ഒരു ഗർഭിണി നൃത്തം ചെയ്താൽ എന്താണ് കുഴപ്പം ? സുരക്ഷിതമായി, ഡോക്ടറുടെ നിർദേശങ്ങൾ പാലിച്ചാണെങ്കിൽ കുഞ്ഞിനോ അമ്മയ്ക്കോ ഒരു പ്രശ്നവുമില്ല. പിന്നെയോ...? വീട്ടുകാർക്കും സുഹൃത്തുക്കൾക്കും നോ പ്രോബ്ലം. പക്ഷേ, ഈ നൃത്തത്തിന്റെ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ, പ്രത്യേകിച്ചും അതൊരു സെലിബ്രിറ്റി ആണെങ്കിൽ ചിലർക്ക് കുരു പൊട്ടും. എന്ത് കുഴപ്പമെന്നു ചോദിച്ചാൽ, ആകെ കുഴപ്പം. അത്തരം ചില ‘കുഴപ്പക്കാർ’ക്ക് തകർപ്പൻ മറുപടിയുമായാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ എത്തിയിരിക്കുന്നത്.
തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണിപ്പോൾ പാർവതിയും ഭർത്താവും സംഗീത സംവിധായകനുമായ ബാലഗോപാലും. ഗർഭകാലം സന്തോഷകാലം കൂടിയാണ് പാർവതിക്ക്. മെറ്റേണിറ്റി ഫോട്ടോഷൂട്ടും വളക്കാപ്പും ഗർഭകാലത്തെ നൃത്തവുമൊക്കെയായി ആദ്യത്തെ കൺമണിയെ ആഘോഷത്തോടെ കാത്തിരിക്കുകയാണ് ഈ ദമ്പതികൾ. അതിനിടെയാണ് ചിലർ ഉപദേശവുമായി എത്തിയത്. ‘‘ഈ സമയത്ത് ഇങ്ങനെ കിടന്നു ചാടുന്നതെന്തിനാ...അത് കുഞ്ഞിന് ദോഷം ചെയ്യും...’’ എന്നൊക്കെയാണ് ഉപദേശക്കമ്മിറ്റിക്കാരുടെ ആശങ്ക. ഈ ആശങ്ക നല്ല ഉദ്ദേശത്തോടെയാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ, പലരുടെയും കമന്റുകൾ സഹിഷ്ണുതയുടെ അതിരുകൾ താണ്ടിയതോടെയാണ് താന്‍ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ ‘നിങ്ങള്‍ക്ക് എന്റെ പ്രവര്‍ത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കില്‍ അത് ഗൗനിക്കാതിരിക്കുക. എന്നെ ബ്ലോക് ചെയ്തു പോവുക. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നൃത്തം ചെയ്യുന്നത് നല്ല അനുഭവം തന്നെയാണ്. ശരീരത്തിന് ഉന്മേഷവും മസില്‍സിന് ഫ്‌ളെക്‌സിബിലിറ്റിയുമാണ് ആണ് നൃത്തം നല്‍കുന്നത്...’ എന്ന തക്ക മറുപടിയുമായി പാർവതിയും എത്തിയത്.
ഇപ്പോഴിതാ, ‘വനിത ഓൺലൈനി’ലൂടെ വിമർശകരോടുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് പാർവതി.
‘‘ആ വിഡിയോ കണ്ട എല്ലാവർക്കും കുഴപ്പമില്ല കേട്ടോ. വളരെക്കുറച്ച് പേർക്കാണ് പ്രശ്നം തോന്നിയത്. അവരുടെ കാഴ്ചപ്പാടാണ് യഥാർത്ഥത്തിൽ പ്രശ്നം. നമ്മൾ സിനിമയിലൊക്കെ കാണും പോലെ ഗർഭിണിയായാൽ വയറൊക്കെ താങ്ങി പതിയെ നടക്കണം പതിയെ ഇരിക്കണം ക്ഷീണത്തോടെ സംസാരിക്കണം എന്നൊക്കെയാണ് അവർ ചിന്തിക്കുന്നത്. അതല്ല യാഥാർഥ്യം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് കുഴപ്പമില്ലെങ്കില്‍ നൃത്തം ചെയ്യുന്നതു കൊണ്ടൊന്നും യാതൊരു കുഴപ്പവുമില്ല. നൃത്തം മാത്രമല്ല, വീട് തൂക്കുകയും തുടയ്ക്കുകയും പാചകവുമൊക്കെ മുന്‍പ് ചെയ്തിരുന്നതു പോലെ ഞാൻ ഇപ്പോഴും ചെയ്യുന്നുണ്ട്. 9–ാം മാസത്തിലാണ് ഞാൻ ഇതൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് എന്നേയുള്ളൂ’’.– പാർവതി പറയുന്നു.

മടിപിടിച്ച് ഇരിക്കേണ്ട
ഈ സമയത്ത് ശരീരം അത്യാവശ്യം അനങ്ങണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ആരോഗ്യത്തിന് കുഴപ്പമില്ലെങ്കിൽ മറ്റൊന്നും പ്രശ്നമല്ല. പണ്ടൊക്കെ എല്ലാവരും എല്ലാ ജോലികളും ഗർഭകാലത്തും ചെയ്തിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലരോട് പൂർണമായ വിശ്രമം പറയാറുണ്ട്. എന്നെ സംബന്ധിച്ച് അത്തരം പ്രശ്നങ്ങൾ ഒന്നുമില്ല. കുഞ്ഞിന് എന്തെങ്കിലും പറ്റുമോ എന്നാണ് വിമർശിക്കുന്നവരുടെ പ്രധാന ആവലാതി. നോക്കൂ, എന്റെ കുഞ്ഞിന്റെ സുരക്ഷ നോക്കാതെ ഞാൻ എന്തെങ്കിലും ചെയ്യും എന്നു തോന്നുന്നുണ്ടോ. ഗർഭിണിയാണ് എന്നറിഞ്ഞതു മുതൽ പൂർണമായും ഞാൻ അമ്മയായിക്കഴിഞ്ഞു. എല്ലാ സ്ത്രീകളും അങ്ങനെയാണ്. അതിനാൽ എന്റെ കുഞ്ഞിന്റെ സുരക്ഷ പരിഗണിക്കാതെ ഞാൻ പ്രവർത്തിക്കില്ലല്ലോ. വെറും 30 സെക്കൻഡ് മാത്രമാണ് ഞാൻ ഡാൻസ് കളിച്ചത് എന്നതാണ് വലിയ തമാശ. ഡോക്ടറോട് ചോദിച്ചിട്ടാണ് ഞാൻ നൃത്തം ചെയ്തതും. എന്റെ സുംബ ഇൻസ്ട്രക്ടർ പ്രസവിക്കുന്നതിന് തലേ ദിവസം വരെ ഡാൻസ് കളിച്ചിരുന്ന ആളാണ്.
ഇഷ്ടപ്പെട്ടവരും ഏറെ
ഈ വിഡിയോ കണ്ടിട്ട് ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞു. പലരും മെസേജ് അയച്ചു. എന്നെ സംബന്ധിച്ച് ഞാൻ അനാവശ്യ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാറുണ്ട്. അതാണ് ഇവിടെയും സംഭവിച്ചത്. വീട്ടുകാരും ഭർത്താവുമൊക്കെ ഫുൾ സപ്പോർട്ടാണ്. ഞാനിപ്പോൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എൻജിനീയറാണ്. കൊറോണയൊന്നുമില്ലെങ്കില്‍ ഞാനിപ്പോൾ ജോലിക്കും പോയേനെ.

അഭിനയത്തിനൊപ്പം ജോലിയും
ഞാന്‍ പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നത് എൻജിനീയറിങ്ങാണ്. ഇന്റീരിയർ ഡിസൈനിങ്ങ് കമ്പനിയും നടത്തുന്നുണ്ട്.
‘മാലിക്കാ’ണ് അവസാനം അഭിനയിച്ച ചിത്രം.

മൂന്ന് സീരിയലുകളും ചെയ്തു. ‘മിഞ്ചി’ എന്ന മ്യൂസിക് ആൽബം വലിയ ഹിറ്റായിരുന്നു. അതാണ് കൂടുതൽ ആളുകള്‍ക്ക് എന്നെ പരിചിതയാക്കിയതും.
ഞാൻ ജനിച്ചു വളർന്നത് കോന്നിയിലാണ്. വിവാഹ ശേഷമാണ് തിരുവനന്തപുരത്ത് സെറ്റിൽ ആയത്. ഞാനും ബാലഗോപാലും സുഹൃത്തുക്കളായിരുന്നു. പിന്നീട് വീട്ടുകാർ ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. അദ്ദേഹം മ്യൂസിക് ഡയറക്ടറാണ്. ഒപ്പം ബിസിനസ്സും ഉണ്ട്.