Tuesday 05 January 2021 11:07 AM IST

‘ഡോർ‌ ലോക്കല്ല’ എന്നു സിന്ധു പറഞ്ഞതും അവൾ പടിവഴി കുതിച്ചെത്തി കതകടച്ചു...! ആ ഭീകരരാത്രി ‘ടെസ്റ്റ് ഡോസ്’ എന്ന് കൃഷ്ണകുമാർ

V.G. Nakul

Sub- Editor

krishna-kumar-3

ആ രാത്രിയുടെ ഞെട്ടലും അമ്പരപ്പും ഇപ്പോഴും നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തെ വിട്ടുപോയിട്ടില്ല. ഫസിൽ ഉൾ അക്ബർ എന്ന യുവാവ് താരത്തിന്റെ വീട്ടിൽ കടന്നു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്റെ വിഡിയോയും വാർത്തയും കേരളീയസമൂഹത്തിലും ആശങ്കകൾ സൃഷ്ടിക്കുന്നു. ജനമറിയുന്ന, പ്രശസ്തനായ ഒരു താരത്തിന് ഈ ദുരനുഭവമുണ്ടായാൽ നാളെ ആരുടെ വീട്ടിലും ഇതു സംഭവിക്കാവുന്നതേയുള്ളൂ എന്നാണ് പൊതുചർച്ച.

ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം. ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ചാടി അകത്തു കയറുമെന്നു പറഞ്ഞു. ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതിൽ ചവിട്ടി പൊളിക്കാൻ തുടങ്ങിയപ്പോൾ താരം പൊലീസിനെ വിളിച്ചു. പത്ത് മിനിറ്റിനുള്ളിൽ പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു.

‘‘അയാളോട് ഞാൻ മയത്തിൽ സംസാരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ആറടി പൊക്കമുള്ള ഗെയിറ്റ് അനായാസം ചാടിക്കടന്നു, ഡോർ ചവുട്ടിപ്പൊളിക്കാൻ ശ്രമിച്ചു, പൂട്ട് വലിച്ച് ഒടിക്കാൻ നോക്കി...ആകെ പ്രശ്നം. അയാൾക്ക് മാനസിക രോഗമാണോ, ആരാധനയാണോ, മയക്കുമരുന്നിന് അടിമയാണോ എന്നതിനൊക്കെയപ്പുറം, ഇത്രയും ചെയ്യാൻ ഒരുത്തന് സാധിക്കുന്നുണ്ടെങ്കിൽ അവൻ ആൾ അപകടകാരിയാണ്. ക്രിമിനൽ പ്രവർത്തനമാണ് ചെയ്യുന്നത്. അതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അസുഖം ഉൾപ്പടെയുള്ള മറ്റു കാര്യങ്ങളൊക്കെ പൊലീസിന്റെ അന്വേഷണത്തിൽ തെളിയേണ്ടതാണ്’’. – കൃഷ്ണ കുമാർ വനിത ഓൺലൈനോട് പറയുന്നു.

krishna-kumar

ഇത് ഒരു ടെസ്റ്റ് ഡോസ്

ചില ഗ്രൂപ്പുകൾ പലതരം ആളുകളെ റിക്രൂട്ട് ചെയ്യും. എന്നിട്ട് അത്തരക്കാരെ ഉപയോഗിച്ച് സമൂഹത്തിൽ പേരുള്ള ഒരാളെ ആദ്യം ഒന്നു കൊട്ടിനോക്കും. അവർ പ്രതികരിക്കുന്നില്ലെങ്കില്‍ ആക്രമണത്തിന്റെ രീതി ഒന്നു മാറ്റും. അതാണ് ഇവിടെയും സംഭവിച്ചിരിക്കുക. ഇതിനെ ഒരു ടെസ്റ്റ് ഡോസ് ആയിട്ടാണ് ഞാൻ കാണുന്നത്. ചിലപ്പോൾ ഇതൊന്നുമായിരിക്കില്ല, അറിവില്ലായ്മകൊണ്ട് ജീവിതത്തിൽ ആദ്യം ചെയ്യുന്ന ഒരു തെറ്റായിരിക്കാം. പക്ഷേ, അതൊക്കെ അയാളുടെ കാര്യം. എന്നെ സംബന്ധിച്ച് ഞാൻ കുടുംബമായി ജീവിക്കുന്നു, അവിടെ വന്ന് ഇത് ചെയ്തത് ക്ഷമിക്കാനാകില്ല. സ്ത്രീകള്‍ ഉള്ള വീടല്ലേ. ഇത് ആർക്കും നാളെ സംഭവിക്കാം. നോക്കൂ അവൻ ഒളിച്ചും പാത്തുമല്ല വന്നിരിക്കുന്നത്. പരസ്യമായി വന്ന് ആക്രമിക്കുകയാണ്. അതാണ് ഗൗരവമായി പരിഗണിക്കേണ്ടത്.

വീട്ടുകാർക്കും വേണ്ട

ഇതൊരു ടെസ്റ്റ് ഡോസ് ആണെന്നു തന്നെയാണ് ഞാൻ കരുതുന്നത്. പക്ഷേ, പൊലീസ് തെളിയിക്കട്ടേ. ഞാൻ അവർക്കൊപ്പമേ നിൽക്കൂ. പൊലീസ് പറയുന്നത് ഞാൻ വിശ്വസിക്കും. കാരണം അവര് കൃത്യമായാണ് ഈ കേസ് മുന്നോട്ട് കൊണ്ടു പോകുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 100 ശതമാനം സഹകരിക്കുന്നു.

അയാളുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞത് ‘നിങ്ങൾ എന്താന്നു വച്ചാ ചെയ്തോ. നിത്യ ശല്യമാണ്’ എന്നാണ്. അത്തരത്തിൽ വീട്ടുകാർ പോലും തള്ളിപ്പറയണമെങ്കിൽ ഇയാള്‍ എത്ര വല്യ കുഴപ്പക്കാരനാണെന്ന് ചിന്തിക്കാമല്ലോ.

അയാൾ വന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ ഞാൻ ഉടൻ പൊലീസിനെ വിളിച്ചു. അടുത്തുള്ള സുഹൃത്തുക്കളെ വിളിച്ചു. എല്ലാവരും പാഞ്ഞു വന്നു. തുടക്കം മുതലേ ഞാൻ ധൈര്യത്തോടെ നിന്നു. പൊലീസ് വിളിച്ചപ്പോഴേ പറഞ്ഞത് ‘ഡോർ തുറക്കരുത്. ഞങ്ങൾ ഉടൻ എത്തും’ എന്നാണ്. അവർ നിമിഷങ്ങൾക്കകം വന്നു.

krishna-kumar-2

ഞാൻ ഇല്ലായിരുന്നെങ്കിലോ

സംഭവം നടക്കുമ്പോൾ അഹാന ഒഴികെ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ഞാൻ അവിടെയില്ലാത്ത ഒരവസരത്തിലാണെങ്കിലോ ഇയാൾ വന്നത്. എന്നെ അത്ഭുതപ്പെടുത്തിയത് പെൺകുട്ടികൾ ഒരു പ്രശ്നത്തോട് പ്രതികരിക്കുന്ന രീതിയാണ്. സംഭവം നടക്കുമ്പോൾ, ‘അപ്പുറത്തെ ഡോർ‌ ലോക്ക് അല്ല’ എന്നു സിന്ധു പെട്ടെന്നു പറഞ്ഞതും ഞാനെന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പേ എന്റെ 15 വയസുകാരിയായ നാലാമത്തെ മകൾ പടിവഴി കുതിച്ചെത്തി ഡോർ ലോക്ക് ചെയ്തു. അവരുടെ വേഗവും ചിന്തയും എന്നെ അതിശയിപ്പിച്ചു.

ഒരു കുടുംബത്തിലാണ് ആക്രമണം നടന്നത്. നാളെ ആരുടെ കുടുംബത്തിലും ഇത് സംഭവിക്കാം. ഇനി ഇങ്ങനെ സംഭവിക്കരുത്. അതിനുള്ള ഒരു മെസേജാണ് എന്റെ പ്രതികരണം. പൊലീസും മാധ്യമങ്ങളും സുഹൃത്തുക്കളുമെല്ലാം ഒപ്പം നിന്നു.