Friday 24 November 2023 03:48 PM IST

‘ഡിവോഴ്സ് പറ്റില്ല, എനിക്കെന്റെ അഭിമാനമാണ് വലുത്’ അച്ഛൻ തീർത്തു പറഞ്ഞു... ‘ഹാപ്പിലി ഡിവോഴ്സ്ഡ്’: പ്രചോദനം സ്വന്തം ജീവിതം

V.G. Nakul

Sub- Editor

nisha-rathnamma-1

‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന പേര് ഒരു സന്ദേശമാണ്. വിവാഹ മോചനം എന്നത് വലിയ തെറ്റാണെന്നും അപമാനമാണെന്നും വിശ്വസിക്കുന്ന ഒരു സാമൂഹിക ബോധത്തെ ഈ പ്രയോഗത്തിലൂടെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയെന്നതാണ് നിഷ രത്നമ്മയുടെ ശ്രമം. വിവാഹമോചനത്തിലൂടെ നിരാശ ബാധിക്കാതെ ജീവിതം തിരിച്ചുപിടിക്കണമെന്നും പ്രതികൂലസാഹചര്യങ്ങളിലൂടെ ജീവിതം പൂർണതയിലെത്തിക്കണമെന്നുമുള്ള ഓർമപ്പെടുത്തലുകളുമായാണ് നിഷ എഴുതി സംവിധാനം ചെയ്ത ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്ന മലയാളം ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.

കേരളം,യു.എ.ഇ.,ന്യൂസിലൻഡ് എന്നിവിടങ്ങളിലുള്ള വിവാഹമോചിതരായ മൂന്ന് മലയാളി സ്ത്രീകൾ തങ്ങളുടെ അനുഭവകഥകൾ പറയുകയാണ് ഈ ഡോക്യുമെന്ററിയിൽ.

‘‘നമ്മുടെ സമൂഹത്തിൽ വിവാഹമോചനത്തെ ചുറ്റിപ്പറ്റി ഒരുപാട് നിഷേധാത്മകതകൾ നിലനിൽക്കുന്നുണ്ട്. വിവാഹമോചിതരായ മനുഷ്യരെ ഒരു വൃത്തികെട്ട രീതിയിലാണ് സമൂഹം നോക്കിക്കാണുന്നത്. അവരെന്തോ മഹാപാതകം ചെയ്ത പോലെയാണ് പെരുമാറ്റം. നിഷിദ്ധരാക്കി മാറ്റി നിർത്തുന്നു. നാണക്കേടും മാനക്കേടുമൊക്കെ പറഞ്ഞ്, സ്വന്തം കുടുംബത്തിലുള്ളവർ പോലും പിന്തുണയ്ക്കില്ല. ഒരുപാട് സ്ത്രീകളും പുരുഷൻമാരും ഇതിനാൽ ഇഷ്ടമില്ലാത്ത ഒരു വിവാഹബന്ധത്തിനുള്ളിൽ കിടന്ന് നരകിക്കുകയാണ്. അവർക്ക് സമാധാനവും സന്തോഷവും നിറഞ്ഞ പുതിയൊരു ജീവിതത്തിനുള്ള അവസരമാണ് സമൂഹം പലപ്പോഴും നിഷേധിക്കുന്നത്. വിവാഹം സാധാരണമാണെന്നതു പോലെ ഇഷ്ടമല്ലാത്ത ഒരു ബന്ധത്തിൽ നിന്നു പുറത്തു കടക്കുന്നതും സാധാരണമാകണം. അതിനിത്ര വലിയ പ്രശ്നമുണ്ടാകേണ്ടതില്ല’’. – നിഷ രത്നമ്മ ‘വനിത ഓൺലൈനോട്’ പറയുന്നു.

nisha-rathnamma-2

ഞാൻ എന്ന പ്രചോദനം

ഈ ഡോക്യുമെന്ററി തയാറാക്കാനുള്ള പ്രചോദനം എന്റെ ജീവിതം തന്നെയാണ്. കഴിഞ്ഞ അഞ്ച് വർഷമായി, വിവാഹമോചനം നേടി സന്തോഷത്തോടെ ജീവിക്കുന്ന ആളാണ് ഞാൻ. വിവാഹമോചനത്തിന് മുൻപും പിൻപുമുള്ള എന്റെ ജീവിതം എടുത്തു നോക്കിയാൽ ഞാൻ ഇപ്പോഴാണ് സമാധാനം അനുഭവിക്കുന്നത്. എനിക്കു ചുറ്റുമുള്ള മനുഷ്യരോട് ഞാനത് കാലങ്ങളായി പറയുന്നതാണ്. കേൾക്കുമ്പോൾ അവർക്ക് വലിയ അൽഭുതം തോന്നും, എന്തുകാണ്ടാണ് ഈ സ്ത്രീ ഇങ്ങനെ സംസാരിക്കുന്നതെന്ന്. കാരണം ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ എന്നത് ആരിൽ നിന്നും അവര്‍ കേട്ടിട്ടില്ല. വിവാഹമോചനം എന്നാൽ അവർക്ക് ജീവിതം തീർന്നു എന്നാണ്. എന്നാൽ അങ്ങനെയല്ല, അതിനു ശേഷമുള്ള ജീവിതവും സന്തോഷകരമാണെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. അതാണ് ‘ഹാപ്പിലി ഡിവോഴ്സ്ഡ്’. എന്നെപ്പോലെ മൂന്ന് സ്ത്രീകളെ കണ്ടെത്തി, എന്റെ കഥ കൂടി അവരിലൂടെ പറഞ്ഞിരിക്കുകയാണ് ഈ ഡോക്യുമെന്ററിയിൽ.

ആ സ്ത്രീകളുടെ ജീവിതവും എന്റെ ജീവിതവും തമ്മിൽ അത്രയേറെ സാമ്യതയുണ്ട്. സ്ഥലങ്ങളും പേരുകളുമേ വ്യത്യാസമുള്ളൂ. ഞങ്ങള്‍ കടന്നു പോയ സാഹചര്യങ്ങൾ ഏകദേശം ഒന്നാണ്. ഈ സമൂഹമാണ് ഞങ്ങളെ കുടുക്കിലാക്കിയത്. കുടുംബവും അത്തരമൊരു കുടുക്കാണ്. അതെല്ലാം തകർത്ത് പുറത്തേക്ക് വരാൻ ധൈര്യം കാണിച്ച ചില സ്ത്രീകള്‍ പറയുകയാണ്, ‘ഞങ്ങൾ ഇപ്പോൾ ഹാപ്പിയാണ്’ എന്ന്. അതില്‍ എന്താണ് തെറ്റ്...‘ഹാപ്പിലി ഡിവോഴ്സ്ഡ്’ ആ കഥയാണ് പറയുന്നത്.

ലക്ഷ്യം

ഞാന്‍ വിവാഹ മോചിതയാണെന്ന് പലർക്കും അറിയാം. അതിനാൽ സമാന അവസ്ഥയിലുള്ള ആളുകളിലേക്ക് എത്തിച്ചേരാൻ എളുപ്പമായിരുന്നു. പക്ഷേ, അവരെ ഡോക്യുമെന്ററിയുടെ ഭാഗമാക്കുകയെന്നതായിരുന്നു ബുദ്ധിമുട്ട്. കൺവിൻസ് ചെയ്യാൻ പ്രയാസമായിരുന്നു. വിവാഹമോചിതരായി എന്നു പറയാൻ ധൈര്യവും താൽപര്യവുമില്ലാത്തവരാണ് കൂടുതൽ. ഒടുവിൽ അറുപതാളുകളുടെ ഒരു പട്ടിക തയാറാക്കി അതിൽ നിന്നു രണ്ടു പേരെ തിരഞ്ഞെടുത്ത് ചിത്രീകരണം ആരംഭിച്ചെങ്കിലും അവർ പകുതിയിൽ പിൻമാറി. കുടുംബത്തിന്റെയും മറ്റും സമ്മർദ്ദങ്ങളായിരുന്നു കാരണം. അത്തരം കുറേ പ്രശ്നങ്ങളുണ്ടായെങ്കിലും ഒടുവിൽ എനിക്ക് തൃപ്തികരമായ രീതിയിൽ, സന്തോഷത്തോടെ സംസാരിക്കുന്ന മൂന്നു പേരെ കണ്ടെത്തി, ഡോക്യുമെന്ററി തയാറാക്കുകയായിരുന്നു.

ആറേഴ് മാസം ഇതിന്റെ പിന്നാലെയായിരുന്നു. നിർമാണവും സംവിധാനവുമെല്ലാം എന്റെ ചുമലുകളിലായതിന്റെ സമ്മർദ്ദങ്ങളുണ്ടായി. പക്ഷേ, എനിക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിനാൽ പരിമിതികൾ ഒരു പ്രശ്നമായി തോന്നിയില്ല.

nisha-rathnamma-3

അഭിമാനം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം

വിവാഹമോചനത്തിലൂടെ കടന്നു പോകുന്ന മിക്ക മനുഷ്യരും നേരിടുന്ന പ്രധാന പ്രശ്നം ഇവരെ കേൾക്കാനും മനസ്സിലാക്കാനും ആരുമില്ലെന്നതാണ്. എല്ലാവരും അവരോട് പറയുന്നത് സഹിക്കുക, ക്ഷമിക്കുക, പൊറുക്കുക എന്നാണ്. ഇത് സ്ത്രീകളോടാണ് കൂടുതൽ.

കുടുംബം ഒട്ടും ജനാധിപര്യപരമല്ലാത്ത ഒരു സംവിധാനമാണ്. അവിടെ പുരുഷൻമാർക്കാണ് ആധിപത്യം. സ്ത്രീകളുടെ പ്രധാന ജോലി പുരുഷൻമാരുടെ അഭിമാനം സംരക്ഷിക്കലും. എന്റെ അച്ഛൻ എന്നോട് പറഞ്ഞത്, ‘ഡിവോഴ്സ് ചെയ്യാൻ പറ്റത്തില്ല. എനിക്കെന്റെ അഭിമാനമാണ് വലുത്’ എന്നാണ്. എനിക്ക് വേദനിച്ചാൽ എന്റെ അച്ഛനും വേദനിക്കും എന്നു കരുതിയ ഒരു ഞാനുണ്ടായിരുന്നു, ഒരുകാലത്ത്. പിന്നീടാണ് തിരിച്ചറിഞ്ഞത്, എനിക്ക് വേദനിച്ചാൽ എന്റത്രേം മറ്റാർക്കും വേദനിക്കില്ലെന്ന്. ഓരോരുത്തരുടെയും സ്വാർത്ഥത കണ്ടറിഞ്ഞപ്പോഴാണ് എനിക്കും ജീവിക്കണം, സമാധാനം വേണം എന്നു തീരുമാനിച്ചത്. ഇങ്ങനെ എല്ലാവർക്കും ചിന്തിക്കാനാകണമെന്നില്ല. 14 വർഷം കഴിഞ്ഞിട്ടെങ്കിലും എനിക്കിറങ്ങിപ്പോരാൻ പറ്റി. സഹോദരൻമാരില്ലാത്തതിൽ എനിക്കപ്പോൾ സന്തോഷവും തോന്നി. ഓന്നോ രണ്ടോ എണ്ണം ഉണ്ടായിരുന്നെങ്കിൽ അവൻമാരുടെ അഭിമാനം കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും ബാധ്യതയുമുണ്ടായേനേ.

എന്റെ ജീവിതം നരകത്തിലാണ്, മോശമാണ് എന്നറിഞ്ഞുകൊണ്ട് എല്ലാവരും പറയുകയാണ്, ‘നീ അവിടെത്തന്നെ നിൽക്ക്’ എന്ന്. എത്ര മാത്രം സ്വാർത്ഥരാണവർ. ‘അൺകണ്ടീഷനൽ ലവ്’ എന്നത് ഭയങ്കര പ്രഹസനമാണ്. അങ്ങനെയൊരു സംഗതി ഇല്ല. അമ്മയൊഴികെ മറ്റെല്ലാവരും സ്വാർത്ഥരായിരുന്നു. അതു മനസ്സിലാക്കിയപ്പോഴാണ് എന്റെ ജീവിതം മാറ്റണം എന്നു ഞാൻ ഉറപ്പിച്ചത്. അല്ലാത്തവർക്ക് രണ്ട് വഴിയേയൂള്ളൂ, ഒന്നുകിൽ സഹിച്ച് നിൽക്കുക, അല്ലെങ്കിൽ, ആത്മഹത്യ തിരഞ്ഞെടുക്കുക.

കുറ്റപ്പെടുത്താനുള്ള അവസരമല്ല

ഡോക്യുമെന്ററിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വന്നപ്പോൾ ഒത്തിരിയാളുകൾ ഈ പേരിനെക്കുറിച്ച് വളരെ സന്തോഷത്തോടെയും താൽപര്യത്തോടെയും സംസാരിച്ചിരുന്നു.

വിവാഹ മോചിതരുടെ കഥനകഥ കേൾക്കുകയോ പറയുകയോ ആയിരുന്നില്ല ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ന്റെ ലക്ഷ്യം. ഡോക്യുമെന്ററിയിൽ സംസാരിച്ചവരോട് ഞാൻ പറഞ്ഞു, ‘ആരെയും കുറ്റപ്പെടുത്താനുള്ള അവസരമല്ല ഇത്. നിങ്ങൾ ഇപ്പോൾ എങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു എന്ന കഥ മാത്രം പറഞ്ഞാൽ മതി’ എന്ന്. അവർ എങ്ങനെ സന്തോഷം കണ്ടെത്തി എന്നതായിരുന്നു എന്റെ ചിന്ത. അത് നന്നായി വന്നു. കാണുമ്പോള്‍ അതു മനസ്സിലാകും.