മികച്ച അഭിപ്രായവുമായി തിയറ്ററുകളില്‍ കയ്യടി നേടുകയാണ് ജിയോ ബേബി- മമ്മൂട്ടി ചിത്രം കാതല്‍ ദി കോര്‍. ചിത്രത്തില്‍ മാത്യു ദേവസിയായി മമ്മൂട്ടിയും ഓമനയായി തെന്നിന്ത്യന്‍ താരം ജ്യോതികയും പ്രേക്ഷകഹൃദയം കീഴടക്കുകയാണ്. നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. സിനിമയെ വാനോളം പ്രശംസിച്ച് എത്തിയിരിക്കുകയാണ് സൂപ്പര്‍താരം സൂര്യ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സൂര്യയുടെ കുറിപ്പ് വായിക്കാം;
സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ, 'കാതൽ ദ കോർ' പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണിത്. ഈ സിനിമ ഒരുക്കിയ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമകളോടുളള സ്നേഹത്തിനും പ്രചോദനത്തിനും മമ്മൂട്ടി സാറിന് നന്ദി. ജിയോ ബേബിയുടെ നിശബ്ദമായ ചില ഷോട്ടുകള്‍ പോലും ഒരുപാട് സംസാരിച്ചു.
ഈ ലോകം നമുക്ക് കാണിച്ചുതന്ന കാതലിന്റെ എഴുത്തുകാര്‍ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയ്ക്കും അഭിനന്ദനങ്ങള്‍. പിന്നെ സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാവരുടെയും ഹൃദയം കീഴടക്കിയ എന്റെ ഓമനയ്ക്കും (ജ്യോതിക) അഭിനന്ദനം. അതിമനോഹരം.