Saturday 21 May 2022 10:08 AM IST

ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്... മോഹൻലാൽ അസ്വസ്ഥനായേക്കാം: എന്നാൽ സംഭവിച്ചത്: മേജർ രവി പറയുന്നു

Baiju Govind

Sub Editor Manorama Traveller

major - 1

കീർത്തിചക്രയുടെ ചിത്രീകരണം ആരംഭിച്ച ദിവസം കശ്മീരിലെ പ്രമുഖ പത്രത്തിൽ ഒരു എക്സ്ക്ലൂസിവ് വാർത്ത. ‘‘മേജർ രവി തിരിച്ചെത്തിയിരിക്കുന്നു, രണ്ടാംവരവിൽ ആയുധം തോക്കല്ല; ക്യാമറയാണ്.’’ അതിരാവിലെ പത്രം വായിച്ച മേജർ രവി വാർത്തയിലെ അപകടം തിരിച്ചറിഞ്ഞു. ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് ലേഖകൻ എക്സ്ക്ലൂസിവായി കണ്ടെത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇതറിഞ്ഞാൽ മോഹൻലാൽ അസ്വസ്ഥനായേക്കാം. ഈ പത്രം ലാലിനെ കാണിക്കണ്ട, അദ്ദേഹം അസിസ്റ്റന്റിനോടു നിർദേശിച്ചു. പക്ഷേ, ഷൂട്ടിങ് തുടങ്ങാറായ സമയത്ത് ആ പത്രം ചുരുട്ടിപ്പിടിച്ചുകൊണ്ടാണ് ലാൽ എത്തിയത്. ‘‘അണ്ണന്റെ കളറ് പടം ഒന്നാം പേജിൽ അടിച്ചു വന്നിട്ടുണ്ടല്ലോ’’ ലാൽ തമാശയായിട്ടാണ് ഇതു പറഞ്ഞതെങ്കിലും അതിൽ അൽപം ഗൗരവമുണ്ടെന്നു മേജറിനു തോന്നി.

പേടിയുണ്ടോ, തിരിച്ചു പോയാലോ? മേജർ രവി മോഹൻലാലിനോടു ചോദിച്ചു.

‘‘നമ്മൾ വന്നതു ഷൂട്ടിങ്ങിനാണ്. അതു കഴിഞ്ഞിട്ടു തിരിച്ചു പോകാം’’ ലാലിന്റെ മറുപടിയിൽ‌ ‘മേജർ മഹാദേവന്റെ’ ശബ്ദം സംവിധായകൻ കേട്ടു. സൈനിക ഉദ്യോഗസ്ഥനിലേക്കു പരകായ പ്രവേശം നടത്തിയ നടൻ ക്യാമറയ്ക്കു മുന്നിൽ എത്തിയപ്പോഴേക്കും ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഇന്ത്യൻ ആർമി സുരക്ഷാ വലയം സൃഷ്ടിച്ചിരുന്നു. മേജർ രവിയുടെ സർവീസ് ഹിസ്റ്ററി അറിയാമായിരുന്ന ജനറൽ വേണുവാണ് സിനിമാ ചിത്രീകരണ സ്ഥലത്തു പട്ടാളത്തെ വിന്യസിക്കാൻ ഉത്തരവിട്ടത്. പട്ടാളത്തിലായാലും സിനിമയിലായാലും മേജർ രവിയുടെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്ന് മുൻ സഹപ്രവർത്തകർക്ക് അറിയാം. അതിനാൽ രവിയെ അറിയിക്കാതെയാണ് സിനിമാ സംഘത്തിനു ചുറ്റും ആർമി ജനറൽ വേണു സൈനികരെ വിന്യസിച്ചത്.

‘‘കശ്മീർ ഷെഡ്യൂൾ ഇരുപത്തഞ്ചു ദിവസത്തിനുള്ളിൽ പൂർത്തിയാക്കി. അതിനിടയ്ക്ക് പന്ത്രണ്ടു സ്ഥലത്ത് ഗ്രനേഡ് ആക്രമണം ഉണ്ടായി. അതൊക്കെ ലൊക്കേഷനിൽ നിന്ന് ഒന്നു രണ്ടു കിലോമീറ്റർ അകലെയായിരുന്നു No Casualities...’’ ജീവിതയാത്രയിലെ അധ്യായങ്ങൾ ഓർത്തെടുത്ത് മേജർ രവി പറഞ്ഞു തുടങ്ങി. സിനിമയിലേതു പോലെ ത്രില്ലർ കഥകളാണ് സീൻ ബൈ സീൻ കടന്നു വന്നത്.

സീൻ ഒന്ന്: പട്ടാമ്പി – ലോണവാല

നാട്ടുരാജാവിന്റെ സൂപ്പർവൈസറായിരുന്ന രയിരു നമ്പ്യാരുടെ ചെറുമകനാണു രവി. പട്ടാമ്പിയിലെ ‘സൂപ്പർവൈസേഴ്സ് ബംഗ്ലാവി’ൽ നിന്ന് സ്കൂളിലേക്കു പുറപ്പെട്ട രവി പലപ്പോഴും ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കു പോയി. അങ്ങനെയിരിക്കെ രവിയെ പട്ടാളത്തിൽ ചേർക്കാൻ വീട്ടുകാർ തീരുമാനിച്ചു. ബോംബെയിലെ ലോണവാലയിലെത്തി ഇന്ത്യൻ നേവിയിൽ ചേരാൻ പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. പട്ടാളത്തിൽ ജോലി ചെയ്തിരുന്ന ചെറിയച്ഛൻ സുകുമാരൻ നായരുടെ നിർദേശ പ്രകാരം രവി പിന്നീട് ഇന്ത്യൻ ആർമിയിൽ പരീക്ഷയ്ക്കു ഹാജരായി. ടെസ്റ്റ് പാസായ രവിക്ക് മഹാരാഷ്ട്രയിലെ നാസിക് റോഡിലായിരുന്നു സൈനിക പരിശീലനം. പിന്നെയും ഒന്നര വർഷം കഴിഞ്ഞ് രവിക്കു നിയമനം ലഭിച്ചത് ജമ്മുവിലെ രജൗറിയിലായിരുന്നു.

major - 2

വർഷം 1976. പട്ടാമ്പിയിൽ നിന്നു ട്രെയിനിൽ കയറിയ രവി രജൗറിയിലെത്തി. പ്രധാന റോഡിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ കാടിനുള്ളിലാണ് മിലിറ്ററി ക്യാംപ്. അതു വഴി ക്യാംപിലേക്കുള്ള സാധനങ്ങളുമായി എത്തിയ ട്രെക്കിൽ കയറിയ രവി സുരക്ഷിതനായി ജോലിയിൽ പ്രവേശിച്ചു.

ട്രെയിനിങ് കഴിഞ്ഞതോടെ പട്ടാളക്കാരൻ രവി രാജ്യസ്നേഹത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞു. മതവും ജാതിയും ഭാഷയും വേർതിരിവില്ലാതെ അദ്ദേഹം ദേശാഭിമാനത്തിന്റെ കുടയിൽ അണിനിരന്നു. ക്യാംപിനു സമീപത്തുണ്ടായിരുന്ന അരുവിയിലെ കുളിയും പട്രോളിങ്ങുമായി ദിവസങ്ങൾ മുന്നോട്ടു നീങ്ങി. ഈ സമയത്താണ് രാജസ്ഥാനിലെ പൊക്രാനിൽ സൈനിക പ്രോഗ്രാമിൽ പങ്കെടുക്കാൻ നിർദേശം ലഭിച്ചത്.

ഇന്ത്യ ബോംബ് പരീക്ഷണം നടത്തുന്ന മരുഭൂമിയാണു പൊക്രാൻ. രവി ഉൾപ്പെടെ രജൗറിയിലെ യുവ സൈനികർ സ്പെഷൽ ട്രെയിനിൽ പഞ്ചാബിലെ ബത്തിൻ‍ഡ റെയിൽവെ േസ്റ്റഷനിലെത്തി. രാജ്യത്തെ ഏറ്റവും വലിയ റെയിൽവെ േസ്റ്റഷനാണ് ബ്രിട്ടിഷുകാർ നിർമിച്ച ബത്തിൻഡ. സൈനിക ആവശ്യങ്ങൾക്കുള്ള ട്രെയിനുകൾ മാത്രേ അംബാല ഡിവിഷനിലുള്ള ബത്തിൻഡയിൽ നിർത്താറുള്ളൂ.

സീൻ രണ്ട്: ടെലിഗ്രാഫ് ഓപ്പറേറ്റർ

നാൽപ്പത്തഞ്ചു വർഷം മുൻപുള്ള രാജസ്ഥാനിലെ മരുഭൂമി. ജിപിഎസും ഗൂഗിൾ മാപ്പും ഇല്ല. രവിക്ക് വയർലെസ് ഓപ്പറേറ്ററുടെ ചുമതലയായിരുന്നു. ബാറ്ററിയിൽ നിന്നു കേബിൾ ഘടിപ്പിച്ചാണ് അക്കാലത്തു കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഒരു രാത്രിയിൽ പൊടുന്നനെ കമ്യൂണിക്കേഷൻ തടസ്സപ്പെട്ടു. ബാറ്ററിയിൽ നിന്നുള്ള ലൈൻ മുറിഞ്ഞതായിരുന്നു. കേബിളിന്റെ ഒരറ്റത്തു പിടിച്ച് ബാറ്ററി സ്ഥാപിച്ച സ്ഥലത്തേക്ക് രവി നടന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ കേബിളിന് അസാധാരണ ഭാരം. പതുക്കെയൊന്നു കുടഞ്ഞു. പൊടുന്നനെ എന്തോ ഒരു സാധനം തെറിച്ചു വന്ന് രവിയുടെ ചുമലിൽ തട്ടി താഴെ വീണു. മണലിനുള്ളിലേക്ക് നുഴയുന്ന മണൽ പാമ്പിനെയാണ് ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടത്. ബൂട്ടിനുള്ളിലും പുതപ്പിലും കയറിക്കൂടിയ വിഷപ്പാമ്പുകളെ തോണ്ടിയെറിയുന്നത് പിന്നീട് രവിക്കു ശീലമായി.

മേജർ രവി സ്പീക്കിങ്

ബാല്യകാലത്ത് പഴനിയിലേക്കും രാമേശ്വരത്തേക്കും പോയതാണ് എന്റെ ജീവിതത്തിലെ ആദ്യകാല ദീർഘയാത്ര. സൈന്യത്തിൽ ചേരാനുള്ള പരീക്ഷയ്ക്കായി ആദ്യം ബോംബെയിലെത്തി. പിന്നീട് ജോലിക്കായി ജമ്മുവിലെ രജൗറിയിൽ. അതു കഴിഞ്ഞ് രാജസ്ഥാനിലെ പൊക്ര. ആദ്യകാലത്ത് കൂടുതൽ സമയം ഡ്യൂട്ടി ചെയ്തത് ജമ്മുവിലാണ്. അതിർത്തിയിലെ കുന്നും മലനിരയും ഇന്നത്തേതു പോലെ ആയിരുന്നില്ല. ആൾപെരുമാറ്റം കുറവായതിനാൽ സൈനിക പാതകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ദാൽ തടാകവും മഞ്ഞു പെയ്യുന്ന ജമ്മുകശ്മീരും സ്വപ്നലോകം പോലെ സുന്ദരമായിരുന്നു. പഞ്ചാബികളും പണ്ഡിറ്റുകളും മുസ്‌്ലിംകളും സൗഹൃദത്തോടെ ജീവിച്ചിരുന്ന കേന്ദ്ര ഭരണ പ്രദേശമായിരുന്നു കശ്മീർ.

ജമ്മുകശ്മീരിൽ എല്ലാ പ്രദേശങ്ങളും സൈനിക നിരീക്ഷണത്തിലാണ്. കാഴ്ച ആസ്വദിക്കാൻ പോകുന്നവർ സോചില പാസ് കടന്ന് കാർഗിൽ സെക്ടറിലേക്കും ലേ – ലഡാക്കിലേക്കും സഞ്ചരിക്കുന്നു. കശ്മീരിലെ മറ്റു മലമ്പാതകളുമായി താരതമ്യം ചെയ്താൽ ലേ–ലഡാക്ക് പ്രദേശങ്ങളെ ‘ട്രെക്കിങ് റൂട്ട്’ എന്നു വിശേഷിപ്പിക്കാം. അവിടെ ഭംഗിയുള്ള മലനിരയും അരുവികളും കുന്നിൻചെരിവുകളുമുണ്ട്. കുറേ ദൂരം യാത്ര ചെയ്താൽ സൈനിക പിക്കറ്റുകൾ കാണാം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ള ആളുകളെ കാണുന്നത് പട്ടാളക്കാർക്ക് ആശ്വാസവും സന്തോഷവുമാണ്.

ടേണിങ് പോയിന്റ്

സ്കൂൾ വിദ്യാഭ്യാസം പട്ടാമ്പിയിലും കൂറ്റനാടുമായിരുന്നു. നിരവധി തവണ ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാൻ പോയിട്ടുണ്ട്. മിലിറ്ററിയിൽ ജോലി ചെയ്യുമ്പോഴും സമയം കിട്ടുമ്പോഴെല്ലാം സിനിമ കാണുമായിരുന്നു. അവധിക്ക് നാട്ടിലെത്തുമ്പോൾ അനിതയേയും മകൻ അർജുനേയും കൂട്ടി സിനിമ കാണാൻ പോകും. പണ്ടു മുതൽ അർജുന് സിനിമയേക്കാൾ താൽപര്യം ഫോട്ടോഗ്രഫിയോടാണ്. സിനിമാ മേഖലയിൽത്തന്നെ ക്യാമറയിൽ പുതുപരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് അർജുൻ.

ആൻഡമാനിലെ പോർട്ബ്ലെയറിൽ കാലാപാനിയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് മോഹൻലാലിനെ പരിചയപ്പെട്ടത്. പ്രിയദർശനെ അതിനു മുൻപേ പരിചയം ഉണ്ടായിരുന്നു. ഇവരോടൊപ്പം ഏറെ സമയം ചെലവിട്ടപ്പോൾ അഭിനയമോഹം കലശലായി. പ്രിയന്റെ സിനിമകളിൽ ഒന്നു രണ്ടു സീനിൽ അഭിനയിക്കാൻ അവസരം കിട്ടിയെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായിരുന്നില്ല.

major - 3

മിലിറ്ററി ഇന്റലിജൻസിൽ നിന്നു രാജിവയ്ക്കാനുള്ള തീരുമാനമാണ് സിനിമാ പ്രവർത്തനത്തിനു ശക്തി പകർന്നത്. ഫീൽഡിൽ പോരാടിയ പട്ടാളക്കാരന് ഓഫിസിൽ ഇരുന്നുള്ള ജോലി വലിയ വിരസതയാണ്. അതിനാലാണ് ഞാൻ മിലിറ്ററി ജോലി രാജിവച്ചത്. നാട്ടിലെത്തിയ ശേഷം സ്വന്തം ജീവിത കഥ എഴുതിത്തുടങ്ങി. അതൊരു തിരക്കഥയുടെ രൂപത്തിലാക്കാൻ സംവിധായകൻ രഞ്ജിത്തിനെയും രൺജി പണിക്കരേയും കണ്ടു. ‘‘ഇതിൽ തിരുത്തൊന്നും വരുത്താനില്ല. നിങ്ങൾക്കു പറയാനുള്ള കാര്യങ്ങൾ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്’’ അവരുടെ വാക്കുകൾ എനിക്കു പ്രോത്സാഹനമായി. നിർമാതാവ് ആർ.ബി. ചൗധരിയുടെ മുന്നിൽ എത്തുന്നതു വരെയുള്ള ദൈർഘ്യമേറിയ ശ്രമത്തിനൊടുവിൽ ഞാൻ ‘കീർത്തിചക്ര’യുടെ സംവിധായകനായി. സിനിമയിൽ എന്നെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ, കീർത്തിചക്ര എന്ന സിനിമയുടെ കഥ കേട്ട് അഭിനയിക്കാൻ തയാറായ മോഹൻലാലിനോടും ആ ചിത്രം നിർമിക്കാൻ തയാറായ രത്നലാൽ ഭഗത്റാം ചൗധരി എന്ന ആർ.ബി. ചൗധരിയോടും മാത്രമാണ്.

സംവിധാനം – മേജർ രവി

കാലാപാനിയുടെ ലൊക്കേഷനിൽ വച്ചു സുഹൃത്തായി മാറിയ ക്യാമറാമാൻ സന്തോഷ് ശിവനാണ് എന്നെ ഹിന്ദി സിനിമയിലെ സംവിധായകരുമായി പരിചയപ്പെടുത്തിയത്. പട്ടാളക്കാരുടെ ജീവിതം പ്രമേയമാക്കിയ ‘പുക്കാർ’ ഇറങ്ങിയപ്പോഴേക്കും സംവിധാനത്തിന്റെ അടിസ്ഥാനപാഠങ്ങൾ ഞാൻ മനസ്സിലാക്കി. മിലിറ്ററി ഇന്റലിജൻസിലെ ജോലിയിൽ നിന്നു ലീവ് എടുത്താണ് ബോളിവുഡ് സിനിമകളിൽ പ്രവർത്തിച്ചത്. പിന്നീട് മിലിറ്ററി ഉദ്യോഗം രാജിവച്ച ശേഷം മദ്രാസിലേക്കു മടങ്ങി. ഇക്കാലത്ത് എന്റെ ജീവിതാനുഭവങ്ങൾ എഴുതി. ആ കഥയാണ് കീർത്തിചക്ര.

ഇരുപത്തഞ്ചു ദിവസം കശ്മീരിന്റെ ഭൂപ്രകൃതി കീർത്തിചക്രയ്ക്കു വേണ്ടി ക്യാമറയിൽ പകർത്തി. കുന്നുകളും റോഡും ഗ്രാമങ്ങളുമെല്ലാം ആ സിനിമയ്ക്കു പശ്ചാത്തലമായി. അവസാന രംഗങ്ങൾ ഒറ്റപ്പാലത്ത് ഒരു തീപ്പെട്ടി കമ്പനിയിൽ സെറ്റിട്ടാണു ചിത്രീകരിച്ചത്. ജീവയ്ക്ക് വെടിയേൽക്കുന്നതും വില്ലനെ മോഹൻലാൽ വെടിവച്ചു കൊല്ലുന്നതും ഉൾപ്പെടെ രംഗങ്ങൾ അഞ്ചു ദിവസങ്ങളിലായി ഒറ്റപ്പാലത്തു ചിത്രീകരിച്ചു. പട്ടാളക്കാരുടെ രാജ്യസ്നേഹം പ്രമേയമാക്കിയ കീർത്തിചക്രയിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം എനിക്കു കിട്ടി.

കശ്മീർ പശ്ചാത്തലമാക്കി ഷൂട്ട് ചെയ്ത മറ്റൊരു സിനിമയാണു പിക്കറ്റ് 43. പൃഥ്വിരാജിന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങളുള്ള സിനിമയാണിത്. ഷോപ്പിയാൻ സെക്ടറിലായിരുന്നു ചിത്രീകരണം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഷോപ്പിയാനിൽ മുഗൾ ചക്രവർത്തിമാർ നിർമിച്ച ‘മുഗൾറോഡ്’ ലോക പ്രശസ്തമാണ്. ജമ്മുകശ്മീരിലെ ഹീർപൊറ വൈൽഡ് ലൈഫ് സാങ്ചുറിയുടെ സമീപത്തുള്ള സ്ഥലമാണു ഷോപ്പിയാൻ. പിർപഞ്ചാൽ റെയ്ഞ്ചിലെ ഏറ്റവും തണുപ്പേറിയ പ്രദേശം. രാവിലെ ഏഴിന് കൊടുംമഞ്ഞിനെ വകവയ്ക്കാതെ ലൊക്കേഷനിലെത്തിയ രാജുവിന്റെ ആത്മാർഥത ആ കഥയെ റിയലിസ്റ്റിക്കായി ചിത്രീകരിക്കാൻ സഹായിച്ചു.

major - 4

ഭീകരാക്രമണത്തിൽ നാൽപ്പതിലേറെ സൈനികർ കൊല്ലപ്പെട്ട പുൽവാമ ജില്ലയിലാണ് ഷോപ്പിയാൻ. വനപ്രദേശമായതിനാൽ ഭീകരരുടെ ഭീഷണി നിലനിൽക്കുന്നുണ്ട്.

ക്ലൈമാക്സ്

പ്രത്യേക സുരക്ഷ എർപ്പെടുത്തിയ സ്ഥലമാണെങ്കിലും ശ്രീനഗറിലുള്ള ഗുൽമാർഗ്, ദാൽ തടാകം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രശസ്തമാണ്. ഗുൽമാർഗിൽ കേബിൾ കാറുണ്ട്. റോപ് വേ സ്ഥാപിച്ചിട്ടുള്ള മലഞ്ചെരിവിലൂടെ ട്രെക്കിങ്ങിന് ധാരാളം ടൂറിസ്റ്റുകൾ എത്തുന്നു. അവിടത്തെ ഒട്ടുമിക്ക പാതകളിലും ഗ്രാമങ്ങളിലും ഞാൻ നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ ആ സ്ഥലങ്ങൾക്കെല്ലാം ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു.

ഓഫിസർ റാങ്കിൽ എത്തിയ ശേഷം എനിക്കു മീററ്റിലേക്കു മാറേണ്ടി വന്നു. ആ യാത്രയിൽ ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള പ്രകൃതിയെ അടുത്തറിഞ്ഞു.

അതിനു ശേഷമാണ് കമാൻഡോ വിഭാഗത്തിലേക്കു ജോലി മാറിയത്. അതോടെ ഉത്തരവാദിത്തങ്ങളിൽ വലിയ മാറ്റമുണ്ടായി. അക്കാലത്തെ കശ്മീർ ആഭ്യന്തരമന്ത്രിയുടെ മകളെ ഭീകരർ ബന്ധിയാക്കിയ ദിവസം ഒരിക്കലും മറക്കില്ല. ഞാൻ ഉൾപ്പെടെ പത്തു കമാൻഡോകളുടെ സംഘമാണു ‘റസ്ക്യൂ മിഷനു’ നിയോഗിക്കപ്പെട്ടത്. ഞങ്ങൾ സായുധരായി ഇരച്ചു കയറാൻ തുടങ്ങിയപ്പോഴേക്കും നീക്കങ്ങൾ നിർത്തിവയ്ക്കാൻ ഡൽഹിയിൽ നിന്നു നിർദേശം ലഭിച്ചു. നാലു ഭീകരരെ മോചിപ്പിക്കണമെന്നുള്ള ഭീകരരുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചതോടെയാണ് മിഷൻ ഉപേക്ഷിച്ചത്. മന്ത്രിയുടെ മകളെ മോചിപ്പിച്ചതിനു പകരം കൊടും ഭീകരരെ ജയിൽ മോചിതരാക്കേണ്ടി വന്നു. അവരാണ് പിന്നീട് ഇന്ത്യയുടെ വിമാനം റാഞ്ചി കാണ്ഡഹാറിലേക്കു കൊണ്ടു പോയത്.

ബന്ധിയാക്കപ്പെട്ട യുവതിക്കു പോറൽ ഏൽക്കാതെ രക്ഷിക്കാൻ ഞങ്ങളുടെ ടീമിനു കഴിയുമായിരുന്നു. പക്ഷേ ഉന്നത നിർദേശത്തെ തുടർന്ന് ഓപ്പറേഷൻ നിർത്തേണ്ടി വന്നു. ആ ഉത്തരവാണ് പിൽക്കാലത്ത് വിമാനം റാഞ്ചാൻ ഭീകരർ‌ക്ക് ധൈര്യം പകർന്നത്. രാഷ്ട്രീയ താൽപര്യങ്ങൾക്കു മുന്നിൽ സൈനികരുടെ ആത്മവീര്യം നഷ്ടപ്പെടുന്നത് മറ്റുള്ളവർ അറിയാറില്ല. അഥവാ, പട്ടാളക്കാർ സ്വന്തം സങ്കടങ്ങൾ ഒരിക്കലും പുറത്തു കാണിക്കാറില്ല.