Wednesday 19 August 2020 01:19 PM IST

അരമണ്ഡലത്തില്‍ നിന്ന് മുഴുമണ്ഡലത്തിൽ ഇരിക്കാൻ ടീച്ചർ പറഞ്ഞു, അന്നു നിർത്തി ആ പരിപാടി! ചിരിയാണ് നമ്മുടെ ‘ചിന്നൂ’ന്റെ മെയിൻ

V.G. Nakul

Sub- Editor

l-1

കൺമുന്നിൽ കാണുന്ന ആരെയും കൗണ്ടറടിച്ചു വീഴ്ത്താൻ തക്കം പാർത്തിരിക്കുന്ന നോബി. വായിൽ നിന്ന് അബദ്ധം വീഴുന്നതും കാത്ത് നെൽസൺ. ഒറ്റയടിക്ക് താരമായി മാറിയ തങ്കച്ചൻ വിതുര. ഒപ്പം ബിഗ് സ്ക്രീനിൽ നിന്നും മിനി സ്ക്രീനിൽ നിന്നുമുള്ള എണ്ണം പറഞ്ഞ പുലികൾ. ഇവരുടെ നടുവിൽ നക്ഷത്രശോഭ തൂകി നിറചിരിയുമായി ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ അവതാരകരിൽ പ്രേക്ഷകർ സ്വന്തമായി കരുതുന്ന ആങ്കർ.

സ്റ്റാർ മാജിക്കിന്റെ വേദിയിൽ, നിറചിരിയോടെ, കോമഡി രാജാക്കൻമാർക്കൊപ്പം കട്ടയ്ക്ക് കൗണ്ടറടിച്ച് നിറഞ്ഞു നിൽക്കുന്ന ഈ തൃശൂർകാരി പെങ്കൊച്ച് കുടുംബപ്രേക്ഷകർക്ക് സ്വന്തം ചിന്നുവാണ്. ‘‘എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ് ചിന്നു. അമ്മ മേക്കപ്പ് റൂമിൽ വച്ച് വിളിക്കുന്ന കേട്ട് നോബിച്ചേട്ടൻ ഒരു എപ്പിസോഡിൽ എന്നെ ചിന്നൂന്ന് വിളിച്ചതോടെയാണ് ആ പേര് ഹിറ്റായത്. ഇപ്പോൾ പ്രേക്ഷകരും അങ്ങനെ വിളിച്ച് തുടങ്ങി’’. – ലക്ഷ്മി പറയുന്നു.

‘‘പണ്ട് ‘അത് ടിവിയിൽ കാണുന്ന കുട്ടിയാന്ന് തോന്നുന്നുണ്ട്’ എന്ന് ഒന്നോ രണ്ടോ പേർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ, ഇപ്പോൾ കാണുന്നവർ ഓടിവന്ന് ചിന്നുവല്ലേ എന്ന് ചോദിക്കുന്നു എന്നതാണ് പ്രധാന വ്യത്യാസം. അതാണ് വലിയ സന്തോഷവും’’. – ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ‘വനിത ഓൺലൈനി’ൽ പങ്കുവയ്ക്കുന്നു.

പാട്ടാണ് മെയിൻ

ഞാൻ പക്കാ തൃശൂർകാരിയാണ്. അച്ഛന്‍ ഉണ്ണികൃഷ്ണനും അമ്മ ബിന്ദുവിനും ഒറ്റമോൾ. അച്ഛന് ജോലി ദോഹയിലായിരുന്നതിനാൽ കുട്ടിക്കാലം അവിടെയും ഇവിടെയുമായാണ് ചെലവഴിച്ചത്. എട്ടാം ക്ലാസ് മുതൽ നാട്ടില്‍ തന്നെയായി. അതിന് പ്രധാന കാരണം എന്റെ പാട്ടിനോടുള്ള പ്രണയമാണ്. ദോഹയിൽ പഠനത്തിനപ്പുറം കലയുമായി ബന്ധപ്പെട്ട താൽപര്യങ്ങൾക്ക് തീരെ സാധ്യത കുറവായിരുന്നു. അങ്ങനെയാണ് നാട്ടിൽ തിരിച്ചു വന്ന് പാട്ടിലും കലാരംഗത്തും സജീവമായത്. അക്കാലത്തെ ഒരു രസകരമായ സംഭവം പറയാം – അമ്മ നൃത്തം ചെയ്യും. പക്ഷേ പാട്ടിനെക്കുറിച്ച് വലിയ ധാരണയില്ല. അതിനാൽ യൂത്ത് ഫെസ്റ്റിവലിൽ ലൈറ്റ് മ്യൂസിക് മത്സരത്തിന് എന്നെ പഠിപ്പിച്ച് വിട്ടത് ‘വെണ്ണിലാ ചന്ദനക്കിണ്ണം...’ എന്ന സിനിമാപ്പാട്ടാണ്. ഞാൻ പാടിക്കഴിഞ്ഞപ്പോൾ, ‘ഇവൾ നന്നായി പാടുന്നുണ്ട്. പക്ഷേ, ലൈറ്റ് മ്യൂസിക്കിൽ ‘വെണ്ണിലാ ചന്ദനക്കിണ്ണം..’ അല്ല പാടേണ്ടത്’എന്ന് ടീച്ചർ അമ്മയോട് പറഞ്ഞു. അങ്ങനെയാണ് ഒരു മ്യൂസിക് ടീച്ചറിന്റെയടുത്ത് എത്തിയതും ശാസ്ത്രീയമായി പാട്ടു പഠിച്ച് തുടങ്ങിയതും.

l3

അതും കൂടി വേണമായിരുന്നു

ലൈറ്റ് മ്യൂസിക്ക്, ക്ലാസിക്കൽ മ്യൂസിക്ക്, മാപ്പിളപ്പാട്ട് ഒക്കെയാണ് എന്റെ മെയിൻ. സ്കൂളിൽ പഠിക്കുന്ന കാലത്ത് മൈം, മോണോ ആക്ട് തുടങ്ങി പറ്റാവുന്ന എല്ലാത്തിലും പങ്കെടുത്തിരുന്നു.

ഡാൻസ് പഠിച്ചില്ല. ക്ലാസിന് ചേർന്നെങ്കിലും അരമണ്ഡലത്തില്‍ നിന്ന് മുഴുമണ്ഡലത്തിൽ ഇരിക്കാൻ ടീച്ചർ പറഞ്ഞ് തുടങ്ങിയതോടെ കഷ്ടിച്ച് ഒരു വർഷത്തിനുള്ളിൽ നിർത്തി. ഇപ്പോൾ അതിൽ നഷ്ടബോധമുണ്ട്. അതും കൂടി വേണമായിരുന്നു എന്നു തോന്നുന്നു.

സ്വന്തം പേരിൽ ചെറിയ പരിഷ്കാരം

എന്റെ യഥാർത്ഥ പേര് ലക്ഷ്മി ഉണ്ണികൃഷ്ണൻ. കെ എന്നാണ്. ‘പക്ഷേ ഞാൻ എന്നെ വിളിക്കുന്നത് വിമൽ കുമാർന്നാ...’ എന്നു പറയും പോലെ ഞാൻ സ്വയം ലക്ഷ്മി നക്ഷത്ര എന്നു പരിഷ്ക്കരിക്കുകയായിരുന്നു. പണ്ട് ഒരു ഓർക്കുട്ട് അക്കൗണ്ട് തുടങ്ങിയ കാലത്താണ് പേരിനൊപ്പം നക്ഷത്ര കൂടി ചേർത്തത്. ലക്ഷ്മി ഒരു സാധാരണ പേരായതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. കുറച്ച് കൂടി വ്യത്യസ്തമായ ഒരു പേര് ഇടാമായിരുന്നില്ലേ എന്ന് അച്ഛനോടും അമ്മയോടും ചോദിക്കുമായിരുന്നു.

ചിരി തുടങ്ങിയാൽ നിർത്താൻ പറ്റില്ല...

കുട്ടിക്കാലം മുതൽ സിനിമയും ടെലിവിഷൻ പരിപാടികളുമൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഈ മേഖലയിലേക്ക് വരണം എന്നും ആഗ്രഹിച്ചിരുന്നു. തൃശൂരിലെ ഒരു ലോക്കൽ ചാനലിൽ ആണ് തുടക്കം. ‘ഡ്യൂ ഡ്രോപ്സ്’ ആണ് ആദ്യത്തെ പ്രധാന പ്രോഗ്രാം. പിന്നെ ‘പട്ടുറുമാൽ’, ‘കുട്ടിപ്പട്ടുറുമാൽ’, ‘മൈലാഞ്ചി’, ‘സൂപ്പർ വോയ്സ്’, ഇപ്പോൾ ടമാർ പഠാറും സ്റ്റാർ മാജിക്കും.

സത്യത്തിൽ ‘ടമാർ പഠാർ’ അവതരിപ്പിച്ചു തുടങ്ങിയ ശേഷമാണ് എനിക്കിങ്ങനെ തമാശകളും കൗണ്ടറുകളുമൊക്കെ പറയാൻ പറ്റുമെന്നും പൊട്ടിച്ചിരിക്കാൻ സാധിക്കുമെന്നുമൊക്കെ ഞാൻ സ്വയം മനസ്സിലാക്കിയത്. ആദ്യ എപ്പിസോഡു മുതൽ എന്റെ ചിരി ചർച്ചയായി. ചിരി തുടങ്ങിയാൽ നിർത്താൻ പറ്റാത്ത ആളാണ് ഞാൻ. പണ്ട് ഉറക്കെ ചിരിച്ചാൽ അപ്പോൾ എനിക്ക് ഇക്കിള് വരുമായിരുന്നു. പക്ഷേ, ഇങ്ങനെ പൊട്ടിച്ചിരിക്കുന്നതും അത് ഞാൻ സ്വയം തിരിച്ചറിയുന്നതും ഇപ്പോഴാണ്.

l2

നോ കോംപ്രമൈസ്

ഞാൻ എം.ബി.എ ആണ് ചെയ്തത്. മനസ്സിൽ സിനിമയും ടിവിയുമൊക്കെയായിരുന്നെങ്കിലും പഠനത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. ഈ മേഖലയില്ലെങ്കിലും ജീവിക്കാൻ മറ്റൊരു ജോലി വേണം എന്നു നിർബന്ധമായിരുന്നു.

എം.ബി.എയ്ക്ക് ജോയിൻ ചെയ്യാൻ പോയപ്പോൾ അച്ഛനും അമ്മയും എച്ച്.ഒ.ഡിയോട് പറ‍ഞ്ഞത്, ‘ഇനി പഠനം മാത്രം, മതി മറ്റൊന്നും ഇല്ല’ എന്നാണ്. എന്നാൽ എച്ച്.ഒ.ഡി എന്നെ സപ്പോർട്ട് ചെയ്തു. രണ്ടുംകൂടി ഒന്നിച്ച് കൊണ്ടു പോകാൻ സാധിച്ചത് അങ്ങനെയാണ്. രണ്ടിലും കോംപ്രമൈസ് ചെയ്യാതെയാണ് മുന്നോട്ട് പോയത്. എം.ബി.എ കഴി‍ഞ്ഞ് റെഡ് എഫ്.എം ൽ ജോയിൻ ചെയ്തു. ഒപ്പം സ്റ്റാർ മാജിക് ആങ്കർ ചെയ്യുന്നു.

ആ കരച്ചിൽ ബ്രേക്ക് ആയി

‘ടമാർ പഠാർ’ ആണ് ‘സ്റ്റാർ മാജിക്’ ആയത്. അഞ്ച് ആങ്കർമാർ മാറിയ ശേഷമാണ് ഞാൻ എത്തിയത്. അതുവരെ ഞാൻ ചെയ്തിരുന്നതൊക്കെ മ്യൂസിക് പ്രോഗ്രാമുകളായിരുന്നു. അതിന്റെ ടെൻഷൻ ആദ്യമുണ്ടായിരുന്നു. പക്ഷേ, ഫസ്റ്റ് എപ്പിസോഡ് ചെയ്ത ശേഷം കിട്ടിയ അഭിനന്ദനം ആത്മവിശ്വാസം തന്നു. എല്ലാവരും കൂടി ഒരു എപ്പിസോഡിൽ എന്നെ പ്രാങ്ക് ചെയ്തു. ഞാൻ ഫ്ലോറിൽ നിന്ന് കരയാനും തുടങ്ങി. ആ കരച്ചിൽ എനിക്ക് ബ്രേക്ക് ആയി. ഈ ഹൈറ്റും വർത്തമാനവുമൊക്കെയേ ഉള്ളൂ, ഞാൻ ടിപ്പിക്കലി ഒരു എൽ.കെ.ജി ആണെന്ന് പ്രേക്ഷകർ തിരിച്ചറിയുകയായിരുന്നു.

സിനിമ

മാർക്കോണി മത്തായിയാണ് അഭിനയിച്ച സിനിമ. പണ്ട് പല അവസരങ്ങളും വന്നെങ്കിലും തൽക്കാലം വേണ്ട എന്ന തീരുമാനത്തിലായിരുന്നു. അച്ഛൻ ദോഹയിലായിരുന്നതിനാൽ അമ്മയും മുത്തശ്ശിയും മാത്രമായിരുന്നു ഒപ്പം.

ഇപ്പോൾ ചില കഥകൾ കേൾക്കുന്നു. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ അഭിനയിക്കാം.

ആർ.ജെ

പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ആദ്യം ആർ.ജെ ആയത്. വീടിന് അടുത്തായിരുന്നു എഫ്.എം സ്റ്റേഷൻ. ആർ.ജെയ്ക്കുള്ള ഇന്റർവ്യൂ നടന്നപ്പോൾ വെറുതേ പോയി. ഇരുപത്തിമൂന്ന് പേരുണ്ടായിരുന്നു. ഞാനായിരുന്നു ചെറുത്. പക്ഷേ ഞാനുൾപ്പടെ മൂന്ന് പേർക്ക് ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞ് പഠനത്തിരക്കു കാരണം അത് വിട്ടു. പിന്നീട് എം.ബി.എ കഴിഞ്ഞാണ് ജോയിൻ ചെയ്തു. ഇപ്പോൾ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങുന്നു. ഓണത്തിന് ലോഞ്ച് ചെയ്യും.