Tuesday 15 April 2025 10:37 AM IST : By സ്വന്തം ലേഖകൻ

നിവിന്റെ ‘ബേബി ഗേള്‍’ ആകുന്നത് 15 ദിവസം പ്രായമുള്ള രുദ്ര: ചെണ്ടമേളത്തോടെ, പടക്കം പൊട്ടിച്ച് സ്വീകരണം

nivin-pauly

ബോബി സഞ്ജയ്‌ തിരക്കഥയെഴുതി അരുൺ വർമ സംവിധാനം ചെയ്യുന്ന ‘ബേബി ഗേളി’ൽ നിവിൻ പോളി ജോയിൻ ചെയ്തു. ചെണ്ടമേളത്തോടെ, പടക്കം പൊട്ടിച്ചാണ് നിവിൻ പോളിയെ സെറ്റിലേക്കു സ്വീകരിച്ചത്. അരുൺ വർമ നിവിൻ പോളിയെ പൂമാല അണിയിച്ചു.

‘സിനിമയുടെ സെറ്റിൽ ഇന്നു ജോയിൻ ചെയ്യുകയാണ്. ആദ്യമായാണ് ഇങ്ങനെയൊരു സ്വീകരണമൊക്കെ ലഭിക്കുന്നത്. സാധാരണ വന്ന ശേഷം വസ്ത്രമൊക്കെ മാറി നേരെ ക്യാമറയ്ക്കു മുന്നിലേക്കു വരുകയാണ് പതിവ്. ഇതിപ്പോൾ ചെണ്ട മേളമൊക്കെ, കളിയാക്കിയതാണോ എന്നു സംശയമുണ്ട്. വൈകുന്നേരം നിർമാതാവിന് അടുത്ത് ചോദിച്ചുകൊള്ളാം’. – സ്വീകരണത്തിനു ശേഷം നിവിൻ പോളി പറഞ്ഞതിങ്ങനെ.

ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ബേബി ഗേളിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ചിത്രത്തിൽ ‘ബേബി ഗേൾ’ ആയി എത്തുന്നത് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഇൻ ചാർജ് അഖിൽ യശോദരന്റെ 15 ദിവസം മാത്രം പ്രായമായ രുദ്ര എന്ന പെൺകുട്ടിയാണ്. സെറ്റിൽവെച്ച് നിവിൻ പോളി ബേബി ഗേളിനെ തന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയത് മനോഹരമായ കാഴ്ചയായിരുന്നു.