Thursday 09 May 2019 11:36 AM IST : By സ്വന്തം ലേഖകൻ

‘ഹൃത്വിക്, നിങ്ങള്‍ വിഡ്ഢിയാണ്, യാതൊരു വകതിരിവും ഇല്ല’! ആഞ്ഞടിച്ച് കങ്കണയുടെ സഹോദരി

kangana-new

ബോക്സ് ഓഫീസിൽ, ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്തും ഹൃത്വിക് റോഷനും നേർക്കുനേർ വരുമ്പോൾ, ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു.

ഹൃത്വിക് റോഷനും കങ്കണയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്കു ശേഷം ഹൃത്വികിന്റെ പുതിയ ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ വീണ്ടും വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

ഹൃത്വികിന്റെ ‘സൂപ്പര്‍ 30’ എന്ന ചിത്രം റിലീസിനെത്തുന്ന ജൂലൈ 26 ന് കങ്കണയുടെ ‘മെന്റല്‍ ഹേ ക്യാ’ എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തുകയാണ്. ഇതോടെ ബോക്സ് ഓഫീസിലെ ഹൃത്വിക്– കങ്കണ പോരാട്ടം വലിയ വാര്‍ത്താ പ്രധാന്യം നേടുകയും കങ്കണയുടെയും ഹൃത്വികിന്റെയും ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ സംഭവത്തിൽ ‘മെന്റല്‍ ഹേ ക്യാ’യുടെ നിര്‍മാതാവ് ഏക്ത കപൂറും കങ്കണയുടെ സഹോദരി രംഗോലിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു.

‘വളരെ തരംതാണ രീതിയില്‍ സോഷ്യൽ മീഡിയയിൽ പോരു തുടങ്ങിക്കഴിഞ്ഞു. എന്റെ സിനിമയില്‍ പ്രവര്‍ത്തിച്ചവരില്‍ നിന്നും അത്തരത്തിലുള്ള ഒരു നീക്കവും അനുവദിക്കില്ല. അതു ഞാൻ വാക്കു തരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കുക. ഇത് എന്റെ തീരുമാനമാണ്’.- ഏക്ത ട്വീറ്റ് ചെയ്തു.

എന്നാൽ ഇതിനു പിന്നാലെ ഹൃത്വികിനെ വിമർശിച്ച്, കങ്കണയുടെ സഹോദരി രംഗോലി രംഗത്തു വന്നു. യുദ്ധഭൂമിയില്‍ നേരിട്ടിറങ്ങി പോരാടാതെ പിറകില്‍ നിന്ന് കുത്തുന്ന ഒരാളില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്. ഹൃത്വിക്, നിങ്ങളും നിങ്ങളുടെ പി.ആര്‍ ടീമും എത്ര ശ്രമിച്ചാലും കങ്കണ തിരിച്ചടിക്കും എന്നാണ് രംഗോലിയുടെ കുറിപ്പ്.

ഹൃത്വിക് നിങ്ങള്‍ വിഡ്ഢിയാണ്. യാതൊരു വകതിരിവും ഇല്ല. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നമുക്ക് കാത്തിരുന്ന് കാണാം എന്നും അവർ കൂട്ടിച്ചേര്‍ത്തു.