വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നാടിന്റെ നാനാഭാഗത്തു നിന്നും സഹായം ഒഴുകുകയാണ്. താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കം നിരവധി പേരാണ് വയനാടിന് സഹായഹസ്തവുമായെത്തിയത്. നടി നവ്യ നായരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എത്തിച്ചിരുന്നു. ഇപ്പോഴിതാ
ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് വിമർശനവുമായി എത്തിയ ആളിന് നവ്യ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
‘‘അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ ?’’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട നവ്യ, ‘‘എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ. നിങ്ങൾ ഫോട്ടോ ഇടാതെ ഇരുന്നാൽ പോരെ. അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ’’ എന്നാണ് താരം മറുപടി നൽകിയത്. നവ്യയുടെ മറുപടിക്കു കയ്യടുമായി നിരവധിപ്പേർ എത്തി.
നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് അധികൃതർക്ക് സംഭാവന കൈമാറിയത്. കുമളിയില്‍ പുതിയ സിനിമയുെട ഷൂട്ടിങ് തിരക്കിലാണ് നവ്യ ഇപ്പോൾ. ഒരു ലക്ഷം രൂപ ആണ് നടി ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.
‘‘ഞാൻ കുമളിയിൽ ഷൂട്ടിലാണ് എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർഥനയോടെ..ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.’’–നവ്യ നായർ കുറിച്ചു.