Friday 31 January 2020 01:08 PM IST

ചേച്ചി പറഞ്ഞു, എല്ലാം നീ സ്വയം മനസ്സിലാക്കുക! മലയാളികളുടെ ‘സത്യ’ രസാനയുടെ അനിയത്തിക്കുട്ടി

V.G. Nakul

Sub- Editor

n1

മെർഷീന നീനു എന്നു പറഞ്ഞാൽ മലയാളികൾക്ക് പെട്ടെന്നു മനസിലായേക്കില്ല. എന്നാൽ ‘സത്യ എന്ന പെൺകുട്ടി’ എന്നാണ് പറയുന്നതെങ്കിൽ പെട്ടെന്നു തിരിച്ചറിയും. ‘ആൺലുക്ക്’ ഉള്ള ‘സത്യ എന്ന പെണ്‍കുട്ടി’യായി, കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന മെർഷീനയെ കണ്ട്, ‘ആരുടെയോ നല്ല മുഖസാമ്യം’ എന്നു ‘ഛായ കാച്ചാ’ത്തവർ കുറവ്. ആ തോന്നൽ വെറുതെയല്ല, മിനിസ്ക്രീനിൽ മലയാളികളുടെ പ്രിയനായികയായിരുന്നു രസാനയുടെ കുഞ്ഞനിയത്തിയാണ് മെർഷീന.

മലയാളത്തിൽ ‘ബോയ് കട്ടി’ലും തമിഴിൽ ‘ഗേൾ കട്ടി’ലും ഒരേ സമയം തിളങ്ങുന്ന മെർഷീന ‘വനിത ഓൺലൈൻ’ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്, മിനി സ്ക്രീനിലും ജീവിതത്തിലും സഞ്ചരിച്ച വഴികളെക്കുറിച്ച്.

n4

തുടക്കം ‘മനസ്സറിയാതെ’

മലയാളത്തിൽ എന്റെ നാലാമത്തെ സീരിയലാണ് ‘സത്യ എന്ന പെൺകുട്ടി’. ആദ്യം അഭിനയിച്ചത് ‘മനസ്സറിയാതെ’യിൽ ആണ്. പിന്നീട് ‘അയലത്തെ സുന്ദരി’, ‘ഗൗരി’ എന്നീ പരമ്പരകളും ചെയ്തു. ഇൻഡസ്ട്രിയില്‍ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത് ‘അയലത്തെ സുന്ദരി’യിലൂടെയാണെങ്കിലും ജനങ്ങൾക്കിടയിൽ വലിയ അംഗീകാരം കിട്ടിയത് ‘സത്യ എന്ന പെൺകുട്ടി’യിലൂടെയാണ്.

കൈവിട്ട സത്യ തേടി വന്നു

‘സത്യ’യുടെ തമിഴിൽ എന്നെ വിളിച്ചിരുന്നു. ചെയ്യാൻ പറ്റിയില്ല. പക്ഷേ, കഥാപാത്രത്തെക്കുറിച്ച് അറിയാമായിരുന്നു. ടോംബോയ് വേഷം ഒരു നടി എന്ന നിലയിൽ മികച്ച പെർഫോമൻസിന് സാധ്യതയുള്ളതാണെന്ന് ഉറപ്പായിരുന്നു.

പിന്നീട് ‘സത്യ’ മലയാളത്തിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ ആരാകും സത്യ എന്ന ആകാംക്ഷയുണ്ടായിരുന്നു. അതിനിടെ ഒരു ദിവസം സംവിധായകൻ ഫൈസൽ അടിമാലിയെ കണ്ടപ്പോൾ പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്ന് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ഫൈസലിക്ക വിളിച്ച്, ‘നീ ചെയ്യുന്നോ’ എന്നു ചോദിച്ചു. എനിക്ക് രണ്ടാമതൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല, ഓക്കെ പറഞ്ഞു.

n3

പേടിയോടെ തുടക്കം

സത്യ ആയപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്കാ ഫെമിനിയൻ ബോഡി ലാംഗ്വേജ് ഉള്ള ആളാണ് ഞാൻ. അതിനാൽ, ഒരു ടോംബോയ് കഥാപാത്രം എങ്ങനെ അവതരിപ്പിക്കും എന്നു സംശയമുണ്ടായിരുന്നു. എന്നാലും ചലഞ്ച് ഏറ്റെടുക്കാൻ തീരുമാനിച്ചു. ഒരു അവസരം തേടി വന്നിരിക്കുകയാണല്ലോ, കളയണ്ട എന്നു തോന്നി.

മുടി മുറിച്ചില്ല

ശരിക്കും മുടി മുറിച്ചിട്ടില്ല. വിഗ് വച്ചിരിക്കുകയാണ്. മുടി മുറിച്ചാൽ അത് തമിഴ് സീരിയലിന്റെ തുടർച്ചയെ ബാധിക്കും. ‘അഗ്നിനക്ഷത്രം’ എന്ന തമിഴ് സീരിയലിൽ ഒരു നാടൻ പെൺകുട്ടിയുടെ റോളിലാണ്. മറ്റൊന്ന് എന്റെ മുടിക്ക് വളരെ കട്ടി കുറവാണ്. അപ്പോള്‍ മുറിച്ചാലും ഉദ്ദേശിക്കുന്ന രീതിയിൽ വരില്ല. എല്ലാം കൂടി പരിഗണിച്ചപ്പോൾ മുറിക്കേണ്ട എന്നു തീരുമാനിച്ചു. തമിഴിൽ എന്റെ ആദ്യ സീരിയൽ ആണ് ‘അഗ്നിനക്ഷത്രം’. ‘അഗ്നിനക്ഷത്ര’ത്തിൽ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് ‘സത്യ എന്ന പെൺകുട്ടി’യിൽ അഭിനയിച്ച് തുടങ്ങിയത്.

n2

സിനിമ വലിയ മോഹം

ചേച്ചിയുടെ പരിചയത്തിലാണ് ആദ്യത്തെ സീരിയലില്‍ അഭിനയിച്ചത്. പക്ഷേ, ‘അയലത്തെ സുന്ദരി’യിൽ അവസരം കിട്ടിയത് ഫെയ്സ്ബുക്കിൽ ഫോട്ടോ കണ്ടാണ്. സിനിമ സ്വപ്നമാണ്. ‘അയലത്തെ സുന്ദരി’ കഴിഞ്ഞ് ഒരു വർഷം ബ്രേക്ക് എടുത്ത് സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നു. പക്ഷേ, നല്ല അവസരങ്ങൾ കിട്ടിയില്ല. ഇനിയും കാത്തിരുന്നാൽ സമയം നഷ്ടപ്പെടുമല്ലോ എന്നു ഭയന്നാണ് വീണ്ടും സീരിയലിലേക്ക് തിരിച്ച് വന്നത്. സിനിമ ഇപ്പോഴും മോഹമായി മനസ്സിലുണ്ട്. സീരിയലുകളുടെ തിരക്കിനിടയിലും വിദ്യാഭ്യാസം ഉപേക്ഷിച്ചില്ല. വിദൂര വിദ്യാഭ്യാസത്തിലൂടെ പഠനം തുടരുകയാണ്. ഇപ്പോൾ ഡിഗ്രി രണ്ടാം വർഷം. സോഷ്യോളജി ആണ് മെയിൻ.

ചേച്ചിയുടെ പിന്തുണ

ചേച്ചി അധികം ഒന്നും പറയാറില്ല. നീ ചെയ്യുക, നീ തനിയെ കാര്യങ്ങൾ മനസ്സിലാക്കുക എന്നാണ് രീതി. ആ സീൻ കണ്ടിരുന്നോ ഈ എപ്പിസോഡ് കണ്ടിരുന്നോ എന്നു വിളിച്ചു ചോദിച്ചാലും കണ്ടിരുന്നു എന്നേ പറയാറുള്ളൂ. പോസിറ്റീവും പറയാറില്ല, നെഗറ്റീവും പറയാറില്ല. ആൾ ആളുടെ വഴിക്ക് പോകുന്നു. എനിക്ക് പ്രിയപ്പെട്ട ചേച്ചിയുടെ കഥാപാത്രം ‘പാരിജാത’ത്തിലെ സീമയാണ്. മറ്റൊന്ന് ‘പൊന്നു പോലെ ഒരു പെണ്ണി’ലെ പൊന്നു.

n-5

ആത്മവിശ്വാസം കൂടി

ആദ്യം ആളുകൾക്ക് സത്യയെ ഉൾക്കൊള്ളാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇപ്പോ അത് മാറി. ചെന്നൈയിൽ വച്ച് കാണുമ്പോൾ തമിഴർ വന്ന് മലയാളത്തിൽ സത്യ എന്ന ക്യാരക്ടർ ചെയ്യുന്ന ആളല്ലേ എന്നു ചേദിക്കാറുണ്ട്. അതാണ് വലിയ സന്തോഷം. ഇപ്പോഴും ചെറിയ ടെൻഷനുണ്ടെങ്കിലും ആത്മവിശ്വാസം കൂടി. എല്ലാവരും വലിയ സപ്പോർട്ടാണ്. ഇപ്പോൾ രണ്ടു സീരിയലിന്റെയും വർക്ക് ടൈറ്റായി പോകുകയാണ്.

n6

ഉമ്മയില്ലെങ്കില്‍ ഞാനില്ല

ഉപ്പയുടെ പേര് അബ്ദുൾ നാസർ. ഉമ്മ സജിത. ഇരുവരും ബന്ധം വേർപിരിഞ്ഞു. ഉപ്പയുമായി ഇപ്പോൾ ഒരു ബന്ധവുമില്ല. ഞങ്ങൾ രണ്ടു മക്കളാണ്. ചേച്ചി കുടുംബത്തോടൊപ്പം മറ്റൊരു വീട്ടിലാണ്. ഞാൻ അമ്മയ്ക്കൊപ്പമാണ്. എന്റെ ഏറ്റവും വലിയ പിന്തുണ ഉമ്മയാണ്. എനിക്ക് എന്റെ ജീവിതത്തിൽ എന്തെങ്കിലും ആകാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ഉമ്മയാണ്. ഉമ്മ എനിക്കു തരുന്ന ആത്മവിശ്വാസം അത്ര വലുതാണ്. എവിടെയെങ്കിലും തളർന്നു പോയാൽ ഉമ്മ കൂടെ നിൽക്കും. ഉമ്മയില്ലെങ്കില്‍ ഞാനില്ല. ഉമ്മയുടെ അഭിനന്ദനമാണ് ഞാൻ എപ്പോഴും പ്രതീക്ഷിക്കുന്നത്. ഉമ്മയില്ലെങ്കിൽ എന്തു ചെയ്യും എന്ന് എനിക്കറിയില്ല. ഇപ്പോൾ കുറച്ച് ദിവസം ഉമ്മയെ വിട്ട് നിന്നപ്പോൾ തന്നെ വലിയ ബുദ്ധിമുട്ടാണ്. ഉമ്മ വേണം എപ്പോഴും... ‘ആൺകുട്ടി’ ആണെങ്കിലും സത്യയുടെ വാക്കുകൾ ഇടറി, കണ്ണുകൾ നിറഞ്ഞു.