Wednesday 02 March 2022 03:18 PM IST

‘കുടുംബത്തിനോ സിനിമയ്ക്കോ കൂടുതൽ പ്രാധാന്യം എന്ന ഘട്ടം വന്നാൽ ഞാൻ കുടുംബത്തിനൊപ്പം’: നദിയ മൊയ്തു പറയുന്നു

V.G. Nakul

Sub- Editor

nadiya-1

നദിയ മൊയ്തു മലയാളത്തിന്റെ സ്വന്തമാണ്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ ൽ ഗേളിയായെത്തിയ നിമിഷം മുതൽ മലയാളികളുടെ ഹൃദയത്തിൽ പാർപ്പുറപ്പിച്ചതാണ് നദിയ. മൂന്നര പതിറ്റാണ്ടിനു ശേഷം ‘ഭീഷ്മ പർവ്വം’ ത്തിലെ ഫാത്തിമയായി നദിയയെത്തുമ്പോഴും ആ ഇഷ്ടത്തിന് തരിമ്പും കുറവുണ്ടായിട്ടില്ല...അമൽ നീരദ് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനാകുന്ന ‘ഭീഷ്മ പർവ്വം’ തിയറ്ററിലെത്തുമ്പോള്‍ തന്റെ പ്രിയ സംവിധായകനൊപ്പം പ്രവർത്തിക്കാനായതിന്റെയും 11 വർഷത്തിനു ശേഷം മമ്മൂക്കയോടൊപ്പം അഭിനയിക്കാനായതിന്റെയും സന്തോഷത്തിലാണ് നദിയ.

‘‘ഫാത്തിമയെക്കുറിച്ച് ഇപ്പോൾ കൂടുതലൊന്നും പറയാൻ സാധിക്കില്ല. വളരെ പവർഫുള്ളായ ഒരു കഥാപാത്രമാണ്. ബാക്കിയൊക്കെ സിനിമ കാണ്ട ശേഷം...’’.– ഫാത്തിമയെക്കുറിച്ചും ‘ഭീഷ്മ പർവ്വം’ ത്തെക്കുറിച്ചും നദിയ ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.

nadiya-3

‘‘ഞാൻ ഫാത്തിമയെ സ്വീകരിക്കാൻ പല കാരണങ്ങളുണ്ട്. അമൽ നീരദിന്റെ സിനിമയെന്നതും മമ്മൂക്കയോടൊപ്പമുള്ള വേഷമെന്നതുമൊക്കെയാണ് അതിൽ പ്രധാനം. പുതിയ തലമുറയിലെ കഴിവുള്ള കുറേയധികം അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കാനായതും ഭാഗ്യം.

അമൽ നീരദിന്റെ സിനിമകൾ എനിക്ക് വളരെ ഇഷ്ടമാണ്. ഒരു പ്രത്യേക തരം കാൻവാസാണല്ലോ അവയുടേത്. സിനിമയിലെ പുതിയ സ്കൂളിൽ നിന്നുള്ള സംവിധായകനാണ് അമൽ. അതിന്റെതായ വ്യത്യാസം ചിത്രീകരണ ശൈലിയിലൊക്കെയുണ്ട്. ‘ഭീഷ്മ പർവ്വം’ അതുകൊണ്ടൊക്കെ തന്നെ ഒരു പുതിയ അനുഭവമായിരുന്നു’’.– നദിയ പറയുന്നു.

nadiya-2

മമ്മൂക്ക എന്ന സുഹൃത്ത്

മമ്മൂക്കയോടൊപ്പം 11 വർഷത്തിനു ശേഷമാണ് ഒന്നിച്ചഭിനയിക്കുന്നത്. വളരെ യാദൃശ്ചികമായാണ് മമ്മൂക്കയോടൊപ്പമുള്ള സിനിമകളൊക്കെ വന്നത്.

എല്ലാവരും കരുതും പോലെ ഒരു ഗൗരവക്കാരൻ മാത്രമല്ല മമ്മൂക്ക. മമ്മൂക്കയില്‍ ഒരു രസികൻ മനുഷ്യനുമുണ്ട്. അതെപ്പോഴും അദ്ദേഹം പ്രകടിപ്പിക്കാറില്ല എന്നേയുളളൂ. മമ്മൂക്കയോടൊപ്പം പ്രവർത്തിക്കുമ്പോൾ എന്റെ കംഫർട്ട് ലെവൽ വളരെക്കൂടുതലാണ്. ഞങ്ങള്‍ കാണുമ്പോഴൊക്കെ കൂടുതൽ സംസാരിക്കുന്നത് കുടുംബങ്ങളെക്കുറിച്ചും കുട്ടികളെക്കുറിച്ചുമൊക്കെയാണ്. സിനിമയുൾപ്പടെ ധാരാളം കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ചർച്ച ചെയ്യും.

എന്നെക്കാൾ മമ്മൂക്കയുമായി അടുപ്പം എന്റെ പപ്പയ്ക്കായിരുന്നു. പണ്ടൊക്കെ പപ്പയായിരുന്നല്ലോ എന്നോടൊപ്പം എപ്പോഴും സെറ്റിൽ വന്നിരുന്നത്. അപ്പോൾ പപ്പയും മമ്മൂക്കയും കുറേ സംസാരിക്കുമായിരുന്നു. അങ്ങനെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമുണ്ട്.

അഭിനയിക്കുമ്പോൾ മാത്രമല്ല, എല്ലായ്പ്പോഴും ആ പഴയ ഊർജം ഇപ്പോഴും മമ്മൂക്കയിലുണ്ട്. ഒരു മാറ്റവുമില്ല, പഴയ ആളു തന്നെ. മമ്മൂക്കയെ സംബന്ധിച്ച് പ്രായം വെറും നമ്പർ മാത്രമാണ്.

കുടുംബം പ്രധാനം

ഫാമിലിയ്ക്കാണോ സിനിമയ്ക്കാണോ കൂടുതൽ പ്രധാന്യം കൊടുക്കുകയെന്ന ഘട്ടം വന്നാൽ ഞാൻ ഫാമിലിക്കൊപ്പമാണ്. ഫാമിലിയാണ് എന്റെ പ്രയോരിറ്റി. സിനിമ എനിക്കൊരു പാഷനാണ്. അതിനനുസരിച്ചാണ് കരിയർ പ്ലാൻ ചെയ്യുക. ഇപ്പോള്‍ എന്റെ മക്കൾ രണ്ടാളും വിദേശത്താണ്. ഞാനും ഭർത്താവും മാത്രമാണ് വീട്ടിൽ. അതുകൊണ്ട് കൂടുതൽ സമയം കിട്ടും. സിനിമയ്ക്ക് അത് സൗകര്യമാണ്.

nadiya-4

ധാരാളം അവസരങ്ങൾ വരുന്നുണ്ട്. ഞാൻ വീട്ടുകാര്യങ്ങളും കരിയറും ബാലൻസ് ചെയ്ത് മുന്നോട്ടു പോകാൻ ശ്രമിക്കുന്ന ആളാണ്. അപ്പോൾ നല്ല പ്രൊജക്ടുകളും കഥാപാത്രങ്ങളും വന്നാലേ സ്വീകരിക്കുകയുള്ളൂ. തെലുങ്കിൽ അടുത്തിടെ ഞാൻ അഭിനയിച്ച സിനിമകൾ വലിയ ഹിറ്റുകളായതോടെ കൂടുതല്‍ തെലുങ്ക് പടങ്ങൾ ഇപ്പോള്‍ ചെയ്യാന്‍ തുടങ്ങി.

എങ്കിലും വളരെയധികം ചൂസിയാണ്. സ്റ്റീരിയോ ടൈപ്പ് ആകേണ്ട. എല്ലാ സൗകര്യങ്ങളും പരിഗണിച്ച്, സ്ക്രിപ്റ്റ് നോക്കി, ഒത്തു വരുന്നവ സ്വീകരിക്കും.

ഇങ്ങനെ അടുപ്പിച്ചടുപ്പിച്ച് പടം ചെയ്താൽ എങ്ങനെ ശരിയാകും. എന്റെ പക്കൽ അത്രയ്ക്ക് സ്റ്റോക്കൊന്നുമില്ല...ഉള്ളത് തീർത്തു കളഞ്ഞാൽ ശരിയാകില്ല....

ചിരിയോടെ നദിയ പറഞ്ഞു നിർത്തി.