Wednesday 03 October 2018 05:26 PM IST : By സ്വന്തം ലേഖകൻ

‘അടൂർഭാസിക്കെതിരെ പരാതി നൽകാൻ നീയാര്’; ‘മീ ടൂ...’ അനുഭവവുമായി കെപിഎസി ലളിത

kpac

സ്ത്രീചൂഷണവും പുരുഷ മേധാവിത്വവുമെല്ലാം വലിയ ഒച്ചപ്പാടുകളാണ് സിനിമാ മേഖലയിൽ ഉണ്ടാക്കുന്നത്. തിരശ്ശീലയ്ക്കു പിന്നിലെ അറിയാക്കഥകൾ നടിമാർ വെളിപ്പെടുത്തിയപ്പോൾ സിനിമാ ലോകമൊട്ടാകെ അമ്പരക്കുക തന്നെ ചെയ്തു. സിനിമയിലെ മുടിചൂടാമന്നൻമാരും അണിയറക്കാരുമെല്ലാം നടിമാരുടെ വെളിപ്പെടുത്തലിൽ വെട്ടിലാകുക തന്നെ ചെയ്തു. ‌കാസ്റ്റിംഗ് കൗച്ചെന്ന എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ചൂഷണക്കഥകൾ ഇന്ന് മലയാളക്കരയും കടന്ന് ബി ടൗൺ വരെ എത്തി നിൽക്കുകയാണ്.

എന്നാൽ പുതിയ കാലത്ത് മാത്രമല്ല പഴയ കാലത്തും പുരുഷാധിപത്യം ഉണ്ടായിരുന്നു എന്ന് തുറന്നടിക്കുകാണ് മുതിർന്ന നടി കെപിഎസി ലളിത. പഴയകാല ഹാസ്യതാരം അടൂർഭാസിയെ ഉന്നംവച്ചാണ് ലളിതയുടെ വാക്കുകൾ.

മലയാള സിനിമയിലെ എക്കാലത്തേയും ഹാസ്യസാമ്രാട്ടിൽ നിന്ന് തനിക്ക് ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത അനുഭവങ്ങൾ നേരിടേണ്ടി വന്നതായി അവർ പറയുന്നു.

‘ഭാസി അണ്ണന്റെ താത്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളിൽ നിന്നും തന്നെ മാറ്റിനിർത്തി. പഴയകാലത്ത് നസീർ സാറിനേക്കാള്‍ സ്വാധീനവും പ്രാപ്തിയും ഭാസിക്കുണ്ടായിരുന്നു. ഒരിക്കൽ സുഹൃത്തുക്കളുമായി വീട്ടിലെത്തി അദ്ദേഹം മദ്യപിക്കാൻ തുടങ്ങി. ഒടുവിൽ ഛർദ്ദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടൻ ബഹദൂർ) എത്തിയാണ് അവിടെ നിന്നും മാറ്റിയത്. പിന്നെയും ശല്യം തുടർന്നപ്പോൾ അന്ന് മലയാളത്തിൽ നിലവിലുണ്ടായിരുന്ന ചലച്ചിത്ര സംഘടനയായ ചലച്ചിത്ര പരിഷത്തിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഭാസിക്കെതിരെ പരാതി നൽകാൻ നീ ആരെന്ന് ചോദിച്ച് അന്നത്തെ സംഘടനയുടെ അധ്യക്ഷനായ നടൻ ബഹദൂർ എന്നെ ശകാരിച്ചു. നട്ടെല്ലുണ്ടോ ഈ സ്ഥാനത്തിരിക്കാൻ എന്ന് ഒടുവിൽ എനിക്ക് ഉമ്മറിക്കയോട് ചോദിക്കേണ്ടി വന്നു.’– കെപിഎസി ലളിത ഓർത്തെടുക്കുന്നു.

ഒരു മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു കെപിഎസി ലളിതയുടെ വെളിപ്പെടുത്തൽ.