Thursday 07 October 2021 04:10 PM IST : By സ്വന്തം ലേഖകൻ

ലൂസിഫർ ഷൂട്ടിനിടയിൽ വിവേക് ഒബ്റോയിയാണ് ‘അന്ധാദുൻ’ കാണാൻ പ്രേരിപ്പിച്ചത്, കണ്ടപ്പോൾ ഇഷ്ടമായി: ‘ഭ്രമം’ വന്ന വഴി പറഞ്ഞ് പൃഥ്വിരാജ്

bramammmm

ഒടിടി പ്ലാറ്റ്ഫോമിൽ ഇന്ന് റിലീസ് ചെയ്ത ‘ഭ്രമം’ സിനിമ ചെയ്യാനുണ്ടായ കാരണം പറഞ്ഞ് നായകൻ പൃഥ്വിരാജ്. ആശിഷ് ഖുറാന, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ഹിറ്റ് ചിത്രം അന്ധാദുന്റെ മലയാളം റിമേക്കാണ് ഭ്രമം. സിനിമ യുഎഇയിൽ റിലീസാകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

"ലൂസിഫർ ഷൂട്ട് നടന്നുകൊണ്ടിരുന്നപ്പോൾ നടൻ വിവേക് ഒബ്റോയിയാണ് ഈ സിനിമ കാണാനും മലയാളത്തിൽ നിർമിക്കാനും പ്രേരിപ്പിച്ചത്. തിരക്കുകൾ കഴിഞ്ഞ് ചിത്രം കണ്ടപ്പോൾ ഏറെ ഇഷ്ടമായി. എന്നാൽ, റിമേക്ക് അവകാശം വിൽക്കാൻ നിർമാതാക്കൾക്ക് തടസ്സങ്ങളുണ്ടായിരുന്നു. പിന്നീട് ഈ സിനിമ എന്നിലേയ്ക്ക് തന്നെ വന്നുചേർന്നു. മലയാളത്തിലേക്ക് വളരെ ഭംഗിയായി അന്ധാദുനിനെ പറിച്ചുനടാൻ സാധിച്ചതിന് പിന്നിൽ ഭ്രമത്തിന്റെ രചയിതാവ് ശരത്, സംവിധായകൻ രവി കെ.ചന്ദ്രൻ എന്നിവരുടെ കഠിനപ്രയത്നമാണ്."- പൃഥ്വിരാജ് പറയുന്നു.

അന്ധാദുൻ എന്ന ചിത്രത്തെക്കാളും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമായിരിക്കും ഭ്രമമെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. പൃഥ്വിരാജിന് ഈ ചിത്രത്തോടുണ്ടായിരുന്ന ആവേശം കണ്ടതു മുതൽ ഞാനും ആവേശത്തിലായിരുന്നു. ഭ്രമം വളരെ മികച്ച ചിത്രമായി മാറിയതിൽ സന്തോഷമുണ്ട്. രണ്ട് വർഷം കോവിഡ് 19 കൊണ്ടുപോയെങ്കിലും സിനിമയിൽ  ഇതെന്റെ പത്താമത്തെ വർഷമാണ്. ആദ്യമായാണ് പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. 

ഫോറൻസിക്കിന് ശേഷം പുറത്തിറങ്ങുന്ന തന്‍റെ ചിത്രം തിയറ്ററിൽ റിലീസാകുന്നതിൽ സന്തോഷമുണ്ടെന്നും അതിന് സാധിച്ചത് ആ ചിത്രത്തിന്റെ നിയോഗമാണെന്നും നടി മമതാ മോഹൻദാസ്. രവി കെ.ചന്ദ്രൻ സംവിധാനം ചെയ്യുന്നതും അന്ധാദുൻ ഏറെ ഇഷ്ടമായതുമാണ് ഭ്രമത്തിലേയ്ക്ക് എന്നെ ആകർഷിച്ചത്. തബുവിന്റെ വലിയ ആരാധികയാണ്. അന്ധാദുനിൽ തബു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വ്യത്യസ്ത രീതിയിലാണെന്നും മമത പറഞ്ഞു. 

സംവിധായകൻ രവി കെ.ചന്ദ്രൻ, എപി ഇന്റർനാഷനൽ മാനേജിങ് പാർട്ണർ സഞ്ജയ് വാധ്വ, ആർജെ അർഫാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ ആമസോൺ പ്രൈമിനോടൊപ്പം നാളെയാണ് ചിത്രം യുഎഇ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങുക. ഗോൾഡൻ സിനിമാസാണ് വിതരണം. കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം യുഎഇയിൽ പ്രദർശനത്തിനെത്തുന്ന ആദ്യ മലയാള ചിത്രമാണിത്.

Tags:
  • Movies