മണർകാട് സെന്‍റ് മേരീസ് കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദത്തിന് പ്രവേശനം നേടിയ സന്തോഷം പങ്കുവച്ച് യുവനടി മീനാക്ഷി. ‘മണർകാട് കോളജ് ഞാൻ ഇങ്ങെടുക്കുവാ’ എന്ന കുറിപ്പോടെയാണ് പ്രധാന അധ്യാപകന്റെ ഓഫിസിൽ നിന്നു പകർത്തിയ ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മീനാക്ഷിയുടെ പിതാവ് അനൂപും മണർകാട് സെന്‍റ് മേരീസ് കോളജിൽ ആണ് പഠിച്ചത്. അച്ഛനൊപ്പം എത്തിയാണ് മീനാക്ഷി അഡ്മിഷൻ എടുത്തത്.
പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളായ മീനാക്ഷി ളാക്കാട്ടൂർ എംജിഎംഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പ്ലസ് ടു പഠിച്ചത്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. മോഹൻലാൽ - പ്രിയദർശൻ ചിത്രമായ ‘ഒപ്പം’, നാദിർഷാ സംവിധാനം ചെയ്ത ‘അമർ, അക്ബർ, ആന്റണി’ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരക എന്ന നിലയിലും ശ്രദ്ധേയയാണ്.