Wednesday 27 September 2023 11:51 AM IST : By സ്വന്തം ലേഖകൻ

മരിച്ചു പോയ മകൾക്ക് ചോറ് വാരിക്കൊടുത്ത പ്രേമ, മനോനില തെറ്റി അവർ ചെന്നൈ നഗരത്തിൽ അലഞ്ഞു നടന്നു: ദുരിതജീവിതം

prema_cv-r

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള മലയാള സിനിമയിൽ, പലകാലങ്ങളിലായി വന്നു പോയ നിരവധി അഭിനേതാക്കളിൽ, ജീവിതം ദുരിതക്കയത്തിലവസാനിപ്പിച്ചവർ കുറവല്ല. അവരിലൊരാളാണ് പ്രേമ. കൂടുതൽ വ്യക്തമാക്കിയാൽ, നടി ശോഭയുടെ അമ്മ. എന്നാൽ മകളുടെ പേരിൽ പ്രശസ്തയാകും മുമ്പേ, മലയാളത്തിലെ ശ്രദ്ധേയയായ അഭിനേത്രിയായിരുന്നു അവർ. 1954 മുതൽ 1982 വരെ, എൺപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ പ്രേക്ഷകർ പ്രേമയെ കണ്ടു.

1954 ൽ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ ‘നീലക്കുയില്‍’ൽ, നളിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേമ ശ്രദ്ധേയയായത്. തുടർന്ന്, രാരിച്ചൻ എന്ന പൗരൻ, നായര് പിടിച്ച പുലിവാല്, പണിമുടക്ക്, ഓർമകൾ മരിക്കുമോ, തുഷാരം തുടങ്ങി, അമ്മ – സഹനായിവേഷങ്ങളിൽ നിരവധി സിനിമകള്‍. പ്രശസ്ത സാഹിത്യകാരൻ എസ്.കെ പൊറ്റക്കാട് പ്രേമയുടെ അമ്മാവനാണ്.

ശോഭ സിനിമയിലെത്തി, നായിക നിരയില്‍ സജീവമായപ്പോഴും പ്രേമ അഭിനയരംഗത്ത് തുടർന്നു. ഒടുവിൽ, 1980 മേയ് ഒന്നിന്, 17 വയസ്സിൽ ശോഭ ജീവനൊടുക്കിയതോടെ, പ്രേമയുടെ മനോനില തെറ്റി. ഭ്രാന്തിന്റെ വക്കിലായ ആ ജീവിതവും 1984 ൽ ആത്മഹത്യയിൽ അവസാനിച്ചു. എല്ലാത്തിനും മൗന സാക്ഷിയായി പ്രേമയുടെ ജീവിത പങ്കാളിയും ശോഭയുടെ പിതാവുമായ കെ.പി. മേനോനും.

prema_cv-r

കരിയറിലെ അത്യുന്നതിയിൽ വിളങ്ങി നിൽക്കേയുള്ള ശോഭയുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ബാലുമഹേന്ദ്രയാണെന്ന പൊതുവികാരം രൂപപ്പെട്ടത് വളരെപ്പെട്ടെന്നാണ്. ബാലുവിന്റെ പ്രണയിനിയായിരുന്നു ശോഭ. മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്ന ബാലുവിനെ ശോഭ തന്റേതെന്നു മാത്രം കരുതി സ്നേഹിച്ചു. ഒപ്പം ജീവിച്ചു. 39 വയസ്സുകാരൻ ബാലുവും 15 വയസ്സുകാരി ശോഭയും...പൊതുധാരണകൾക്കപ്പുറം പോയ പ്രണയം!

തങ്ങൾ ഒരുമിച്ചു താമസിച്ചിരുന്ന വീട്ടില്‍ നിന്നു ബാലു മഹേന്ദ്ര തന്റെ മകനെ കാണാന്‍ പോയി എന്നതാണ് ശോഭയുടെ ആത്മഹത്യയുടെ കാരണമായി പറയപ്പെടുന്നതിൽ ഒന്ന്. മരണശേഷം നടന്ന അന്വേഷണങ്ങളില്‍ ശോഭയുടേത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നൊക്കെയുള്ള പലതരം സംശയങ്ങള്‍ പൊന്തിവന്നു. അഭ്യൂഹങ്ങളും കഥകളും പരന്നു. ഇതിൽ പലതിലും പ്രതിനായകനായി നിന്നത് ബാലുവായിരുന്നു.

മകളുടെ മരണത്തിന്‌ കാരണം ബാലുമഹേന്ദ്രയാണെന്ന്‌ പ്രേമ ഉറച്ചു വിശ്വസിച്ചു. നിമയപരമായി നീങ്ങിയെങ്കിലും അപ്പോഴേക്കും അവരുടെ ജീവിതം കൈവിട്ടു പോയിരുന്നു.

ശോഭയുടെ മരണം പ്രേമയെ തളർത്തി. വീടിനുള്ളിലെ ശോഭയുടെ ഒരു വലിയ ഫോട്ടോയ്ക്ക് മുന്നിൽ ചോറ് വിളമ്പി വച്ച് മകളെ ഊട്ടുന്നതായി പെരുമാറുമായിരുന്നത്രേ പ്രേമ. ശോഭ പോയെന്ന് വിശ്വസിക്കാൻ അവർക്കായില്ല.

ശോഭ മരിച്ച് 3 വർഷത്തിനു ശേഷമാണ്, ശോഭയുടെ ജീവിതവും മരണവും പശ്ചാത്തലമാക്കി നിർമിക്കപ്പെട്ടതെന്ന് വിശേഷിപ്പിക്കപ്പെടുന്ന, കെ.ജി ജോര്‍ജിന്റെ, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ റിലീസായത്. ഇതിൽ പ്രേമയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രത്തെ അൽപ്പം നെഗറ്റീവ് ഷേഡ് നൽകിയാണ് ജോർജ് അവതരിപ്പിച്ചത്. സിനിമ തിയറ്ററിലെത്തിയപ്പോൾ, മനോനില തെറ്റി ചെന്നൈ നഗരത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു പ്രേമ. ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ വിവാദങ്ങളെ കടുപ്പിച്ചു. സുഹൃത്തിനെ സഹായിക്കാന്‍ ജോർജ് ഒരുക്കിയ കള്ളക്കഥയാണിതെന്നു വരെ വിമർശനമുണ്ടായി.

എന്നാല്‍ പിന്നീടൊരു തർക്കത്തിനു കാത്തു നിൽക്കാതെ, ഒരു വർഷത്തിനു ശേഷം പ്രേമയും ആത്മഹത്യയിൽ അഭയം തേടി. സിനിമ ഒരു കുടുംബത്തിനു മേൽ അനുഗ്രഹമായും ദുരന്തമായും പെയ്തിറങ്ങിയതിന് ഇതിലപ്പുറം മറ്റൊരു ഉദാഹരണമെന്തിന്...