Thursday 17 June 2021 01:41 PM IST

എക്സ്റേ വെൽഡിങ് വിട്ട് വി.എഫ്.എക്സിലേക്ക്, ഇപ്പോൾ ‘പ്രീസ്റ്റിലെ’ വിസ്മയങ്ങള്‍ വരെ! ‘ലവകുശൻ’മാർ ഇനി നിർമാണ രംഗത്തേക്കും

V.G. Nakul

Sub- Editor

lavakusha

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ ലെ ക്ലൈമാക്സ് രംഗങ്ങള്‍ കണ്ട് പ്രേക്ഷകർ വിസ്മയിച്ചതാണ്. അതീന്ദ്രിയമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ആ രംഗങ്ങൾ അവയുടെ പൂർണതയിൽ ചിത്രത്തിൽ കാണാം. എന്നാൽ അടുത്തിടെ ചിത്രത്തിലെ ഈ രംഗങ്ങളുടെ മേക്കിങ് വിഡിയോ എത്തിയപ്പോഴാണ് അതിനു പിന്നിൽ ഒളിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുടെ അഥവാ വി.എഫ്.എക്സിന്റെ മികവ് മലയാളികൾക്ക് മനസ്സിലായത്. ‘ലവകുശൻ’മാരാണ് ഈ വിസ്മയങ്ങൾക്ക് പിന്നിലെ ക്രിയേറ്റീവ് തലകൾ.

മലയാള സിനിമയിലെ വി.എഫ്.എക്സ് മേഖലയിൽ ‘ലവകുശൻ’മാരാണ് ഇപ്പോൾ താരങ്ങൾ: സഹോദരങ്ങളായ ലവൻ പ്രകാശനും കുശൻ പ്രകാശനും. മലയാളം മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ ലവകുശൻമാര്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കുന്നു. ‘ദി പ്രീസ്റ്റ്’ ന്റെ വി.എഫ്.എക്സ് മേക്കിങ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ഇവർ വീണ്ടും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി, പല വൻകിട കമ്പനികളുടെയും ഭാഗമായി ഈ രംഗത്തു പ്രവർത്തിക്കുന്ന ലവകുശൻമാർ, ആറ് വർഷം മുമ്പാണ് സ്വന്തം കമ്പനി ‘ഡി.ടി.എം ലവകുശ’ തുടങ്ങിയത്. മമ്മൂട്ടി നായകനായ ‘പുതിയ നിമയമമാണ്’ ‘ഡി.ടി.എം ലവകുശ’യുടെ ആദ്യ ചിത്രം. തുടർന്ന് ‘ദി പ്രീസ്റ്റ്’ വരെ, വിവിധ ഭാഷകളിലായി നൂറ്റമ്പതോളം ചിത്രങ്ങൾ.

പ്രതിസന്ധികളുടെയും കഷ്ടപ്പാടുകളുടെയും ഒരു ഭൂതകാലം പിന്നിട്ടാണ് ഈ സഹോദരൻമാർ തങ്ങളുടെ മേഖലയിൽ ഒരു സുപ്രധാന ഇടം സ്വന്തമാക്കിയിരിക്കുന്നത്. ലവനാണ് ആദ്യം ഈ മേഖലയിലേക്ക് വന്നത്. തുടർന്ന് തന്നെക്കാൾ രണ്ട് വയസ്സ് ഇളയ അനിയനേയും അവിടേക്കു കൈപിടിച്ചു കയറ്റി.

‘‘മുംബൈയിലാണ് ഞാനും ചേട്ടനും കരിയര്‍ തുടങ്ങിയത്. ചേട്ടൻ നേരത്തെ തന്നെ ഈ മേഖലയില്‍ കൂടുതൽ പഠിക്കാനും അവസരം തേടിയും മുംബൈയിലേക്ക് പോയിരുന്നു. കൂട്ടുകാർക്കൊപ്പം പ്രവർത്തിച്ച്, സ്വന്തമായി പഠിച്ചെടുത്തതാണ്. കുറേയധികം കഷ്ടപ്പെട്ടാണ് അവസരങ്ങൾ നേടിയത്.

ഞാൻ ആദ്യം എക്സ്റേ വെൽഡിങ്ങൊക്കെ പഠിച്ച് ദുബായിലേക്ക് പോയി. നല്ല ജോലിയൊന്നും ശരിയാകാതെ വന്നപ്പോള്‍ മുംബൈയിലേക്ക് ചെല്ലാൻ ചേട്ടൻ പറഞ്ഞു. അവൻ അപ്പോഴേക്കും അവിടെ ജോലി കണ്ടെത്തിയിരുന്നു. എനിക്ക് ഈ മേഖലയില്‍ വലിയ ധാരണയൊന്നുമില്ലായിരുന്നു. ചേട്ടനാണ് എല്ലാം പഠിപ്പിച്ചത്. 2 വർഷം പകൽ പാർട്ട് ടൈം ജോലികള്‍ ചെയ്ത്, രാത്രി അവനൊപ്പമിരുന്ന് എല്ലാം പഠിച്ചെടുക്കുകയായിരുന്നു. അതോടെ എനിക്കും ഈ മേഖലയില്‍ താൽപര്യമായി’’.– കുശൻ ‘വനിത ഓൺലൈനോട്’ പറയുന്നു.

lavakusha-2

എൻട്രൻസ് എഴുതാനാകാതെ...

ലവൻ മെഡിക്കൽ എൻട്രൻസ് എഴുതാൻ തയാറെടുത്തതാണെങ്കിലും ഒരു അപകടത്തെത്തുടർന്ന് പരീക്ഷയിൽ പങ്കെടുക്കാൻ പറ്റിയില്ല. അങ്ങനെയാണ് ഈ മേഖലയിൽ താൽപര്യം വന്നതും സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പഠിക്കാൻ തുടങ്ങിയതും. അതിന്റെ കോഴ്സിനു ചേർന്ന് കൂടുതൽ പഠിക്കാന്‍ ഉള്ള സാമ്പത്തിക ശേഷി വീട്ടിൽ ഇല്ലായിരുന്നു. സാധാരണ കുടുംബമാണ് ഞങ്ങളുടെത്. അങ്ങനെയാണ് ഒരു സുഹൃത്ത് ക്ഷണിച്ചിട്ട് അവൻ മുംബൈയിലേക്ക് പോയത്. അവിടെച്ചെന്ന് നന്നായി കഷ്ടപ്പെട്ടു. പിന്നീടാണ് ഭേദപ്പെട്ട ജോലി കിട്ടിയത്.

സ്വന്തം കമ്പനി

പല കമ്പനികളിലും പ്രവർത്തിച്ച്, ആത്മവിശ്വാസം വന്ന ശേഷമാണ് സ്വന്തം കമ്പനി തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചത്. ചേട്ടന്‍ നേരത്തെ ഫ്രീലാൻസറായി ശങ്കറിനും എസ്.എസ് രാജമൗലിക്കുമൊക്കെയൊപ്പം പ്രവർത്തിച്ചിരുന്നു. യന്തിരന്‍ വണ്ണും മഗധീരയുമാണ് ചിത്രങ്ങൾ.

ഞങ്ങൾ ചെയ്ത ചിത്രങ്ങളിൽ എടുത്തു പറയാവുന്നത്, കമ്മട്ടിപ്പാടം, എസ്ര, പറവ, കാർബൺ, പുത്തൻ പണം, പുതിയ നിയമം, കള, അയ്യപ്പനും കോശിയും, ഫോറൻസിക്, ട്രാൻസ്, ദി പ്രീസ്റ്റ്, കൂടെ, കോടതിസമക്ഷം ബാലൻവക്കീൽ തുടങ്ങിയവയാണ്.

കൊച്ചിയിലും ചെന്നൈയിലുമാണ് ഓഫീസ്. ഇപ്പോൾ ഞങ്ങൾ ഒരു മൾട്ടിസ്റ്റാർ തമിഴ്–മലയാളം ചിത്രത്തിന്റെ നിർമാണത്തിലും പങ്കാളികളാണ്. മലയാളത്തിൽ ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവരും തമിഴിൽ നാട്ടി, നരേൻ, കതിർ എന്നിവരുമാണ് നായകൻമാർ. എൺപത് ശതമാനം ഷൂട്ട് കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ ഉടൻ പറയാം.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശികളാണ് ലവകുശൻമാർ. പ്രകാശനും വാസന്തിയുമാണ് മാതാപിതാക്കൾ. ലവന്റെ ഭാര്യ അമൃത. മക്കൾ – റയാൻ, അമീലി. അഞ്ജുവാണ് കുശന്റെ ഭാര്യ. മക്കൾ – അമൻ, ആരവ്. തുറമുഖം ഉൾപ്പടെ ഒരുപിടി ചിത്രങ്ങൾ ഇവരുടെതായി അണിയറയിൽ ഒരുങ്ങുന്നു.