സംവിധായകൻ ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള പുതിയ സിനിമ സംഘടനയിൽ നിലവിൽ താൻ ഭാഗമല്ലെന്നു വ്യക്തമാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നതായും തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെയല്ലെന്നും ലിജോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല.
ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
Thank you
Lijo jose pellissery’.– ലിജോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരിൽ പുതിയ സംഘടന വരുന്നതായും ആഷിക്ക് അബു, രാജീവ് രവി, അഞ്ജലി മേനോൻ, റീമ കല്ലിങ്കൽ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ നേതൃത്വത്തിലുണ്ടാകുമെന്നുമുള്ള പ്രചരണം ശക്തമായിരുന്നു.