Friday 07 August 2020 03:11 PM IST

‘മണി ചേട്ടന്റെ നന്മ നേരിൽ കണ്ടയാളാണ് ഞാൻ, രേവതിന് അങ്ങനെ സംഭവിച്ചതിൽ വേദന തോന്നി’! രണ്ടാമത്തെ കൺമണിയെ കാത്തിരിക്കുന്ന ‘കല്യാണി‘യുടെ വിശേഷങ്ങൾ

V.G. Nakul

Sub- Editor

niya-ranjith-1

മനുഷ്യത്വം മരിക്കാത്ത മനസ്സ് തൃശൂർ സ്വദേശി രേവത് ബാബു എന്ന ഓട്ടോറിക്ഷ ഡ്രൈവറെ കൊണ്ടെത്തിച്ചത് ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ചതിയിലാണ്. തിരുവനന്തപുരം ഉദയംകുളങ്ങര സ്വദേശിയായ യുവാവ്, തന്റെ അമ്മ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച്, തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് രേവതിനെ ഓട്ടം വിളിച്ച് പണം നല്‍കാതെ പറ്റിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒടുവിൽ രേവതിന്റെ പരാതിയിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും രേവത് നേരിട്ട ദുരനുഭവം അതിനുമൊക്കെ എത്രയോ മുകളിലാണ്.

കലാഭവൻ മണിയുടെ കടുത്ത ആരാധകൻ കൂടിയാണ് രേവത്. ഉല്‍സവ സീസണുകളില്‍ രേവത് മണിയുടെ നാടന്‍പാട്ടുകളുടെ സിഡികള്‍ വില്‍ക്കാനിറങ്ങാറുണ്ട്. ഇത്തവണ കോവിഡ് കാരണം ഉല്‍സവങ്ങള്‍ മുടങ്ങിയതോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ കുപ്പായമിട്ടത്.

രേവതിന്റെ കഥയറിഞ്ഞ് സഹായവുമായി കലാഭവൻ മണിയുടെ നായിക എത്തിയിരിക്കുന്നു. ‘മലയാളി’ എന്ന ചിത്രത്തിൽ മണിയുടെ നായികയായ, പ്രശസ്ത മിനിസ്ക്രീൻ താരം നിയ രഞ്ജിത്ത് ആണ് രേവതിന് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്.

കുടുംബത്തോടൊപ്പം നിയ ലണ്ടനിലാണ് ഇപ്പോൾ താമസം. രേവതിന്റെ വാര്‍ത്ത ‘മനോരമ ന്യൂസി’ലൂടെയാണ് നിയ അറിഞ്ഞത്. ഉടന്‍തന്നെ മനോരമയുമായി ബന്ധപ്പെട്ട നിയ രേവതിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച ശേഷം സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.

‘‘വാർത്ത കണ്ടപ്പോൾ വലിയ സങ്കടം തോന്നി. മണിച്ചേട്ടൻ എല്ലാവരെയും സഹായിക്കുന്ന ആളാണ്. ഞാൻ ‘മലയാളി’യുടെ ലൊക്കേഷനില്‍ വച്ച് എത്രയോ തവണ അദ്ദേഹത്തിന്റെ നല്ല മനസ്സ് നേരിൽ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള മണിച്ചേട്ടനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഇങ്ങനെയൊരു വിഷമം വരുമ്പോൾ ഒപ്പം നിൽക്കണം എന്നു തോന്നി. അത്രയേ ഉള്ളൂ. മറ്റൊന്ന് രേവതിന്റെ നിഷ്കളങ്കമായ നൻമയാണ്. ഒരാളുടെ അമ്മ മരിച്ചു എന്നു കേട്ടപ്പോൾ ആ മഴയത്ത് മറ്റൊന്നും ചിന്തിക്കാതെ ത‍ൃശൂരിൽ നിന്ന് തിരുവനന്തപുരം വരെ പോയല്ലോ. ആ നല്ല മനസ്സിനെ പിന്തുണയ്ക്കണം. അങ്ങനെയാണ് മനോരമയിൽ വിളിച്ചതും രേവതുമായി സംസാരിച്ചതും’’. – നിയ ‘വനിത ഓൺലൈനോ’ട് പറഞ്ഞു.

niya-new-2

ലണ്ടൻ ഡെയ്സ്

ഞങ്ങൾക്ക് ഉടൻ നാട്ടിലേക്ക് വരാൻ സാധിക്കുന്ന സാഹചര്യമല്ല. മോൻ സ്കൂളിൽ പഠിക്കുകയാണ്. അനാവശ്യമായി ലീവ് എടുക്കാൻ അധികൃതർ അനുവദിക്കില്ല. അവധി സമയത്തല്ലാതെ, ഒന്നോ രണ്ടോ ദിവസത്തിനപ്പുറം മാറി നിൽക്കാൻ പറ്റില്ല. അപ്പോൾ ലീവ് എടുക്കുക സാധ്യമല്ല. പത്ത് ദിവസം ലീവ് എടുത്താൽ ഫൈൻ അടയ്ക്കണം. അപ്പോൾ തൽക്കാലം നാട്ടിലേക്കുണ്ടാകില്ല. മറ്റൊന്ന് ഇപ്പോൾ ഞങ്ങൾ രണ്ടാമത്തെ കു‍ഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നാലു മാസം ഗർഭിണിയാണ് ഞാൻ.

സീരിയൽ

തൽക്കാലം അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുന്നു. 2004 ൽ കോളജിൽ പഠിക്കുമ്പോൾ ചാനലിൽ അവതാരകയായിട്ടാണ് തുടക്കം. തൊട്ടടുത്ത വർഷം പപ്പയുടെ സുഹൃത്തായ ക്യാമറാമാൻ സാജൻ കളത്തിൽ വഴി, ‘മിസിങ്’ എന്ന തെലുങ്ക് സിനിമയിലെ മൂന്ന് നായികമാരിൽ ഒരാളായി. 2006ൽ കാലടി സംസ്കൃത സർവകലാശാലയിൽ ഭരതനാട്യം അവസാന വർഷ വിദ്യാർഥി ആയിരിക്കുമ്പോഴാണ് ആദ്യ സീരിയലായ ‘കല്യാണി’യിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചത്. ‘കല്യാണി’ വലിയ ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇപ്പോഴും ‘കല്യാണി’യുടെ പേരിലാണ് ആളുകൾ എന്നെ ഓർക്കുന്നത്.

കുടുംബം

ഞാനും രഞ്ജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. രഞ്ജിത്തിന് ഐടി മേഖലയിലാണ് ജോലി. യാഹൂ മെസഞ്ചർ വഴി പരിചയപ്പെട്ട്, സുഹൃത്തുക്കളായി. അത് പതിയെ പ്രണയമായി വളരുകയായിരുന്നു. അറു വർഷം പ്രണയിച്ച ശേഷമാണ് വീട്ടിൽ പറഞ്ഞത്. മതത്തിന്റെ പേരിൽ ആദ്യം രണ്ടു വീട്ടുകാർക്കും ചെറിയ എതിർപ്പുണ്ടായിരുന്നു. ആ സമയത്ത് രഞ്ജിത്തിന് സിങ്കപ്പൂരിൽ ജോലി കിട്ടി. പിന്നീട് എതിര്‍പ്പുകളൊക്കെ മാറി, ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ഞങ്ങൾക്ക് ഒരു മകൻ, രോഹിത്. രണ്ടാം ക്ലാസിൽ പഠിക്കുന്നു.