Tuesday 14 September 2021 03:55 PM IST

‘എപ്പോഴും ചിരിച്ചു കൊണ്ടു നിൽക്കുന്ന രിസ... ഞാൻ‌ ഷോക്ക്ഡ് ആയി’: പാർവതി പറയുന്നു

V.G. Nakul

Sub- Editor

risa

രിസ ബാവ പോയി. വേഷങ്ങൾ ബാക്കിയാക്കി, നിറചിരി തെളിയുന്ന ഓർമകളവശേഷിപ്പിച്ച് ആ മഹാനടൻ നിത്യനിദ്രയെ പുൽകി. അപ്രതീക്ഷിതമായിരുന്നു ആ വിടവാങ്ങൽ. കുറച്ചു കാലമായി അസുഖങ്ങളുടെ പിടിയിലായിരുന്നെങ്കിലും ഇത്ര പെട്ടെന്നൊരു വിയോഗം ആരും പ്രതീക്ഷിച്ചതല്ല.

‘‘രിസ മരിച്ചെന്ന് ജയറാമാണ് വിളിച്ചു പറഞ്ഞത്. ഞാൻ‌ ഷോക്ക്ഡ് ആയിപ്പോയി. അദ്ദേഹം അസുഖ ബാധിതനായിരുന്നെന്നോ ചികിത്സയിലാണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായിരുന്നു ആ വാർത്ത. ഇത്ര പെട്ടെന്ന് ഒരു വിട്ടു പോകുമെന്ന് കരുതിയില്ല’’. – സഹപ്രവർത്തകനായിരുന്ന നല്ല സുഹൃത്തിന്റെ വേർപാടിനെക്കുറിച്ച് പറയുമ്പോൾ മലയാളത്തിന്റെ പ്രിയനടി പാർവതിയുടെ ശബ്ദത്തിൽ വേദന തിങ്ങി.

രിസബാവയുടെ ആദ്യ സിനിമയായ ‘ഡോക്ടർ പശുപതി’യിലെ നായിക പാർവതിയായിരുന്നു. തുടർന്ന് ‘ആമിന ടെയ്‌ലേഴ്സ്’ലും ഇരുവരും ഒന്നിച്ചഭിനയിച്ചു. രണ്ടു ചിത്രങ്ങളിലും നായക വേഷത്തിൽ രിസ ബാവ എത്തിയെങ്കിലും അപ്പോഴേക്കും തരംഗമായിക്കഴിഞ്ഞിരുന്ന ജോൺ ഹോനായ് എന്ന വില്ലൻ വേഷം രിസ ബാവയുടെ കരിയർ വഴിതിരിച്ചു വിട്ടിരുന്നു.

‘‘വളരെ പാവം മനുഷ്യനായിരുന്നു. രിസയുടെ ആദ്യ ചിത്രം ‘ഡോക്ടർ പശുപതി’യിലും പിന്നീട് ‘ആമിന ടെയ്‌ലേഴ്സ്’ലും ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. വളരെ ഫ്രണ്ട്‌ലിയായിരുന്നു. എപ്പോഴും ചിരിച്ചു കൊണ്ടു നിൽക്കും. നെഗറ്റിവിറ്റികളൊന്നുമില്ലാത്ത, വളരെ നല്ലൊരു മനുഷ്യൻ. നല്ല സഹപ്രവർത്തകൻ. കൂടെ വർക്ക് ചെയ്യാന്‍ ഈസിയായിരുന്നു. സിനിമയ്ക്കപ്പുറത്തേക്ക് ആ സൗഹൃദം നീണ്ടില്ലെങ്കിലും രിസയെക്കുറിച്ച് ഓർക്കാൻ നല്ല അനുഭവങ്ങൾ മാത്രമേയുള്ളൂ’’. – പാർവതി ‘വനിത ഓൺലൈനോട്’ പറയുന്നു

‘‘ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഇത്രയും ശാന്തനായ ഒരു പാവം മനുഷ്യൻ എങ്ങനെയാണ് വില്ലൻ വേഷങ്ങള്‍ മനോഹരമായി ചെയ്തു ഫലിപ്പിക്കുന്നതെന്ന്. ജയറാമിനൊപ്പവും കുറേയേറെ സിനിമകളിൽ രിസ അഭിനയിച്ചിട്ടുണ്ട്. രിസ ആരെയും വിഷമിപ്പിക്കും പോലെ പെരുമാറില്ല. അതാണ് പ്രകൃതം. എല്ലാവരോടും സ്നേഹത്തോടെയാണ് ഇടപഴകുക. അവസാനം ഞങ്ങൾ കണ്ടത് മഴവിൽ മനോരമയുടെ ഒരു പരിപാടിയിലാണ്.

കഴിവിനൊത്ത അവസരങ്ങൾ രിസയ്ക്ക് പലപ്പോഴും കിട്ടിയിട്ടില്ലെന്നു തോന്നിയിട്ടുണ്ട്. കുറേയധികം ക്യാരക്ടർ റോളുകളൊക്കെ ചെയ്തെങ്കിലും അതിനപ്പുറം മലയാള സിനിമ ഉപയോഗിക്കേണ്ട നടനായിരുന്നു രിസ’’. – പാർവതി പറയുന്നു.