Thursday 21 December 2023 03:09 PM IST : By സ്വന്തം ലേഖകൻ

മാറ്റ് കൂടുന്ന ‘നടന കാതൽ’, വിപണിയിൽ പൊന്നിൻ വില: മലയാള സിനിമയിലെ ‘മമ്മൂട്ടി സ്ക്വാഡ്’

mammootty-new-1

2023 അവസാനിക്കുമ്പോൾ, കലയിലും കച്ചവടത്തിലും മലയാള സിനിമയുടെ വർഷാന്ത്യക്കണക്കെടുപ്പിൽ തലയുയർത്തി നിൽക്കുക മെഗാസ്റ്റാർ മമ്മൂട്ടിയാണ്. അതില്‍ വലിയ തർക്കങ്ങളുണ്ടാകാൻ സാധ്യതയില്ല. വിപണി വിജയത്തിലും, നിരൂപക പ്രശംസയിലും മമ്മൂട്ടി നായകനായ സിനിമകൾ കയ്യടി വാരിയപ്പോൾ, അടുത്ത വർഷത്തിലും അദ്ദേഹത്തിന്റെതായി ചാർട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രൊജക്ടുകൾ സിനിമാ പ്രേമികളിൽ ഏറെ പ്രതീക്ഷ നിറയ്ക്കുന്നവയാണ്.

mammootty-new-4

4 സിനിമകളാണ് 2023 ൽ മമ്മൂട്ടിയുടെതായി പ്രേക്ഷകരിലേക്കെത്തിയത്. ഇവയിൽ ‘കണ്ണൂർസ്ക്വാഡ്’ സൂപ്പർഹിറ്റ് ആയപ്പോൾ, ‘നൻപകൽ നേരത്ത് മയക്കം’, ‘കാവൽ’ എന്നിവ ഹിറ്റ് ആയി. ‘ക്രിസ്റ്റഫർ’ താരത്തിന്റെ സ്റ്റൈലിഷ് പ്രകടനത്താല്‍ ശ്രദ്ധിക്കപ്പെട്ടു.

എസ്.ഹരീഷിന്റെ രചനയിൽ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ ജനുവരിയിലാണ് തിയറ്ററുകളിലെത്തിയത്. അതിനു മുൻപേ ചിത്രം ഫെസ്റ്റിവൽ പ്രദർശനം തുടങ്ങിയിരുന്നു. 2022അവസാനം, കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെയാണ് ‘നൻപകൻ നേരത്ത് മയക്കം’ പ്രേക്ഷകർ ആദ്യം കണ്ടത്.

ജയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. തന്റെ തനതായ അഭിനയമുഹൂർത്തങ്ങളാൽ രണ്ട് വേഷങ്ങളെയും പൊലിപ്പിക്കാൻ അദ്ദേഹത്തിനായി. അതിന്റെ പ്രതിഫലമായി മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി.

ചുരുക്കത്തിൽ, ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അത് കൃത്യമായി ലഭിച്ചു എന്നതാണ് ചിത്രം നേടിയ നിരൂപക പ്രശംസയും കച്ചവട വിജയവും സൂചിപ്പിക്കുന്നത്.

mammootty-new-5

‘മമ്മൂട്ടി കമ്പനി’ എന്ന പേരിൽ, മമ്മൂട്ടി പുതിയ ചലച്ചിത്ര നിർമാണ കമ്പനി ആരംഭിച്ചപ്പോള്‍ ആദ്യ ചിത്രമായതും ‌‘നൻപകൻ നേരത്ത് മയക്കം’ ആണ്.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ പ്രതീക്ഷിച്ച വിജയമായില്ലെങ്കിലും, എ ഡി ജി പി ക്രിസ്റ്റഫർ ആന്റണി ഐ പി എസ് ആയുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് പ്രകടനം ആരാധകരെ തൃപ്തിപ്പെടുത്തി.

mammootty-new-3

ഛായാഗ്രാഹകൻ റോബി വർഗീസ് രാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘കണ്ണൂർ സ്ക്വാഡ്’ വലിയ ആരവങ്ങളില്ലാതെയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരെ ആകർഷിച്ച്, മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നായി മാറാൻ ചിത്രത്തിനായി.എ എസ് ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമാണ് ചിത്രത്തിൽ മമ്മൂട്ടിക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചതും. റിലീസ് ദിവസത്തിലേ ചിത്രം വൻ ഹിറ്റ് എന്ന സൂചന നൽകുകയും തുടർന്നുള്ള ദിവങ്ങളിൽ അതു ശരിവച്ച് ബോക്സ് ഓഫീസിൽ കുതിച്ചു കയറുകയുമായിരുന്നു. മുഹമ്മദ് ഷാഫിയും റോണി ഡേവിഡും ചേർന്നാണ് തിരക്കഥയൊരുക്കിയത്.

സമീപകാലത്ത് ഏറെ ചർച്ചയായ ഒരു മമ്മൂട്ടി ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ – ദ കോർ’. മാത്യു ദേവസ്സി എന്ന പേരിൽ, കരിയറിൽ ഏറെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. താരം എന്നതിനൊപ്പം പരീക്ഷണവ്യഗ്രതയുള്ള ഒരു നടൻ എന്ന നിലയിലും മമ്മൂട്ടി ഇടപെട്ടുവെന്നതാണ് കാതലിന്റെ വിജയം. നിരൂപക പ്രശംസയ്ക്കൊപ്പം ചിത്രം മികച്ച കച്ചവട വിജയവും നേടി. മമ്മൂട്ടി കമ്പനിയായിരുന്നു നിർമാണം.

ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങളും ഏറെ പ്രതീക്ഷ പകരുന്നവയാണെന്നത് നിസ്സംശയം പറയാം. ‘ഭ്രമയുഗം’, ‘ടർബോ’, ‘ബസൂക്ക’ എന്നിവയാണ് ഇക്കൂട്ടത്തിൽ പ്രധാനം. ഇതിൽ ‘ഭ്രമയുഗ’ത്തിലെ വേഷം പ്രതിനായകന്റേതാണെന്നാണ് സൂചന. ഫസ്റ്റ് ലുക്ക് പോസ്റ്റർ വൻ ഹിറ്റാണ്. വൈശാഖ് ഒരുക്കുന്ന ‘ടർബോ’ മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. ‘ബസൂക്ക’ വലിയ കാൻവാസിലുള്ള ചിത്രമാണ്.

mammootty-new-2

ചുരുക്കത്തിൽ, 2022 പോലെ ഈ വർഷവും മമ്മൂട്ടിയുടെതായി. നടൻ, താരം, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ അദ്ദേഹം വിജയത്തേരിലേറിയ കൊല്ലം. കാത്തിരിക്കാം വരും വർഷങ്ങളിലും, മലയാളികൾക്ക് മടുക്കാത്ത മമ്മൂട്ടി മാജിക്കിനായി...