തനിക്ക് ചെറുപ്പത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി മാളവിക മോഹൻ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം വൈറൽ ആണ്.
തന്റെ അടുത്ത കൂട്ടുകാരന് അവന്റെ അമ്മ ഒരിക്കലും ചായ കൊടുക്കില്ലായിരുന്നെന്നും ചായ കുടിച്ചാൽ അവൻ തന്നെ പോലെ കറുത്തു പോകുമെന്ന് അവന്റെ അമ്മ പറഞ്ഞതായും മാളവിക കുറിച്ചു.
‘എനിക്ക് 14 വയസ്സുള്ളപ്പോൾ എന്റെ അടുത്ത കൂട്ടുകാരിൽ ഒരാൾ അവന്റെ അമ്മ ഒരിക്കലും അവന് ചായ കൊടുക്കില്ല എന്ന് പറഞ്ഞു. ചായ കുടിച്ചാൽ കറുത്തു പോകുമെന്നാണ് അവർ കരുതിയിരുന്നത്. ഒരിക്കൽ അവൻ ചായ ചോദിച്ചപ്പോൾ നീ അവളെ പോലെ (എന്നെ പോലെ) കറുത്തു പോകും എന്ന് അവനോട് അവർ പറഞ്ഞു. അവൻ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാൻ അൽപം ഇരുണ്ട നിറമുള്ള മലയാളിപ്പെൺകുട്ടിയും ആയിരുന്നു. ഞങ്ങൾ തമ്മിലുള്ള നിറവ്യത്യാസം അതു വരെ എനിക്ക് ഒരു പ്രശ്നവുമല്ലായിരുന്നു. പക്ഷേ എന്റെ നിറത്തെക്കുറിച്ച് ആദ്യമായി ഒരാൾ അങ്ങനെ പറഞ്ഞതോടെയാണ് ഞാനും അതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ജാതീയതയും വർണവിവേചനവും നമ്മുടെ സമൂഹത്തിൽ ഇപ്പോഴുമുണ്ട്. ഇരുണ്ട നിറമുള്ളവരെ ‘കാലാ’ എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേൾക്കാം. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ഇൗ വർണവിവേചനം ഭീകരമാണ്. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികൾ എന്നാണ് ഉത്തരേന്ത്യക്കാർ പൊതുവെ വിളിക്കുന്നത്. എന്തു കൊണ്ടാണ് ദക്ഷിണേന്ത്യക്കാരെ അവർ ഇങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല. ഉത്തരേന്ത്യക്കാർ വെളുത്തവരും സുന്ദരന്മാരും ആണെന്നും ദക്ഷിണേന്ത്യക്കാർ ഇരുണ്ട നിറക്കാരും വിരൂപരും ആണെന്നും ഒരു ധാരണ ഇപ്പോഴുമുണ്ട്. ലോകത്തെ വംശവെറിയെ അപലപിക്കുമ്പോൾ നമുക്ക് ചുറ്റും കൂടി ഒന്ന് കണ്ണോടിക്കണം. നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഒാരോ പതിപ്പുകൾ കാണാൻ സാധിക്കും. നിറമല്ല ഒരു മനുഷ്യനെ സുന്ദരനാക്കുന്നത്. അത് അവന്റെ ഉള്ളിലെ നന്മയാണ് എന്ന് മനസ്സിലാക്കുക’.– താരം കുറിച്ചു.