മദ് ചിത്രത്തിന്റെ ക്യാമറയും അമൽ രാജു, അഭിജിത്ത് ഉദയകുമാർ എന്നിവർ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.