Friday 01 September 2023 04:31 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’: പ്രതികരിച്ച് നവ്യ നായർ

navya-nair-reply

സമകാലിക സംഭവങ്ങൾ മുൻനിർത്തി തനിക്കു നേരെ വരുന്ന ആരോപണങ്ങളോട് പരോക്ഷമായി പ്രതികരിച്ച് നടി നവ്യ നായർ. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ടാഗ്‌ലൈനോടു കൂടി നവ്യ നായർപങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു നൃത്തവിഡിയോയോടൊപ്പമാണ് നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന് കവിതാ ശകലം നവ്യ നായർ പങ്കുവച്ചത്.

‘‘നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക.  കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക.’’– എന്നായിരുന്നു നവ്യ നായർ ഇൻസ്റ്റാഗ്രിൽ കുറിച്ചത്.

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ റവന്യു സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നടി നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റി എന്നതായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തൽ. എന്നാൽ തങ്ങൾ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായർ ഇഡിക്ക് നൽകിയ മൊഴി. നവ്യയെ കൊച്ചിയിൽ സച്ചിൻ സന്ദർശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തിൽ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി.