Tuesday 21 May 2024 11:51 AM IST : By സ്വന്തം ലേഖകൻ

മോഹന്‍ലാല്‍ മലയാളികളുടെ ‘ഹാങ് ഓവര്‍’, എത്ര കണ്ടാലും മടുക്കാത്ത മനുഷ്യൻ

mohanlal-3

വലതു തോൾ അൽപ്പം ചരിച്ചോ, ‘എന്താ മോനേ’ എന്ന കുസൃതിച്ചോദ്യത്തോടെ ഒന്നു വട്ടംകറങ്ങിയോ, കണ്ണിറുക്കിച്ചിരിച്ചോ, ഒരിക്കലെങ്കിലും മോഹൻലാലിനെ ശബ്ദം കൊണ്ടോ ശരീരം കൊണ്ടോ അനുകരിക്കാത്തവരുണ്ടാകില്ല, മലയാളികളിൽ. അത്രത്തോളം കേരളീയ ജീവിതത്തിൽ ലയിച്ചു ചേർന്ന സാന്നിധ്യമാണദ്ദേഹം – ഒരേയൊരു മോഹൻലാൽ, പ്രിയപ്പെട്ടവരുടെ ‘ലാലേട്ടൻ’!

ഇന്ന് മോഹൻലാലിന്റെ 64 ആം ജൻമദിനം. സോഷ്യൽ മീഡിയ പ്രിയതാരത്തിനുള്ള പിറന്നാൾ ആശംസകളാല്‍ നിറയുകയാണ്.

ഓരോ ‘ലാൽദിന’വും അദ്ദേഹത്തിന്റെ പുതിയ സിനിമകളുടെ അപ്ഡേറ്റുകൾക്കു കൂടിയുള്ളതാണ്. ഇത്തവണയും അതിനു മാറ്റമുണ്ടാകില്ല. പ്രത്യേകിച്ച്, കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ കൂടിയാണ് മോഹൻലാൽ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നതിനാൽ.

ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’, സൂപ്പർഹിറ്റ് ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എംപുരാൻ’, ‘എൽ 360’, ‘റാം’ എന്നിവയാണ് ഇതിൽ പ്രധാന ചിത്രങ്ങൾ. ഒപ്പം തെലുങ്ക്, കന്നഡ ചിത്രങ്ങളുമുണ്ട്.

‘ബറോസ്’ ഒരു പാൻ ഇന്ത്യൻ സിനിമയാണ്. മുത്തശ്ശിക്കഥകളിലേതു പോലെയൊരനുഭവമാകും ചിത്രം സമ്മാനിക്കുകയെന്നതാണ് സൂചന. സാങ്കേതിക വിദ്യയുടെ പൂർണതയിൽ എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനുതകുന്ന ഒരു ദൃശ്യവിരുന്നാകും ചിത്രം എന്നു പ്രതീക്ഷിക്കാം. മോഹൻലാൽ ആദ്യമായി സംവിധായകനാകുന്നു എന്നതും ‘ബറോസ്’ ന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.

‘ലൂസിഫർ’ നേടിയ വിജയമാണ് ‘എംപുരാൻ’നെ ഇത്രവലിയ പ്രതീക്ഷകളിലേക്ക് നയിക്കുന്നത്. മോഹൻലാലിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു മാസ് എന്റർടെയ്നറാകും സംവിധായകനായ പൃഥ്വിരാജ് അണിയിച്ചൊരുക്കുകയെന്നാണ് സൂചന. സ്റ്റീഫൻ നെടുംപള്ളിയായും അബ്രാ ഖുറേഷിയായും മോഹൻലാൽ എത്തുമ്പോൾ ഒരു ബ്ലോക് ബസ്റ്ററിൽ കുറഞ്ഞൊന്നും മലയാള സിനിമ പ്രതീക്ഷിക്കുന്നില്ല.

മോഹൻലാൽ വീണ്ടും ഗ്രാമീണനായ ഒരു സാധാരണക്കാരനായി എത്തുന്നു എന്നതാണ് ‘എൽ 360’ ന്റെ ഹൈലൈറ്റ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നിവയ്ക്കു ശേഷം സംവിധായകൻ തരുൺ മൂർ‌ത്തി ഒരുക്കുന്ന ചിത്രമെന്നതും പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു. ശോഭനയാണ് നായിക.

ഷൂട്ടിങ് പകുതിയോളം പൂർത്തിയാ ‘റാം’ ഈ വർഷം തിയറ്ററിലെത്തുമെന്നാണ് അനുമാനം. മോഹൻലാലിന്റെ വേറിട്ട കഥാപാത്രവും കഥാപശ്ചാത്തലവുമാകും ‘റാ’മിന്റേത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു മോഹൻലാൽ സിനിമ എന്നതും ഹൈലൈറ്റാണ്.

ഈ സിനിമകളൊക്കെ ഓരോ പ്രേക്ഷകനും ഏറെ ആകാംക്ഷയോടെ, ആവേശത്തോടെ കാത്തിരിക്കുന്നതിന് ഒരു കാരണമേയുള്ളൂ, മോഹൻലാല്‍ മലയാളിയുടെ ഹാങ് ഓവർ ആണ്. എത്ര കണ്ടാലും മടുക്കാത്ത മനുഷ്യൻ. ചിരിയിലും സങ്കടത്തിലും കുസൃതിയിലും പ്രണയത്തിലും സൗഹൃദത്തിലുമൊക്കെ ഒപ്പമുള്ളയാൾ...