Friday 06 December 2019 05:00 PM IST : By സ്വന്തം ലേഖകൻ

തൊണ്ണൂറുകാരനായി ദിലീപ്, ഭാര്യയായി ഉർവശി; വ്യത്യസ്ത പ്രമേയവുമായി ‘കേശു ഈ വീടിന്റെ നാഥൻ’

dileep-keshu88g

നടൻ ദിലീപ് നായക വേഷത്തിലെത്തുന്ന നാദിർഷ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്റെ’ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ നടന്നു. ദിലീപ്, നാദിർഷ, അനുശ്രീ, രമേശ് പിഷാരടി, സലിം കുമാർ, ഹരിശ്രീ അശോകൻ, സ്വാസിക, ഹരീഷ് പേരടി, കലാഭവൻ ഷാജോൺ, അബു സലിം, ആന്റോ ജോസഫ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ദിലീപ്, സലിംകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

"1987 ൽ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. നാദിർഷയുടെ മിമിക്രി കാണാനാണ് ഞാൻ ആദ്യം പോകുന്നത്. അങ്ങനെ സുഹൃത്തുക്കളായി. ഒരുമിച്ച് പല സ്റ്റേജുകൾ. സിനിമയിൽ സംവിധായകൻ ആകാൻ പോയ ആളാണ് ഞാൻ. പക്ഷേ, സംവിധായകന്‍ ആയത് നാദിർഷയും. നാദിർഷ മുൻപ് ചെയ്ത സിനിമകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തയുള്ള സിനിമയാകും ഇത്. വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരുടെയും അനുഗ്രഹം വേണം."- ദിലീപ് പറഞ്ഞു.

"നാദിർഷയുടെ ഹിറ്റ് സിനിമകൾക്കൊക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാൻ തന്നെ. അതുകൊണ്ട് ഇതൊരു സൂപ്പർഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ! ഷൂട്ടിങിനു പോലും ഒഴിവെടുത്ത് ഇവിടെ വന്നത് ക്ലാപ്പടിക്കാൻ വേണ്ടി മാത്രമാണ്. ഈ സിനിമയിൽ ഞാനും അഭിനയിക്കുന്നുണ്ട്. ഈ പടത്തിനു വേണ്ടി എന്നെ സമീപിച്ചപ്പോൾ ഞാൻ ചോദിച്ചു, ആരാണ് നിര്‍മാണം. അപ്പോള്‍ നാദിർഷ പറഞ്ഞു, ‘ഞാനും ദിലീപും ചേർന്നാണ്.’ അപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്ന് ഞാനും പറഞ്ഞു."– സലിം കുമാർ പറഞ്ഞു.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ സജീവ് പാഴൂരാണ് ‘കേശു ഈ വീടിന്റെ നാഥന്റെ’ തിരക്കഥാകൃത്ത്. ചിത്രത്തിൽ തൊണ്ണൂറുകാരനായി ദിലീപ് എത്തുന്നു. ഉർവശിയാണ് ദിലീപിന്റെ ഭാര്യ വേഷത്തിൽ എത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂൺ ഫെയിം വൈഷ്ണവിയും മക്കളായി അഭിനയിക്കുന്നു. ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് പൊന്നമ്മ ബാബുവാണ്. 

അനുശ്രീ, ഹരിശ്രീ അശോകൻ, സലിം കുമാർ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, സ്വാസിക, അബു സലിം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നാദ് ഗ്രൂപ്പ് നിർമിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം അനിൽ നായർ, സംഗീത സംവിധാനം നാദിർഷ, ഗാനരചന ഹരിനാരായണൻ, ജ്യോതിഷ്. ചിത്രസംയോജനം സാജൻ, വസ്ത്രാലങ്കാരം സഖി എൽസ.

Tags:
  • Movie News
  • Movies