ADVERTISEMENT

പുതുതലമുറയില്‍ നാമ്പിടുന്ന നന്മയുടെ ഇത്തിരിവെട്ടം ഹൃദ്യമായി പങ്കുവയ്ക്കുകയാണ് സംവിധായകന്‍ എം.എ നിഷാദ്. നിഷാദിന്റെ സംവിധാനത്തിലൊരുങ്ങിയ മേക്ക് ഓവര്‍ എന്ന ഹ്രസ്വ ചിത്രം ഉദാത്തമായ സഹജീവി സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമാണ്. കോവിഡ് പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രം മകനെ നായകനാക്കിയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.  ഇംറാന്‍ നിഷാദ് ഒറ്റയാള്‍ കഥാപാത്രമായെത്തുന്ന ചിത്രം ഉണ്ണി എന്ന കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. 

യുവതലമുറയെ തെറ്റിദ്ധാരണയുടെ കണ്ണിലൂടെ കാണുന്നവര്‍ക്കുള്ള മറുപടിയാണ് ചിത്രമെന്ന് എംഎ നിഷാദ് പറയുന്നു. എന്റെ മകന്റേയും എന്റെയും ജീവിതത്തിന്റെ നേര്‍സാക്ഷ്യമാണത്, വെര്‍ച്വല്‍ ലോകത്തു നിന്നും നന്മയുടെ ലോകത്തേക്കുള്ള അവരുടെ യാത്രയ്ക്ക് അധികം ദൂരമില്ല എന്ന് ചിത്രം കാട്ടിത്തരുന്നു. സ്വാര്‍ത്ഥ താത്പര്യങ്ങളല്ല, നന്മയുള്ള പ്രവര്‍ത്തികളും യുവതലമുറയെ സ്വാധീനിക്കുമെന്നും ചിത്രം കണ്ടു കഴിയുമ്പോള്‍  മനസിലാകുമെന്നും എംഎ നിഷാദ് പറയുന്നു. 

'എന്റെ മകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഉണ്ണി എന്നാണ്. പേരില്‍ മാത്രമല്ല, അവന്റെ ജീവിതവുമായും ഈ ഹ്രസ്വ ചിത്രത്തിന് സാമ്യമുണ്ട്. കടുത്ത മെസ്സി ഫാനായ ഒരു യുവാവിന്റെ ജീവതത്തിലുണ്ടാവുന്ന മാറ്റമാണ് പ്രമേയം. ജീവിതത്തിലും അവന്‍ മെസി ഫാന്‍ തന്നെയാണ്. ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലത്ത് ഒരു ടിവി പോലും ഇല്ലാത്ത ഹതഭാഗ്യരായ ഒരു കൂട്ടം പേരുടെ ജീവിതങ്ങള്‍ ഇംറാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു ഘട്ടത്തില്‍ അവന്‍ തന്നെ മുന്‍കയ്യെടുത്ത് അര്‍ഹരായ ഒരാള്‍ക്ക് ടിവി എത്തിച്ചു നല്‍കി. ആ പ്രവര്‍ത്തിയാണ്, ഈ ഷോര്‍ട്ട് ഫിലിമിന്റെ  കഥാതന്തു മനസിലേക്കിട്ടു തന്നത്. കളിയും ചിരിയും പബ്ജിയുമായി നടക്കുന്നവര്‍ മാത്രമല്ല നമ്മുടെ പുതുതലമുറ. നന്മയുടെ ഇത്തിരിവെട്ടം നമ്മുടെ യാവാക്കളുടെ മനസില്‍ ബാക്കിയുണ്ട്. അത് കണ്ടെത്തേണ്ട താമസമേയുള്ളൂ. ഇംറാന്റെ അഭിനയ അരങ്ങേറ്റമാണിത്. അത് ഒരു മഹത്തായ സന്ദേശം പങ്കുവയ്ക്കുന്ന ഹ്രസ്വ ചിത്രത്തിലൂടെ ആയതില്‍ ഏറെ ചാരിതാര്‍ത്ഥ്യം '- നിഷാദ് പറയുന്നു.  

 സാമുഹിക പ്രസക്തമായ വിഷയത്തെ വേറിട്ട ആഖ്യാന ശൈലിയിലാണ് നിഷാദ് പറഞ്ഞു വയ്ക്കുന്നത്. ഡയലോഗുകളിലും കഥാസന്ദര്‍ഭങ്ങളിലും ചിത്രം അത്യന്തം വ്യത്യസ്തത പുലര്‍ത്തുന്നു. സാംസങ്10 എസ് ഫോണില്‍ സംവിധായകന്‍ എം.എ നിഷാദ് തന്നെയാണ് ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്.  പത്ത് മിനിറ്റുള്ള ഹ്രസ്വചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി സോഹന്‍ സിനുലാല്‍, മാലാ പാര്‍വതി, പോളി വല്‍സന്‍ തുടങ്ങിയവരും എത്തുന്നുണ്ട്. ശ്രീകുമാര്‍ നായരാണ് എഡിറ്റിംഗ്. ആനന്ദ് മധുസൂദനാണ് സംഗീതം. മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്.

 

ADVERTISEMENT
ADVERTISEMENT