Monday 25 October 2021 09:05 AM IST : By സ്വന്തം ലേഖകൻ

‘എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം’: മുല്ലപ്പെരിയാർ ഡാം: പ്രതികരിച്ച് താരങ്ങളും

mullapperiyar

മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ടു ചലച്ചിത്ര പ്രവർത്തകരും. നടൻമാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ് തുടങ്ങി നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. ‘ഡീകമ്മിഷൻ മുല്ലപ്പെരിയാർ ഡാം’ എന്ന ഹാഷ് ടാഗോടെയാണു പോസ്റ്റുകൾ.

വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെയായാലും 125 വർഷം പഴക്കമുള്ള ഡാം ഇപ്പോഴും പ്രവർത്തിപ്പിക്കുന്നതിനു ന്യായീകരണം ഇല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ മാറ്റിവച്ച് ഇക്കാര്യത്തിൽ ശരിയായ തീരുമാനം കൈക്കൊള്ളേണ്ട സമയമാണിതെന്നും പൃഥ്വിരാജ് പറയുന്നു.

40 ലക്ഷം ജീവനുകൾക്കു വേണ്ടി എന്നും ഹാഷ്ടാഗിനൊപ്പം ചേർത്തിട്ടുണ്ട്.

‘ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയിൽ സമർപ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകൾ സഹിതം പ്രതിപ്പട്ടികയിൽ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാൻ ഒരു കോടതിക്കും സാധിക്കില്ല’.–ജൂഡ് ആന്തണി പറയുന്നു.

പോസ്റ്റുകൾക്കു വൻ സ്വീകാര്യതയാണു ലഭിക്കുന്നത്.