Tuesday 23 July 2019 03:01 PM IST : By സ്വന്തം ലേഖകൻ

‘പകയിൽ നീറിയൊടുങ്ങുമ്പോള്‍ മഴ അറിയണം, കലക്ടർ അവരുടെ രാജാവായിരുന്നു എന്ന്’; മുരളി ഗോപിയുടെ കിളിപറത്തിയ അവധിയപേക്ഷ

mg

മഴ മാനത്ത് കണ്ടതോടെ അവധിയൊപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ചില വിദ്യാർത്ഥി വിരുതൻമാർ. കലക്ടർമാരുടെ ഫെയ്സ്ബുക്ക് പേജ് ലക്ഷ്യമാക്കെയെത്തുന്ന ഇക്കൂട്ടർ കമന്റ് ബോക്സിൽ ഒരു ലോഡ് അവധിയപേക്ഷകളാണ് നിറയ്ക്കുന്നത്. സംഭവം ട്രോൾ പേജുകൾ ആഘോഷമാക്കുന്നതിനിടെ ഇതാ ഒരു അഡാർ ഐറ്റം. മഴ മുൻ നിർത്തി കലക്ടർക്കു മുമ്പാകെ സമർപ്പിച്ച അവധിയപേക്ഷയിൽ ലൂസിഫർ സിനിമാ ഡയലോഗ് മിക്സ് ചെയ്തതാണ് ചിരിയുണർത്തുന്നത്. ലൂസിഫറിലെ ‘ഒരേയൊരു രാജാവ്’ പഞ്ച് ഡയലോഗിൽ ഒരു വിരുതൻ അവധിയപേക്ഷ മിക്സ് ചെയ്തത് ഇങ്ങനെ.

‘ സാറേ സാർ വിദ്യാർത്ഥികൾ അപേക്ഷിക്കുന്നത് കേട്ടിട്ടുണ്ടോ? കാലാവസ്ഥ തങ്ങളുടെ മാറ്റം കൊണ്ടും. സ്വാർത്ഥത കൊണ്ടും വിദ്യാർത്ഥികളുടെ പാതയെ എല്ലാം വശത്തു നിന്നും ആക്രമിക്കുന്നു. ഈ വെള്ളക്കെട്ടിന്റെ താഴ്‍വരയിൽ നിന്നും വിദ്യാർത്ഥികളെ കരകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു. കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും, വഴിയിൽ തെറ്റിവീണ കുട്ടികളുടെ വഴികാട്ടിയും ആകുന്നു. അതിനാൽ അങ്ങയുടെ സഹോദരങ്ങളെ പ്രളയം വരുത്തി വച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നവർ ആരായാലും അവരുടെ മേൽ അവധി കൊടുത്ത് അങ്ങ് പ്രഹരമേൽപ്പിക്കണം. അങ്ങയുടെ പകയിൽ നീറിയൊടുങ്ങുമ്പോള്‍ മഴ അറിയണം. അങ്ങ് അവരുടെ രാജാവായിരുന്നു എന്ന്...ഒരേയൊരു രാജാവ്....

ഇത്രയും കാണാണ്ട് പഠിച്ച് എഴുതിയതല്ലേ...സാർ ഒരവധി.’

സംഭവം വൈറലായതോടെ യഥാർത്ഥ ഡയലോഗിന്റെ സൃഷ്ടാവും ലൂസിഫർ തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഈ അപേക്ഷ ഷെയർ ചെയ്തിട്ടുണ്ട്. എന്തായാലും ഈ രസികൻ അവധിയപേക്ഷ സോഷ്യൽ മീഡിയയിൽ ചിരി വിതറി മുന്നോട്ടു പോകുകയാണ്.