Saturday 04 May 2019 12:43 PM IST : By സ്വന്തം ലേഖകൻ

പൃഥ്വിയുമായുള്ള ഡേറ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ചു, 'മൈ സ്റ്റോറി'യുടെ ഷൂട്ടിങ് പുനരാരംഭിക്കും

my-story-director

നടന്‍ പൃഥ്വിരാജിന്റെ ഡേറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ 'മൈ സ്റ്റോറി'യുടെ ഷൂട്ടിങ് ഈ മാസം 18ന് പുനരാരംഭിക്കും. സിനിമയെ സംബന്ധിച്ച്  നിലനിന്നിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്നും, ഈ മാസം പുനരാരംഭിക്കുന്ന ഷൂട്ടിങ് ജനുവരിയോടെ പൂര്‍ത്തിയാക്കുമെന്നും സംവിധായിക റോഷ്‌നി ദിനകര്‍ പറഞ്ഞു. കോസ്റ്റ്യൂം ഡിസൈനറായ റോഷ്‌നി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

സിനിമയിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് പാര്‍വതിയാണ്. ’എന്ന് നിന്റെ മൊയ്തീന്’ ശേഷം ഇരുവരും കമ്മിറ്റ് ചെയ്ത ചിത്രമാണിത്. പൃഥ്വിയെയും പാർവതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുമായുള്ള ഡേറ്റ് പ്രശ്നങ്ങളാണ് ’മൈ സ്റ്റോറി’യുടെ ചിത്രീകരണം പ്രതിസന്ധിയിലാക്കിയത്.

"രജപുത്ര രഞ്ജിത്തും അഞ്ജലി മേനോനും അവരുടെ ചിത്രത്തിന്റെ ഷെഡ്യൂള്‍ മാറ്റിവയ്ക്കാന്‍ തയാറായതുകൊണ്ടാണ് എനിക്ക് ഷൂട്ടിങ് പുനരാരംഭിക്കാന്‍ കഴിഞ്ഞത്. ഫിലിം ചേംബറിന്റെ ഇടപെടലിലൂടെയാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്. ഇക്കാര്യത്തില്‍ ആരെയും പഴിക്കാനില്ല." റോഷ്‌നി പറഞ്ഞു.

ബിഗ് ബജറ്റ് ചിത്രമായ ’മൈ സ്റ്റോറി’ ചിത്രീകരിക്കുന്നത് ഇന്ത്യയിലും പോര്‍ച്ചുഗലിലുമായാണ്. പോര്‍ച്ചുഗലിൽ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. മുക്കാല്‍ ഭാഗത്തോളം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് പൃഥ്വിയുടെ ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് ചിത്രീകരണം മുടങ്ങിയത്. സിനിമയുടെ നിർമ്മാതാവും റോഷ്‌നി തന്നെയാണ്.