Wednesday 07 October 2020 11:44 AM IST

മഞ്ജു ഉപേക്ഷിച്ചു, സുനിച്ചൻ ആത്മഹത്യ ചെയ്തു...! ഞങ്ങൾ സിനിമ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കേട്ട വാർത്ത ഇതാണ്; രോഷത്തോടെ മഞ്ജു

V.G. Nakul

Sub- Editor

m1

ബിസ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് മഞ്ജു സുനിച്ചൻ. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തി, ചുരുങ്ങിയ കാലത്തിനിടെ നല്ല നടി എന്ന പേര് നേടാൻ മഞ്ജുവിനായി.

ഇപ്പോഴിതാ, നിറത്തിന്റെ പേരിൽ തനിക്കു നേരിടേണ്ടി വന്ന കളിയാക്കലുകളെക്കുറിച്ച് മഞ്ജു ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. അടുത്ത കാലത്ത് ഒരു ഷോപ്പിങ് സെന്ററിൽ വച്ച് തനിക്കു നേരിടേണ്ടി വന്ന ഒരു അനുഭവം കൂടി വിവരിച്ചാണ് താരത്തിന്റെ കുറിപ്പ്. എന്നാൽ പണ്ടു മുതലേ തന്റെ ജീവിതത്തിൽ നിറത്തിന്റെ പേരിൽ പൊതുവിടങ്ങളിലും ഇപ്പോൾ സോഷ്യൽ മീഡിയിലുൾപ്പടെയും നേരിടേണ്ടി വന്നിട്ടുള്ളത് കടുത്ത അധിക്ഷേപങ്ങളും കളിയാക്കലുകളുമാണെന്ന് മഞ്ജു ‘വനിത ഓൺലൈനോ’ട് പറയുന്നു.

‘‘എന്റെ അമ്മച്ചി നല്ല വെളുത്ത ആളാണ്. ഞാനും അമ്മച്ചിയും പപ്പയും കൂടി പോകുമ്പോൾ ചിലർ ‘അയ്യോ..’ എന്നു പറയും. ഈ ‘അയ്യോ’ കേൾക്കുമ്പോഴേ എനിക്കു മനസ്സിലാകും ഇനി എന്റെ നിറത്തിനെപ്പറ്റിയാകും പറയുന്നതെന്ന്. ‘അയ്യോ റീത്തയുടെ നിറം കിട്ടിയില്ലല്ലോ, ഇത് പത്രോസിനെപ്പോലെ ആയിപ്പോയല്ലേ...’ എന്ന്.

ഞങ്ങളെ പണിയെടുത്ത് വളർത്തിയ ഞങ്ങളുടെ അപ്പനെയും നിറത്തിന്റെ പേരിൽ‌ മോശക്കാരൻ ആക്കുകയല്ലോ അവർ. അത് എവിടുത്തെ ന്യായം? നിറമല്ലല്ലോ ഒന്നിന്റെയും അടിസ്ഥാനം. ഒരു കുഞ്ഞിനെ പ്രസവിച്ച ശേഷം കാണാൻ വന്നാലും ഒരു വിഭാഗം ആളുകൾ ആദ്യം നോക്കുന്നത് അതിന്റെ നിറമാണ്. കൊച്ച് കറുത്തതോ, വെളുത്തതോ എന്നതാണ് അവരുടെ പ്രശ്നം. എന്തിനാണ് ഇവരൊക്കെ കറുത്ത നിറത്തെ ഇത്ര പേടിക്കുന്നത്. പലരും പറയും, നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കാതിരിക്കൂ എന്ന്.

ഞങ്ങളിലേക്ക് ഈ ചിന്ത കുത്തിവച്ച് തരുന്നത് ഇവരെപ്പോലുള്ളവരാണ്. ഞങ്ങൾ ഈ അയ്യോ... വിളികൾ കേൾക്കുന്നതു കൊണ്ടാണ് ഇതിനൊക്കെയെതിരെ സംസാരിച്ചു പോകുന്നത്...ഇനിയുള്ള തലമുറയെങ്കിലും ഇത് ഫെയ്സ് ചെയ്യാതിരിക്കണം...’’.– മഞ്ജു പറയുന്നു.

m3

ആരും മോശമല്ല

സോഷ്യൽ മീഡിയയിലും നിറത്തിന്റെ പേരിൽ ഉള്ള ധാരാളം കമന്റുകൾ വരാറുണ്ട്. ‘എന്താണ് ച്യാച്ചീ ഇത്. നിങ്ങളെ നേരിട്ട് കണ്ടിട്ടുണ്ട്. എന്താ ചായത്തിൽ മുങ്ങിയോ’ എന്നൊക്കെയാണ് ചിലരുടെ ചോദ്യം. സത്യത്തിൽ ഞാൻ അധികം ഫിൽറ്ററൊന്നും ഇടാറില്ല. ഇപ്പോഴത്തെ ക്യാമറയൊക്കെ ഫെയ്സ് നല്ല ഫെയർ ആയിട്ട് കാണിക്കുന്നതാണ്. ഇനി ഈ കളിയാക്കൽ പേടിച്ച് എനിക്ക് ക്യാമറാമാനോട് പറയാൻ പറ്റുമോ, കുറച്ച് ഇരുണ്ട പോലെ ഷൂട്ട് ചെയ്താൽ മതിയെന്ന്.

ഇവൾ എങ്ങനെ വന്നവളാ. ഒരുങ്ങിക്കെട്ടി നടക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് മറ്റു ചിലരുടെ കമന്റുകൾ. ഞാൻ അധ്വാനിച്ച കാശ് കൊണ്ട് മേടിക്കുന്നതല്ലേ ഇതൊക്കെ. ഇവർക്കൊക്കെ എന്താണ് അതിൽ ഇത്ര അസ്വസ്ഥത. എന്റെ വണ്ണത്തെയും നിറത്തെയും ഡ്രസിങ്ങിനെയുമൊക്കെ കുറ്റം പറയാൻ ഇവർക്കൊക്കെ എന്താണ് യോഗ്യത. ഇക്കാര്യത്തിൽ സ്ത്രീകളും ഒട്ടും പിന്നിലല്ല. കളിയാക്കുന്നവരിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകളുമുണ്ട്. സ്വന്തമായി ഒരു പഴ്സ് പോലും ഇല്ലാതിരുന്ന ഞാൻ അധ്വാനിച്ച് നേടിയതാണ് ഇതൊക്കെ. ഞാൻ വണ്ടി മേടിച്ചതും വീട് വയ്ക്കാൻ പോകുന്നതുമൊക്കെ എന്റെ കഷ്ടപ്പാടിന്റെ ഫലമാണ്. അല്ലാതെ ആരിൽ നിന്നും വെറുതെ കിട്ടിയതല്ല.

m2

ദാമ്പത്യം തകർന്നെന്ന് കഥ

ഞാനും സുനിച്ചനും തമ്മിൽ പിരിഞ്ഞു എന്നതായിരുന്നു മറ്റൊരു കഥ. അതും ആൾക്കാരുടെ മറ്റൊരു സന്തോഷം. ഞങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ല. പണ്ടു മുതലേ ഇത്തരം പ്രചരണങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട്. സുനിച്ചൻ തൂങ്ങിച്ചത്തു എന്നു വരെ കേട്ടു. ഞാനും സുനിച്ചനും ബർണാച്ചനും കൂടി സിനിമയ്ക്ക് പോയിട്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ഒരു കൂട്ടുകാരൻ വിളിച്ചാണ് ആ കാര്യം പറഞ്ഞത്. ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മഞ്ജു ഉപേക്ഷിച്ചു, സുനിച്ചൻ ആത്മഹത്യ ചെയ്തു എന്ന് സുനിച്ചന്റെ ഫോട്ടോ വച്ച് ആദരാഞ്ജലി പോസ്റ്റർ വന്നത്രേ. അതു ചിലരുടെ വേറെ ഒരു സുഖം. ഞാൻ സാധാരണക്കാരിയാണല്ലോ. ഇതൊക്കെ കേൾക്കുമ്പോൾ ദേഷ്യം വരുക സ്വാഭാവികം....മഞ്ജു പറയുന്നു.