Tuesday 22 December 2020 12:58 PM IST

ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘ജന്മം’ അന്ന് റിലീസായിരുന്നെങ്കിൽ! അബിയും ദിലീപും നാദിർഷയും സിനിമയിൽ എത്തിച്ച നന്ദുവിന്റെ കഥ

V.G. Nakul

Sub- Editor

np1

ബ്രോക്കർ, കണ്ടക്ടർ, സർക്കാർ ഓഫീസിലെ അൽപം ഉടായിപ്പ് സ്വഭാവമുള്ള ജീവനക്കാരൻ, ഭിക്ഷക്കാരൻ, രാഷ്ട്രീയ പ്രവർത്തകൻ, അമ്പലം കമ്മിറ്റിക്കാരൻ, കാര്യസ്ഥൻ... സിനിമയിൽ ഇങ്ങനെയൊരു ക്യാരക്ടർ ഉണ്ടെങ്കിൽ ഉറപ്പ്, ആ റോൾ നന്ദു പൊതുവാളിന് ഉള്ളതാകും. ഒറ്റ സീൻ റോളുകളിലൂടെ ആണെങ്കിലും ഒരുപാട് സിനിമകളുടെ ഭാഗമായിട്ടുള്ള നന്ദു പൊതുവാൾ മലയാള സിനിമയിൽ സജീവമായിട്ട് 30 വർഷം കഴിഞ്ഞു. ഇതിനോടകം അണിഞ്ഞ വേഷങ്ങൾ പലതാണ്. നടൻ, നിർമാണ നിർവഹണ സഹായി, പ്രൊഡക്ഷൻ കൺട്രോളർ എന്നിങ്ങനെ പല റോളുകളിൽ ഒരേ സമയം നന്ദു നിറഞ്ഞു നിൽക്കുന്നു. വിപുലമായ സൗഹൃദലോകവും ലാളിത്യമുള്ള പെരുമാറ്റവുമൊക്കെയായി നന്ദു മലയാള സിനിമയോടൊപ്പമുണ്ട്, എപ്പോഴും...

ഈ ഡിസംബർ 23 ന് നന്ദുവിന് 60 വയസ്സു തികയും. അറുപതാം പിറന്നാളിന്റെ സന്തോഷത്തിനിടയിലും നാദിർഷ–ജയസൂര്യ ചിത്രത്തിന്റെ തിരക്കുകളിലാണ് നന്ദു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കൺട്രോളർ നന്ദുവാണ്. അതിനിടെ തന്റെ ഇത്രകാലത്തെ സിനിമാ ജീവിതത്തെക്കുറിച്ച് അദ്ദേഹം ‘വനിത ഓൺലൈനിൽ’ സംസാരിക്കുന്നു.

‘‘ഡേറ്റ് ഓഫ് ബർത്ത് ഡിസംബർ 23ആണ്. നക്ഷത്ര പ്രകാരം കഴിഞ്ഞ ദിവസമായിരുന്നു പിറന്നാൾ’’. – അദ്ദേഹം പറയുന്നു.

‘‘സിനിമയിൽ സജീവമായിട്ട് മുപ്പത് വർഷത്തോളമായി. എന്നാൽ ആദ്യ സിനിമ ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ആ സിനിമയുടെ പേര് പോലെയാണ് ഇപ്പോഴും എന്റെ സിനിമാ ജീവിതമെന്ന് ഞാൻ തമാശയായി പറയും – ‘സമയമായില്ല പോലും’’.– നന്ദു ചിരിക്കുന്നു.

np3

14 വയസ്സിലെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്

പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് എന്റെ നാടായ ഏലൂരിലായിരുന്നു. ഞാനപ്പോൾ നാട്ടിൽ ഹാസ്യാവതരണവും അമ്പലം കമ്മിറ്റി പ്രവർത്തനവുമൊക്കെയായി സജീവമാണ്. ആ സിനിമയിൽ എന്റെ നാട്ടുകാരനായ ഒരാൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം പറഞ്ഞു – ‘‘സിനിമയിലെ ഒരു സീനിലേക്ക് വെള്ളയും വെള്ളയും ധരിച്ച കുറച്ച് മുതിർന്ന മനുഷ്യരെ വേണം’’. ഞാൻ എന്റെ ബന്ധങ്ങൾ വച്ച് അവർ പറഞ്ഞതിൽ കൂടുതൽ പേരെ സംഘടിപ്പിച്ചു. അച്ഛന്റെ മുണ്ടും എന്റെ യൂണിഫോം ഷർട്ടും ഇട്ട് ഞാനും അവരിലൊരാളായി ആ സീനിൽ അഭിനയിച്ചു. ‘കൃഷ്ണദാസേ നേതാവേ, ധീരതയോടെ നയിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലെ...’ എന്ന മുദ്രാവാക്യവും വിളിച്ച് നീങ്ങുന്ന ആ സിനിമയിലെ ജാഥ സീനിൽ ഞാനുമുണ്ട്. അങ്ങനെ 14–ാം വയസ്സിൽ നടനും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമായി ഞാൻ സിനിമയിൽ അരങ്ങേറി എന്നു പറയാം.

np4

ബോംബെയിലേക്ക്

പഠിക്കുന്ന കാലത്തേ കലാപ്രകടനങ്ങളോടായിരുന്നു താൽപര്യം. ഡിഗ്രിക്ക് പഠിക്കുമ്പോൾ നാടകങ്ങളിൽ സജീവമായി. ഒപ്പം ഹാസ്യ കലാപ്രകടനവുമുണ്ട്. അതിനിടെ ഡിഗ്രി പകുതിയിൽ നിർത്തി ഞാൻ കംപ്യൂട്ടർ സയൻസ് പഠിച്ചു. എന്റെ നാടക ഭ്രമം കണ്ട്, ഞാന്‍ നാട്ടിൽ നിന്നാൽ ശരിയാകില്ല എന്നു തോന്നിയ അച്ഛൻ എന്നെ ബോംബെയില്‍ ബന്ധുക്കളുടെ അടുത്തേക്കു വിട്ടു. അവിടെ ഒരു കമ്പനിയിൽ കാർഡ് പഞ്ച് ഓപ്പറേറ്റര്‍ ട്രെയിനിയായി ഞാൻ ജോലിക്ക് ചേർന്നു. 15 വർഷം ബോംബെയിലായിരുന്നു.

അബിയെ കണ്ടു മുട്ടുന്നു

ബോംബെ ജീവിതം കലാജീവിതത്തിന്റെ വഴിത്തിരിവായിരുന്നു. ബോംബെയിലെത്തി ഏറെക്കാലം കഴിയും മുമ്പേ ഞാൻ അവിടുത്തെ തരംഗിണി ഓർക്കസ്ട്രയുമായി ചേർന്ന് പ്രവർത്തിക്കുവാന്‍ തുടങ്ങി. അതിനിടെയാണ് അബിയെ പരിചയപ്പെടുന്നത്. അബി പഠനത്തിന്റെ ഭാഗമായി ബോംബെയിൽ വന്നതാണ്. അബിയുടെ മിമിക്രി പരിപാടി കണ്ട് ഞാൻ ചെന്നു പരിചയപ്പെടുകയായിരുന്നു. ഞങ്ങൾ സുഹൃത്തുക്കളായി. ഒന്നിച്ച് താമസിക്കാനും പരിപാടികള്‍ അവതരിപ്പിക്കാനും തുടങ്ങി. വൈകാതെ അബി നാട്ടിലേക്ക് പോന്നു. ഞാൻ കുറച്ചു കാലം കൂടി ജോലിയും മിമിക്രി പരിപാടിയുമൊക്കെയായി ബോംബെയിൽ തന്നെ തങ്ങി. ആയിടെയ്ക്കാണ് എന്റെ കല്യാണം കഴിഞ്ഞതും.

np2

മിമിക്രി വഴി സിനിമ

1994 ൽ ഞാൻ നാട്ടിലേക്ക് വന്നു. അബി എന്നെ കൊച്ചിൻ ഓസ്കാറിലേക്ക് വിളിച്ചു. പിന്നീട് അബി തുടങ്ങിയ കൊച്ചിൻ സാഗറിന്റെ പ്രൊഡക്ഷൻ മാനേജരായി. അതിൽ അബി, നാദിർഷ, ദിലീപ്, കോട്ടയം നസീർ, സലിം കുമാർ തുടങ്ങി പല പ്രമുഖരും പ്രവർത്തിച്ചിട്ടുണ്ട്. അതിനിടെ നാദിർഷയുടെ ശുപാർശയിൽ ഒന്നു രണ്ട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

ദിലീപാണ് എന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നത്. സെവന്‍ ആർട്സ് മോഹന്‍ ചേട്ടന് പരിചയപ്പെടുത്തി. ലാലുവും (ലാൽ ജോസ്) വിളിച്ചു പറഞ്ഞു. മോഹനേട്ടനൊപ്പം ലേലത്തിലാണ് ആദ്യമായി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയത്. ലേലത്തിന്റെ സെറ്റിൽ വച്ച് ജോഷി സാറുമായി അടുപ്പത്തിലായി. സാറിന്റെ എല്ലാ പടങ്ങളിലും ഞാൻ പ്രവർത്തിക്കാൻ തുടങ്ങി.

പാണ്ടിപ്പടയാണ് ഞാൻ കൺട്രോളറായ ആദ്യ സിനിമ. ദിലീപാണ് ആ അവസരവും തന്നത്. എന്റെ പേരിൽ വന്ന ആദ്യ സിനിമ വാധ്യാർ ആണ്. ഇതിനോടകം 12 സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി. എം.രഞ്ജിത്തേട്ടനും എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സീരിയലിലേക്ക് വഴി തുറന്നതും അദ്ദേഹമാണ്. 250 സിനിമകളോളം ഇതിനോടകം അഭിനയിച്ചു. വെട്ടം, അറബിയും ഒട്ടകവും പി.മാധവൻനായരും, കല്യാണ രാമൻ തുടങ്ങി കുറേയെറെ നല്ല സിനിമകളിൽ റോളുകൾ കിട്ടി.

റിലീസാകാത്ത സ്വപ്നം

ജോഷി സാറിന്റെ റിലീസാകാതെ പോയ ജൻമം എന്ന ചിത്രത്തിൽ എനിക്ക് ത്രൂഔട്ട് വേഷമായിരുന്നു. സുരേഷ് ഗോപിച്ചേട്ടന്റെ വലം കൈ ആയ കാശി എന്ന റോൾ. ‘ആ സിനിമ ഇറങ്ങിയിരുന്നെങ്കില്‍ നിനക്ക് ഈ പ്രൊഡക്ഷൻ കൺട്രോളറുടെ പണി എടുക്കേണ്ടി വരില്ലായിരുന്നു’ എന്ന് ജോഷി സാർ എപ്പോഴും പറയും. മോഹൻലാല്‍ സാർ ആണ് എന്നെ ഒരുപാട് പിന്തുണയ്ക്കുന്ന മറ്റൊരാൾ.

സമയമായില്ല പോലും

റീതയാണ് ഭാര്യ. മകന്‍ വിഷ്ണു. മോന്റെ കല്യാണമാണ് ഫെബ്രുവരിയിൽ. വിദ്യയാണ് വധു. സാമ്പത്തികമായി വലിയ നേട്ടമോ നീക്കിയിരുപ്പോ ഇല്ല. ജീവിച്ചു പോകുന്നു. ഇഷ്ടപ്പെട്ട പണി ചെയ്യുന്നതിന്റെ സന്തോഷമുണ്ട്. നല്ലൊരു വേഷം ഇതുവരെ കിട്ടിയിട്ടില്ല. എല്ലാവരുമായും വലിയ അടുപ്പമാണ്. പക്ഷേ നല്ല റോളുകൾ വരുന്നില്ല. എന്റെ ആദ്യ സിനിമയുടെ പേര് പോലെ ‘സമയമായില്ലാ’യിരിക്കും.