Wednesday 28 April 2021 11:33 AM IST

‘എല്ലാം ദേ ഈ പിള്ളേരുടെ പണിയാ’: മുത്തശ്ശിയെ സഹായിക്കാനെത്തി, ഒടുവിൽ ‘മഞ്ജു വാരിയർ’ മേക്കോവർ: വൈറൽ കഥയിങ്ങനെ

Binsha Muhammed

muthasso-manju

ഇതൊക്കെ എന്ത് സ്റ്റൈലാണെടാ... പിള്ളേരെ...?

ലക്ഷ്മിയമ്മ മോണ കാട്ടി ചിരിച്ചു ചോദിക്കയാണ്...

‘അത് പിന്നെ അമ്മാമ്മയെ സുന്ദരിയാക്കുവല്ലേ... നല്ല കുട്ടിയായി ഇരുന്നേ...’

പേരമക്കളുടെ സ്നേഹം ചാലിച്ച ശാസനയ്ക്കു മുന്നിൽ മുത്തശ്ശി നല്ലകുട്ടിയായി.

ഇളയപേരക്കുട്ടി ദർശന്റെ ഉടുപ്പ്, പേരമക്കളിലെ പെൺതരി, ദൃശ്യയുടെ മിഡി. ചുളിവു വീണെങ്കിലും ചന്തം ചോരാത്ത നെറ്റിയിൽ കറുത്തപൊട്ട്. ആ മേക്കോവർ ചെന്നു നിന്നത് സോഷ്യൽ മീഡിയ കണ്ണുവച്ച വൈറൽ ലുക്കിലാണ്. മഞ്ജുവാരിയറെ മധുരപതിനേഴുകാരിയാക്കിയ വൈറൽ ലുക്ക് കടംകൊള്ളാൻ കുമാരിമാർ മത്സരിക്കുന്ന കാലത്ത് 87കാരിയായി ലക്ഷ്മി അച്യുതൻ തെയ്ക്കാട്ട് എന്ന മുത്തശ്ശിയെത്തിയത്. ചിത്രം സോഷ്യൽ മീഡിയ കണ്ടപാടെ കണ്ണുവയ്ക്കാനും കണ്ടുകൊതിക്കാനും സാക്ഷാൽ മഞ്ജു വാരിയർ വരെയെത്തി. വൈറല്‍ കഥയിലെ മുത്തശ്ശിയെ തേടി വനിത ഓൺലൈൻ എത്തുമ്പോൾ മുത്തശ്ശി വൈറൽ ലോകത്തെ കഥ കുട്ടികളിൽ നിന്നും കേട്ടറിഞ്ഞ് നിറഞ്ഞു ചിരിക്കുകയാണ്. പ്രായത്തിന്റെ അവശതകൾക്കിടയിലും സുന്ദരിയായ കഥ കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായ ലക്ഷ്മി മുത്തശ്ശി വനിതയോട് പറഞ്ഞു.

പേരക്കുട്ടികളുടെ മേക്കോവർ

എന്നോടൊന്നും ചോദിക്കേണ്ട... എല്ലാം ദേ പിള്ളേരാ... എന്റെ നല്ല കാലത്ത് ഞാനിങ്ങനെയൊന്നും ഒരുങ്ങിയിട്ടില്ല. എന്റെ ഭർത്താവ് ഉള്ളപ്പോൾ പോലും. ഇപ്പോ... ഇതിപ്പോ എന്റെ കുഞ്ഞുമക്കളുടെ ആഗ്രഹമല്ലേ... നിന്നു കൊടുക്കുക തന്നെ വല്യ സന്തോഷം–കാതുകൂർപ്പിച്ച് പിടിച്ചെടുത്ത ചോദ്യത്തിന് ലക്ഷ്മിയമ്മയുടെ മറുപടിയിങ്ങനെ.

മുത്തശ്ശിക്ക് വയ്യ, പഴയതു പോലെ കേൾക്കാനും നടക്കാനും ഒക്കെ പ്രയാസാ... മുത്തശ്ശി മക്കളേ എന്നൊന്നു നീട്ടിവിളിച്ചാൽ സഹായിക്കാൻ ഓടിയെത്തുന്നത് ഞാനും അനിയൻ ദർശനുമൊക്കെയാ. കൈപിടിച്ചു നടത്താനും വസ്ത്രം ധരിപ്പിക്കാനും ഭക്ഷണം നൽകാനുമൊക്കെ മുൻപന്തിയിലുണ്ടാകും. ഞങ്ങളുടെ അമ്മ രജിതയുടെ അമ്മയാണ് ലക്ഷ്മി മുത്തശ്ശി– കൂട്ടത്തിലെ ഡോക്ടർ ചെറുമകളായ ദൃശ്യയാണ് ഇക്കുറി മറുപടി പറഞ്ഞത്.

manju-muthassi-1

മുത്തശ്ശിയെ ഒരുക്കുന്നതും, മുടി മാടിയൊതുക്കുന്നതുമൊക്കെ ഞങ്ങളാണെന്ന് പറഞ്ഞല്ലോ. ഇടയ്ക്ക് മുത്തശ്ശിയുടെ അനുവാദത്തോടെ ചില പരീക്ഷണങ്ങളൊക്കെ ഞങ്ങൾ നടത്തും. നെയിൽ പോളിഷ് ഇടുക, ലിപ്സ്റ്റിക്ക് ഇട്ടു കൊടുക്കു തുടങ്ങി സകല കലാപരിപാടികളും ഞങ്ങളുടെ വകയായുണ്ട്. അങ്ങനെയിരിക്കെയാണ് മഞ്ജു വാരിയറുടെ ലുക്കിൽ ഞങ്ങളുടെ കണ്ണുടക്കിയത്. അപ്പോൾ ആ ലുക്ക് എന്തേ മുത്തശ്ശിയിൽ പരീക്ഷിച്ചൂടാ... എന്ന് ചിന്തിച്ചു. പതിവു പോലെ അനുസരണയുള്ള കുട്ടിയായി മുത്തശ്ശി ഞങ്ങളുടെ മുന്നിലിരുന്നു. അനിയൻ ദർശന്റെ വെളുത്ത ഷർട്ടും എന്റെ മിഡിയും മുത്തശ്ശിയെ അണിയിച്ചു. തലമുടി ഫ്രിഞ്ച് സ്റ്റൈലിൽ മുന്നിലേക്കിട്ടു. പിന്നെ ചെറ്യേ... മേക്കപ്പ്. സംഭവം കളറായി. മൊബൈലിൽ പകർത്തിയ ചിത്രം ഫെയ്സ്ബുക്കിലിട്ടത് ഖത്തറിലുള്ള സഹോദരി ദിവ്യയാണ്. ചിത്രം കണ്ട് ഒരു പ്രഫഷണൽ ക്യാമറമാൻ ഞങ്ങളെ കോണ്ടാക്റ്റ് ചെയ്തു, നമ്പർ മേടിച്ചു. പിന്നാലെ മഞ്ജു ചേച്ചിയുടെ സന്ദേശമെത്തി. മുത്തശ്ശി കലക്കിയിട്ടുണ്ടെന്നായിരുന്നു മഞ്ജുവിന്റെ കമന്റ്.

എന്തായാലും ഞങ്ങളുടെ മുത്തശ്ശിയെ ഏറ്റെടുത്ത എല്ലാവർക്കും നന്ദി.-ദൃശ്യ പറഞ്ഞു നിർത്തി.