Thursday 23 July 2020 11:15 AM IST : By ശ്യാമ

അതെന്താണ് നിങ്ങൾ ഞങ്ങളെ മാത്രം കാണാതെ പോണത് ? ; ചെല്ലാനത്തിന്റെ നൊമ്പരകഥ പറഞ്ഞ് മോളി കണ്ണമാലി

mole

നമുക്ക് രണ്ടു വർഷം പിന്നിലേക്ക് പോകാം. പ്രളയം സംഹാരമാടി നിൽക്കുമ്പോൾ പലരും കൈമലർത്തിയപ്പോൾ ആരും വിളിക്കാതെ അവർ അവരുടെ വള്ളവുമായി വന്നു. വെള്ളകെട്ടിൽ നിന്ന് അവസാനത്തെ ആളെയും കരയ്ക്കു കയറ്റിയിട്ടാണ് അവരന്ന് മടങ്ങിയത്. നമ്മളവരെ ‘രക്ഷകർ’ എന്ന് വിളിച്ച് പോസ്റ്ററുകൾ ഉണ്ടാക്കി, അവരെക്കുറിച്ച് വാതോരാതെ എഴുതി തലങ്ങും വിലങ്ങും ഷെയർ ചെയ്തു. ആദരിച്ചു. മറന്നു.

ഇന്നിപ്പോൾ കടൽ ഇരമ്പി ആ രക്ഷകരുടെ വീടുകൾ ഉപ്പുവെള്ളം കുടിച്ച് ശ്വാസംമുട്ടുന്നു. ശ്രദ്ധയുടെ അവസാന കണ്ണിയിലെങ്കിലും നമ്മൾ അവരെ പെടുത്തിയിട്ടുണ്ടോ എന്ന് ചൂഴിഞ്ഞ് നോക്കേണ്ടി വരും! മോളി കണ്ണമാലി എന്നൊരു സിനിമാക്കാരിയെ നിങ്ങളറിയും അവരുടെ നാടിനെ കരകയറ്റാന്‍ തന്നാൽ കഴിയുന്നത്ര ഉച്ചത്തിൽ മോളിച്ചേച്ചി സംസാരിക്കുന്നു...

‘‘പത്ത് പൈസേടെ പണിക്ക് പോകാൻ പറ്റാത്ത അവസ്ഥ. ഞങ്ങൾ കടലിലും കായലിലും പോയി പണിയെടുത്ത് ജീവിക്കണ ആൾക്കാരാണ്. ഇപ്പെ ദേ..വെള്ളത്തിലും ഇറങ്ങാന്‍ പറ്റില്ല, മണ്ണിലും നിൽക്കാൻ പറ്റില്ലാത്ത അവസ്ഥയാണ് ഞങ്ങൾടെ! മിക്ക വീടുകളിലും കഞ്ഞി വെച്ചിട്ട് ദിവസങ്ങളായി. കുടിവെള്ളം പോലും കിട്ടണില്ല മക്കളേ... വെള്ളം കേറി എല്ലാടത്തും ചേറ് നിറഞ്ഞ് കിടക്കേണ്. ബീച്ച് റോഡ്, ചെല്ലാനം, പള്ളിത്തോട്, അഴീക്കൽ... ഇങ്ങനെ നെരത്തിപ്പിടിച്ച് കടല് കേറലാണ്. സുനാമി വന്നട്ട് പോലും ഇത്രോം നാശനഷ്ടം വന്നിട്ടില്ല. ലോക്ഡൗണും പ്രശ്നങ്ങളും കാരണം മരുന്നിന് പോലും പോകാതെ കിടന്ന് കഷ്ടപ്പെടുകേണ് ആൾക്കാര്.

എന്റെ വീടിന് ഇപ്പോ പ്രശ്നമില്ല, ഇത്തിരി കിഴക്കോട്ട് മാറിയാണ് വീട്. എന്റെ വീടിന് വന്നാൽ മാത്രമേ ഞാൻ പറയാൻ പാടുള്ളൂ എന്നൊന്നുമില്ലല്ലാ... എന്റെ ആളുകളുടെ കാര്യം ഞാൻ പറയണ്ടേ? ബന്ധുക്കളുടേയും ഒപ്പമുള്ളവരുടെയും വീടുകൾ വെള്ളത്തിലാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞിരിക്കുന്ന ആളാണ് ഞാൻ. കഴിഞ്ഞ മാർച്ചിൽ ചെക്കപ്പും കഴിഞ്ഞ് പോന്നതാ, പിന്നെ പത്ത് കാശിന്റെ മരുന്നിന് പോകാൻ പറ്റിയിട്ടില്ല. ഈ സിനിമാ നടീന്ന് പേര് മാത്രേയുള്ളൂ കുഞ്ഞിങ്ങൾ കടലിലും കായലിലും പോയി കൊണ്ട് വരുന്നത് കൊണ്ട് തന്നെയാണ് ഉപജീവനം കഴിഞ്ഞ് പോണത്. മൂത്താൾക്ക് വീശു വലയുണ്ട്. ഇളയാളും പണിക്ക് പോകും അവരും ഭാര്യമാരും കുഞ്ഞിങ്ങളും അടക്കം ഒൻപത് പേര് വീട്ടിലുണ്ട്. പലിശക്കാരോട് കാശുവാങ്ങിയാലും എന്തെടുത്തിട്ട് തിരികെക്കൊടുക്കും ഞങ്ങൾ? റേഷനരി കിട്ടുന്നതാണ് ഏക ആശ്വാസം അല്ലെങ്കിൽ ഇതിനോടകം എല്ലാം തീർന്നേനേ...

ഇതൊക്കെ മുൻപേ കണ്ട് ചെയ്യേണ്ടതല്ലേ?

ഞങ്ങൾക്ക് വേണ്ടി എന്തേലും പ്രഖ്യപിച്ചിട്ടുണ്ടോ വലിയ പദ്ധതികൾ വരുന്നുണ്ടോ എന്നൊന്നും എനിക്കറിയാൻപാടില്ല. പക്ഷേ, ഈ പ്രദേശത്ത് കൊറോണ കാരണമുള്ള ആദ്യത്തെ ലോക്ഡൗൺ മുതൽ ഈ നേരം വരെ ഞങ്ങക്ക് പഞ്ചായത്തിന്നോ ഗവർമെന്റിന്നോ ഒരെടുത്തൂന്നും കാര്യമായ സഹായം കിട്ടീട്ടില്ല. ആനുകൂല്യം കിട്ടണത് പോട്ടേ ഞങ്ങടെ വാർഡ് മെമ്പർ പോലും ഇതുവരെ ഒന്ന് വിളിച്ച് എന്താണവസ്ഥ എന്ന് ചോദിച്ചിട്ടില്ല. ഒന്നുമില്ലേലും ചത്തോ ജീവിച്ചോ എന്നൊന്ന് അറിയാനെങ്കിലും വിളിച്ചൂടെ... ദേ, ഇപ്പോ നിങ്ങൾ വനിതേന്ന് വിളിച്ചില്ലേ... അതുപോലെയെങ്കിലും ഒരു വാക്ക്...! ഇതൊക്കെ ആരോടാണ് പോയി പറയേണ്ടത്? പറയാൻ പോലും ആളില്ലാത്ത അവസഥ!

കൊറോണ പുതിയ സംഭവോണ് പക്ഷേ, ഈ കടലുകേറ്റം എല്ലാക്കൊല്ലോം നടക്കുന്നതല്ലേ, അപ്പോ അതിനു മുന്നേ സംരക്ഷണത്തിനെന്തേലും ചെയ്തു വയ്ക്കേണ്ടതല്ലേ...? ഇവിടത്തെ ആളുകളൊക്കെ കൂടി അപേക്ഷ കൊടുത്ത് അവസാനം പേരിനു വേണ്ടി സർക്കാരീന്ന് വന്ന് ഇത്തിരി കല്ലിട്ടു, അതൊക്കെ കടലു കൊണ്ടുപോയി.

വാട്സ്അപ്പിൽ ഇപ്പോ ഒരു വീഡിയോ വരണുണ്ട്... ഞങ്ങടെ കഷ്ടപ്പാടാണ് ആ കാണണത്. ഞങ്ങടെയടുത്ത് ഒരാൾ വിശക്കുന്നെന്ന് പറഞ്ഞ് വന്നാ ഞങ്ങക്കുള്ളത് അവർക്ക് കൊടുക്കണ ആൾക്കാരാണ് ഞങ്ങൾ... ആ ഞങ്ങടെ കുഞ്ഞുങ്ങൾ വെശക്കണമ്മേന്നും പറഞ്ഞ് കരയുമ്പോ ഒപ്പം കരയാനല്ലാതെ ഒന്നിനും പറ്റണില്ലല്ലോ എന്നൊള്ളൊരു അങ്കലാപ്പാണ് മനസ്സിൽ. ദൈവവിളിയാണ് മക്കളേ ഇപ്പോ മുന്നോട്ട് നടത്തണത്. കെട്ട് പോയാലും പിന്നേയും ആ തീകൊളുത്തി നാഴിയരി വയ്ക്കാനുള്ള വക ദൈവം തരണേന്നാണ്!

Tags:
  • Movies