ADVERTISEMENT

ഒരു നീണ്ട കാലഘട്ടം മലയാളത്തിന്റെ മുഖ്യധാരാ സിനിമയിലെ സൂപ്പർ സ്റ്റാറുകളിലൊരാൾ ഡെന്നീസ് ജോസഫായിരുന്നു. തിരക്കഥയിൽ അദ്ദേഹം സൃഷ്ടിച്ച ഇന്ദ്രജാലങ്ങള്‍ മമ്മൂട്ടിയെയും മോഹൻലാലിനെയും എതിരാളികളില്ലാത്ത താരബിംബങ്ങളാക്കി. പ്രേക്ഷകർ തിയറ്ററുകളിലേക്കൊഴുകി. രാജാവിന്റെ മകനും, ന്യൂ ഡൽഹിയും, നിറക്കൂട്ടും, സംഘവും, നായർ സാബും, ഇന്ദ്രജാലവും, ആകാശദൂതും തുടങ്ങി പലതരം സിനിമകളുടെ വിജയയാത്ര ഡെന്നിസിന്റെ തിരക്കഥകളുടെ തോളിലേറിക്കൂടിയായിരുന്നു. അദ്ദേഹം എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും സംഭാഷണങ്ങളുമൊക്കെ വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഓരോ മലയാളി പ്രേക്ഷകനെയും ത്രസിപ്പിക്കുന്നു. എന്നാൽ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ശക്തമായ ഒരു മടങ്ങി വരവിന് തയാറെടുക്കുന്നതിനിടെയാണ് മരണം അപ്രതീക്ഷിതമായി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നത്. അദ്ദേഹത്തിന്റെ മടങ്ങിവരവെന്ന പേരിൽ ഇതിനോടകം വലിയ വാർത്താപ്രാധാന്യം നേടിയ ‘പവർസ്റ്റാർ’ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ഈ വിയോഗമെന്നത് മറ്റൊരു വേദനയാകുന്നു. ബാബു ആന്റണിയെ നായകനാക്കി, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ഒമർ ലുലുവാണ് ‘പവർസ്റ്റാർ’ സംവിധാനം ചെയ്യുന്നത്.

‘‘തിരക്കഥ അദ്ദേഹം എഴുതിത്തീർന്നു. ലോക്ക് ഡൗൺ കഴിഞ്ഞ് ഫൈനൽ ഡ്രാഫ്റ്റ് എഴുതാനുള്ള തയാറെടുപ്പിലായിരുന്നു. ആ സിനിമ ചെയ്യും. ബി.ഉണ്ണികൃഷ്ണൻ സാർ വിളിച്ചിരുന്നു. ഫെഫ്കയുടെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ തിരക്കഥയുടെ അവസാന മിനുക്കു പണികളിൽ ഉദയകൃഷ്ണ ചേട്ടനും ഉണ്ണി സാറും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മൂന്നു ദിവസം മുൻപ് ഡെന്നിസേട്ടൻ വിളിച്ചിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞ് ഇരിക്കാം എന്നു പറഞ്ഞതാണ്. പക്ഷേ, ഇത്ര വേഗം അദ്ദേഹം പോകുമെന്നു കരുതിയില്ല. അദ്ദേഹത്തിന്റെ ഒരു തിരക്കഥ സിനിമയാക്കാനാകുന്നത് എന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്’’. – ഒമർ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

d3
ADVERTISEMENT

വാർത്തയിൽ നിന്നു വിരിഞ്ഞ കഥ

ഞാൻ ഡെന്നിസേട്ടന്റെ വലിയ ആരാധകനാണ്. മനു അങ്കിളൊക്കെ കുട്ടിക്കാലത്ത് വലിയ ഇഷ്ടമായ സിനിമയാണ്. അദ്ദേഹത്തിന്റെ മാസ് ഫീലുള്ള പടങ്ങളോട് എക്കാലത്തും എനിക്കു വലിയ താൽപര്യമാണ്. ഞാൻ ഇതുവരെ ഒരു മാസ് സിനിമ ചെയ്തിട്ടില്ല. അങ്ങനെയൊരു സിനിമ ആലോചിച്ചപ്പോൾ ഡെന്നിസേട്ടൻ എഴുതിയെങ്കില്‍ എന്ന് ആഗ്രഹിച്ചു. പക്ഷേ, എങ്ങനെ അദ്ദേഹത്തെ സമീപിക്കും എന്നറിയില്ലായിരുന്നു. സംവിധായകരായ പ്രമോദ് പപ്പനിലെ പപ്പേട്ടനാണ് സഹായിച്ചത്. പപ്പേട്ടനുമായി ഡെന്നിസേട്ടൻ വലിയ അടുപ്പമാണ്. ഞാനും പപ്പേട്ടനും ഒരേ ഫ്ലാറ്റിലാണ്. അങ്ങനെ പപ്പേട്ടൻ വഴി ഡെന്നിസേട്ടനെ പോയി കണ്ടു. സംസാരിച്ചു. പല തീമുകളും പറഞ്ഞെങ്കിലും ബാബു ആന്റണിക്ക് ചേരുന്നവ കിട്ടിയില്ല. വേറെ നോക്കാമെന്നു പറഞ്ഞു പിരിഞ്ഞു. ഒരു ദിവസം ഞാൻ ഒരു വാർത്ത അദ്ദേഹത്തിന് അയച്ചു കൊടുത്തു. അമേരിക്കയിലെ ഒരു കൊക്കെയ്ൻ സബ്ജക്ട്. അത് അദ്ദേഹത്തിന് ഇഷ്ടമായി. അത് വർക്കൗട്ടായി. ഒരു വർഷം കൊണ്ടാണ് തിരക്കഥ പൂർത്തിയാക്കിയത്. പവർസ്റ്റാർ കഴിഞ്ഞ് അദ്ദേഹം മറ്റു ചില പ്രൊജക്ടുകളും പ്ലാൻ ചെയ്തിരുന്നു.

d1
ADVERTISEMENT

തരുമെന്നു പറഞ്ഞാ തന്നിരിക്കും

ഈ പ്രൊജക്ട് അനൗൺസ് ചെയ്ത് കഴിഞ്ഞ് ഒരു ദിവസം പപ്പേട്ടൻ എന്നെ വിളിച്ച്, ‘ഒമറേ നിങ്ങൾക്ക് ഭയങ്കര ശത്രുക്കളാണല്ലോ’ എന്നു പറഞ്ഞു. ഒമറിന് തിരക്കഥ കൊടുക്കരുതെന്ന് പറഞ്ഞ് ഒരുപാടു പേര് ഡെന്നിസേട്ടനെ വിളിച്ചു. എനിക്ക് ടെന്‍ഷനായി. അപ്പോൾ പപ്പേട്ടൻ പറഞ്ഞത്, ‘‘ഡാ പുള്ളി ഭയങ്കര തറവാടിയാ. സ്ക്രിപ്റ്റ് തരുമെന്നു പറഞ്ഞാ തന്നിരിക്കും, അതിപ്പോ ആരു വിളിച്ചു മുടക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. പുള്ളീടെ സ്വഭാവം അങ്ങനെയാ...ഓക്കെ പറഞ്ഞാ ഓക്കെയാ’’ എന്നാണ്. പ്രിയ ഡെന്നിച്ചേട്ടാ, പവര്‍ സ്റ്റാർ കാണാൻ അങ്ങുണ്ടാകില്ലല്ലോ...

ADVERTISEMENT



ADVERTISEMENT