അപ്പച്ചനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ലാൽജോസ് എപ്പോഴും സ്വന്തം യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഒറ്റപ്പാലത്ത് അധ്യാപകനായിരുന്നു ജോസ് മാഷ്. പഠനത്തിനൊപ്പം മകൻ പത്രവിതരണത്തിനു പോയപ്പോഴും ജോലിക്കു ശ്രമിക്കാതെ സിനിമയിലേക്കു തിരിഞ്ഞപ്പോഴും ജോസ് മാഷ് എതിർപ്പു പ്രകടിപ്പിച്ചില്ല. ലാൽജോസ് സിനിമാ സംവിധായകനായതിനു ശേഷവും സ്നേഹത്തണലുമായി ജോസ് മാഷ് കൂടെയുണ്ടായിരുന്നു. സിനിമാ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിൽ മാനസികമായി തളർന്നപ്പോൾ കൊച്ചുകുട്ടിയെ പോലെ അപ്പച്ചൻ കൈപിടിച്ചു നടത്തിയതിനെ കുറിച്ച് ലാൽജോസ് പറഞ്ഞിട്ടുണ്ട്. ഒറ്റപ്പാലത്തെ വൈദ്യരുടെ മുറിയിലിരുന്ന് അന്ന് ലാൽജോസിന്റെ അഭിമാന ബോധത്തെക്കുറിച്ച് ജോസ് മാഷ് വൈദ്യരോടു സംസാരിച്ചു. ഇക്കഴിഞ്ഞ പിറന്നാളിനും ‘ബർത്ത് ഡേ ബോയ്’ എന്നുള്ള കുറിപ്പോടെയാണ് ലാൽജാസ് അപ്പച്ചന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. കാവൽമാലാഖയായി ലാൽജോസ് മനസ്സിൽ പ്രതിഷ്ഠിച്ച അപ്പച്ചൻ, മേച്ചേരി ജോസ് മാഷ് ഇന്നു രാവിലെ വിട പറഞ്ഞു. ബാല്യകാലത്ത് ചാമംപതാലിലെ അങ്കിളിന്റെ വീട്ടിലേക്കുള്ള യാത്ര മുതൽ ലാൽജോസ് മുറുകെ പിടിച്ച കൈകളാണു വേർപെട്ടത്. ‘‘അപ്പച്ചൻ യാത്രയായി’’ രണ്ടു വാക്കുകളിൽ അദ്ദേഹം നെഞ്ചിലെ വിങ്ങലൊതുക്കി.
മനോരമ ട്രാവലർ പ്രസിദ്ധീകരിച്ച ലാൽജോസിന്റെ സിനിമാ യാത്രകൾ ‘ലാൽ ജേണീസ്’ പംക്തിയിൽ അപ്പച്ചനെ കുറിച്ച് ലാൽജോസ് എഴുതിയത്:
ഒരുപാടു കഷ്ടപ്പാടുകൾ മറികടന്നു ചിത്രീകരിച്ച സിനിമയാണ് രസികൻ. പക്ഷേ, ആ സിനിമ തിയേറ്ററിൽ വിജയിച്ചില്ല. ഷൂട്ടിങ് പൂർത്തിയാക്കാൻ മാത്രം എൺപതു ദിവസം വേണ്ടി വന്നു. അതിൽ ഇരുപതു ദിവസം പെരുമഴയായിരുന്നു. വേനൽക്കാലത്ത് അപ്രതീക്ഷിതമായി അങ്ങനെയൊരു മഴ പൊട്ടി വീണത് എന്തിനായിരുന്നു ?
തുടർച്ചയായി രണ്ടു സിനിമകൾ പരാജയപ്പെട്ടു. എന്റെ കരിയർ അവസാനിച്ചുവെന്നു ഞാൻ ഭയപ്പെട്ടു.
ഒറ്റപ്പാലത്ത് എത്തിയപ്പോഴേയ്ക്കും രസികൻ പരാജയപ്പെട്ട വിവരം ലീന അറിഞ്ഞിരുന്നു. അവൾ അതിനെപ്പറ്റി യാതൊന്നും ചോദിച്ചില്ല. ഞാൻ ഒന്നും പറഞ്ഞതുമില്ല. എന്റെ മനസ്സ് ആഴത്തിൽ മുറിപ്പെട്ടിരുന്നു. രാത്രിയും പകലും ഉറക്കം കിട്ടാതായി. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ മടി തോന്നി. തുറന്നു പിടിച്ച കണ്ണുകളുമായി കട്ടിലിൽ കിടന്നു. പെരുമാറ്റത്തിൽ പന്തികേടു തോന്നിയപ്പോൾ ലീന എന്റെ അപ്പച്ചനെ വിവരം അറിയിച്ചു. അപ്പച്ചൻ എന്നെ ഒറ്റപ്പാലത്തുള്ള വേലായുധൻ വൈദ്യരുടെയടുത്തു കൊണ്ടു പോയി.
‘‘പണം വല്ലതും നഷ്ടപ്പെട്ടോ? അതോ, ഇനി വല്ല മാനഹാനിയും സംഭവിച്ചോ? വൈദ്യർ ചോദിച്ചു.
‘‘ഭാഗികമായി മാനഹാനിയെന്നു പറയാം. രണ്ടു സിനിമകൾ പരാജയപ്പെട്ടു. അവന് അതൊരു അഭിമാനക്ഷതം തന്നെയാണ്.’’ അപ്പച്ചൻ സ്വരം താഴ്ത്തി. വൈദ്യർ തലയിൽ തേയ്ക്കാനുള്ള എണ്ണയും കഴിക്കാനുള്ള ചൂർണവും അപ്പച്ചന്റെ കയ്യിൽ കൊടുത്തു.
‘‘എണ്ണ തേച്ച് കുളിച്ച ശേഷം ചൂർണം കഴിക്കണം. നന്നായി ഉറങ്ങും. പന്ത്രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും എണീറ്റില്ലെങ്കിൽ വിളിച്ചുണർത്തണ്ട. കഞ്ഞിയോ പാലോ കോരി കൊടുത്തോളൂ’’ വൈദ്യർ നിർദേശിച്ചു.
ഒരു കുഞ്ഞിനെയെന്ന പോലെ ലീന എന്റെ തലയിൽ എണ്ണ തേച്ചു. വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ചു. തോർത്തു കൊണ്ട് പതുക്കെ തല തുവർത്തി. പിന്നീട് എപ്പഴോ ഞാൻ ഉറങ്ങി. ഉറക്കത്തിനിടയിൽ പാലും കഞ്ഞിയും കുടിച്ചു.
ഉണർന്നതിനു ശേഷമാണ് ഇതെല്ലാം അറിഞ്ഞത്. കഴിഞ്ഞ മുപ്പതു മണിക്കൂർ മനസ്സിന്റെ കെട്ടഴിഞ്ഞ് ഭ്രാന്തിന്റെ അവസ്ഥയിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇക്കാലത്തിനിടെ മറ്റൊരാൾക്കും ഉപദ്രവം വരുത്താനായി മനപ്പൂർവം യാതൊന്നും ചെയ്തിട്ടില്ല. അതിനാലായിരിക്കാം മനസ്സിന്റെ സമനില തെറ്റാതെ തിരിച്ചു പിടിക്കാൻ സാധിച്ചത്.
സിനിമ പരാജയപ്പെട്ടുവെന്നു വരുത്തിത്തീർക്കാൻ പലരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതു കണ്ടിട്ടുണ്ട്. പുതിയ സിനിമകൾക്കു നേരേ സംഘടിതമായ ഓൺലൈൻ ആക്രമണങ്ങളും കണ്ടു. അറിഞ്ഞോ അറിയാതെയോ അവർ ഇല്ലാതാക്കുന്നത് ഒരുകൂട്ടം മനുഷ്യരുടെ ഇച്ഛാശക്തിയും ജീവിതവുമാണ്. ഒരു സിനിമ പരാജയപ്പെടുമ്പോൾ അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവരുടെ ഹൃദയം തകരുന്നത് മറ്റുള്ളവർ ശ്രദ്ധിക്കാറില്ല. അതു ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യം ഇവിടെ കുറിക്കുന്നത്.