ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്‍ലര്‍’ ക്രിസ്മസ് റിലീസ്. ജയറാമിന്റെ നായക കഥാപാത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ പങ്കുവച്ചാണ് റിലീസ് വിവരം അണിയറക്കാര്‍ പ്രഖ്യാപിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിനു ശേഷം ജയറാമിന്റേതായി തിയറ്ററുകളിലെത്തുന്ന ചിത്രമാണ് ‘അബ്രഹാം ഓസ്‍ലര്‍’. നിലവിൽ, മലയാളത്തിൽ ഏറെ സെലക്ടീവാണ് താരം.
‘അബ്രഹാം ഓസ്‍ലര്‍’ആയുള്ള ജയറാമിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം – മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് – ഷമീര്‍ മുഹമ്മദ്.