Tuesday 28 July 2020 02:25 PM IST

ഇക്കാക്കയെ ബർത്ത് ഡേ വിഷ് ചെയ്യും, സെയിം ടു യൂ എന്ന് തിരിച്ചു പറയും! ആരും അറിയാത്ത ‘സംവിധായകൻ’ ദുൽഖറിന്റെ കഥ പറഞ്ഞ് മക്ബൂൽ

V.G. Nakul

Sub- Editor

m1

ആരാധകരുടെ ‘കുഞ്ഞിക്ക’ ദുൽഖർ സൽമാൻ 33 - ാം ജന്മദിനം ആഘോഷിക്കുമ്പോൾ അതേ കുടുംബത്തിലെ മറ്റൊരാൾ കൂടി ഇന്ന് പിറന്നാൾ ആഘോഷിക്കുന്നുണ്ടെന്ന് അധികം ആരും അറിയാത്ത രഹസ്യം. ആരാണത് എന്നല്ലേ? മറ്റാരുമല്ല, നടൻ മക്ബൂൽ സൽമാൻ ആണ് താരകുടുംബത്തിൽ ഇന്നു തന്നെ ജന്മദിനം ആഘോഷിക്കുന്ന രണ്ടാമൻ. മമ്മൂട്ടിയുടെ അനുജനും നടനുമായ ഇബ്രാഹിംകുട്ടിയുടെ മകൻ.

പ്രിയപ്പെട്ട ചാലുക്കാക്കയ്ക്ക് ജൻമദിനാശംസകൾ നേർന്ന് മക്ബൂൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും കുറിപ്പും ഇതിനോടകം വൈറൽ ആണ്. തങ്ങളുടെ ജൻമദിന വിശേഷങ്ങളും കുട്ടിക്കാല ഓർമ്മകളും മക്ബൂൽ വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

‘‘എന്റെയും ചാലുക്കാക്ക (ദുൽഖർ) യുടെയും പിറന്നാൾ ഒരു ദിവസമാണെന്ന് കുടുംബക്കാർക്കൊഴികെ മറ്റു പലർക്കും അറിയില്ല. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. വിക്കിപീഡിയയിൽ എന്റെ ബർത്ത് ഡേ കൊടുത്തിരിക്കുന്ന മാസം തെറ്റാണ്. ജൂൺ 28 എന്നാണ് പേജിൽ. അതായത് ഒരു മാസം മുൻപത്തെ ഡേറ്റ്. വിക്കി പീഡിയ ചതിച്ചാശാനേ എന്നും പറയാം...’’.– പൊട്ടിച്ചിരിയോടെ മക്ബൂൽ പറഞ്ഞു തുടങ്ങി.

താനും ചാലുക്കാക്കയും തമ്മിൽ മൂന്നു വയസ്സിന്റെ വ്യത്യാസമുണ്ടെന്നും പക്ഷേ പ്രായം ചോദിക്കരുതെന്നുമാണ് മക്ബൂൽ പറയുന്നത്. ദുൽഖറിന് 33 തികഞ്ഞല്ലോ അപ്പോൾ വായനക്കാർ ഊഹിച്ചോളും എന്നു പറഞ്ഞപ്പോൾ, ഇനി മറച്ചു വച്ചിട്ടു കാര്യമില്ലെന്നായിരുന്നു മക്ബൂലിന്റെ ചിരിയോടെയുള്ള മറുപടി.

m2

സെയിം ടു യു

കുട്ടിക്കാലത്ത് ഞങ്ങൾ രണ്ടു പേരുടെയും ബർത്ത് ഡേ ഒന്നിച്ച് ആഘോഷിക്കുമായിരുന്നു. പിന്നീട് അവർ മദ്രാസിലേക്ക് താമസം മാറ്റിയപ്പോൾ അത് മിസ്സായി. ഒരേ ദിവസമാണ് രണ്ടു പേരുടെയും ബർത്ത് ഡേ എന്നതിനാൽ കുടുംബത്തിൽ വലിയ വിശേഷമാണ്. കസിൻസും ബന്ധുക്കളും വിളിച്ച് ആശംസ അറിയിക്കും. മൂത്താപ്പ (മമ്മൂട്ടി) എല്ലാ പിറന്നാളിനും മുടങ്ങാതെ വിഷ് ചെയ്യും. സംസാരിക്കും. ചാലുക്കാക്കയ്ക്ക് ഞാൻ ബർത്ത് ഡേ വിഷസ് പറയുമ്പോൾ സെയിം ടു യൂ എന്നാണ് തിരിച്ച് പറയുക.

മറക്കാത്ത ചിത്രം

ഞങ്ങളുടെ ഏതോ ഒരു പിറന്നാളിന് എടുത്ത ഫോട്ടോയാണ് ഇന്ന് ഞാൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വർഷം കൃത്യമായി ഓർമയില്ല. എനിക്കന്ന് മൂന്നോ നാലോ വയസ്സുണ്ടാകും. വാപ്പച്ചിയുടെ കളക്ഷനിൽ നിന്നാണ് ആ ചിത്രം കിട്ടിയത്.

പിറന്നാൾ എന്നു ചിന്തിക്കുമ്പോള്‍ പെട്ടെന്ന് മനസ്സിൽ വരുന്ന ചിത്രവും അതാണ്. ആ ബർത്ത് ഡേ സെലിബ്രേഷന്റെ വിഡിയോയും ഞാൻ കണ്ടിട്ടുണ്ട്.

m4

ആഘോഷത്തിന്റെ കുട്ടിക്കാലം

കുട്ടിക്കാലത്ത് ഞങ്ങളു‍ടെ വെക്കേഷൻ ഒന്നിച്ചായിരുന്നു. കസിൻസ് എല്ലാവരും ചെമ്പിലെ തറവാട്ടിൽ ഒത്തു കൂടും. ചാലുക്കാക്കയും മദ്രാസില്‍ നിന്നു വരും. അസ്കര്‍ (നടൻ അസ്കർ സൗദാൻ– മ്മൂട്ടിയുടെ സഹോദരീ പുത്രൻ) ഉണ്ടാകും. പിന്നെ ആഘോഷമാണ്. ആ കാലം മിസ് ചെയ്യുന്നുണ്ട്. ഇപ്പോഴും സമയം കിട്ടുമ്പോഴെല്ലാം കാണാറുണ്ട്. ഇപ്രാവശ്യം ലോക്ക് ഡൗൺ കാരണം വലിയ പെരുന്നാളിന്റെ ആഘോഷങ്ങളും കൂടിച്ചേരലും ഉണ്ടാകില്ല എന്ന സങ്കടത്തിലാണ് എല്ലാവരും.

ദുൽഖർ എന്ന സംവിധായകന്റെ ആദ്യത്തെ നടന്‍

ദുൽഖർ എന്ന സംവിധായകന്റെ ആദ്യത്തെ നടനാണ് ഞാൻ എന്നു പറയാം. സ്കൂളിൽ പഠിക്കുന്ന കാലത്ത്, ഒരു ഹാൻഡി ക്യാമിൽ ചാലുക്കാക്കയും ഞങ്ങളും കൂടി, കണ്ടിട്ടുള്ള സിനിമയിലെ സീൻസ് ഷൂട്ട് ചെയ്യും. ചാലുക്കാക്കയാണ് സംവിധാനം. ഞാൻ നടനും. മേൽനോട്ടത്തിന് വല്യുമ്മച്ചി (മമ്മൂട്ടിയുടെ ഉമ്മ) യുമുണ്ടാകും.

ഒരിക്കൽ ഒരു രസമുണ്ടായി. ഒരുപാട് പറമ്പും ഒരു ചെറിയ കുളവുമൊക്കെയുണ്ട് തറവാട്ടിൽ. ഞാൻ കുളത്തിൽ ചാടുന്ന ഒരു സീനാണ് ഷൂട്ട് ചെയ്യുന്നത്. ഞാൻ ചാടുന്നതായി കാണിച്ചിട്ട് ഒരു കല്ലെടുത്തിട്ട് ഓളം ഉണ്ടാക്കാനാണ് പ്ലാൻ. ഞാൻ ചാടുന്നതായി കാണിച്ചു. കല്ല് വീഴ്ത്തി ഓളവും ഉണ്ടാക്കി. പക്ഷേ ഞാൻ ചാടാൻ ഒരുങ്ങുന്നത് മാത്രമേ വല്യുമ്മച്ചി ശ്രദ്ധിച്ചുള്ളു. കല്ലു വീണപ്പോൾ അതും ഞാനാണെന്നു കരുതി വല്യുമ്മച്ചി ആകെ ഭയന്നു. അത് മറക്കാനാകാത്ത ഒരു ഓർമയാണ്.

കോയാ മാമച്ചിയാണ് കൊച്ചിയിൽ ഞങ്ങളുടെ പ്രധാന കമ്പനി. അദ്ദേഹം ചാലുക്കാക്കയുടെ അമ്മയുടെ ആങ്ങളയാണ്. കോയാമാമച്ചിയെയും കൂട്ടുകാരെയുമൊക്കെ സ്ക്രിപ്റ്റ് ഉണ്ടാക്കി അഭിനയിപ്പിക്കലാണ് അന്നൊക്കെ ചാലുക്കാക്കയുടെ പ്രധാന പരിപാടി.

ഞങ്ങളൊക്കെ പ്രതീക്ഷിച്ചത് ചാലുക്കാക്ക ഒരു സംവിധായകനാകും എന്നാണ്. അഭിനയിച്ചു എന്നത് സർപ്രൈസ് ആയിരുന്നു. ക്യാമറയോടൊക്കെ ഇക്കാക്കയ്ക്ക് പണ്ടേ വലിയ ക്രേസ് ആണ്. അതുകൊണ്ടാകും കാലം ഇക്കാക്കയെ ക്യാമറയ്ക്കു മുന്നിൽ തന്നെ എത്തിച്ചത്.