Saturday 22 June 2019 01:14 PM IST

‘ജീവാംശമായി’യുടെ സംഗീത സംവിധായകൻ, ഒപ്പം പാടുന്നത് ‘മുൻപേ വാ എൻ അൻപേ വാ’ ഗായകൻ നരേഷ് അയ്യർ! ഗായികയായി പ്രിയയുടെ അഡാറ് തുടക്കം

Binsha Muhammed

priya

കണ്ണിറുക്കി വീഴ്ത്തിയ സുന്ദരിക്കൊച്ച് ഒരു അഡാർ പാട്ടുമായി വരികയാണ്. ഒത്തിരി സ്നേഹവും ഇത്തിരി ട്രോളും നൽകി സോഷ്യൽ മീഡിയ ആഘോഷമാക്കിയ പ്രിയ വാരിയർ ഗായികയുടെ റോളിലെത്തുമ്പോൾ ആരാധകർ ആകാംക്ഷയിലാണ്. മണിയൻ പിള്ള രാജു നിർമ്മിച്ച് പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന ഫൈനൽസ് എന്ന ചിത്രത്തിനു വേണ്ടിയാണ് പ്രിയ ഗായികയുടെ റോളിലെത്തുന്നത്. മലയാളിയുടെ പ്രണയ സുന്ദര നിമിഷങ്ങളിൽ ജീവാംശവുമായെത്തയ സംഗീത സംവിധായകൻ കൈലാസ് മേനോനാണ് പ്രിയക്ക് ഈ പുതിയ നിയോഗം സമ്മാനിച്ചിരിക്കുന്നത്. ‘നീ മഴവില്ലു പോലെൻ’ എന്നു തുടങ്ങുന്ന പാട്ടിൽ പ്രിയക്ക് കൂട്ടായെത്തിയിരിക്കുന്നത് തെന്നിന്ത്യയിലെ തന്നെ മികച്ച പിന്നണി ഗായകൻ നരേഷ് അയ്യർ. ഗാനത്തിന്റെ ടീസറും വാർത്തയും സോഷ്യൽ മീഡിയയിൽ ആകാംക്ഷയേറ്റുമ്പോൾ പ്രിയ മനസു തുറക്കുകയാണ് ആ പാട്ടു പിറന്ന വഴിയെക്കുറിച്ച്, ‘വനിത ഓൺലൈന്‍’ വായനക്കാർക്കു വേണ്ടി. നായികയെ ഗായികയാക്കിയ കഥ പറയാൻ സംഗീത സംവിധായകൻ കൈലാസ് മേനോനും ഒപ്പമുണ്ട്.

നായിക ഗായികയാകുന്നു

ഒര അഡാർ ലൗവിന്റെ ക്യാമറാമാൻ സിനു സിദ്ധാർത്ഥ് ആണ് കൈലാസ് ചേട്ടനെ കൊണ്ട് ഈ റിസ്ക് എടുപ്പിച്ചത്. പുള്ളിയാണ് കൈലാസ് ചേട്ടനിട്ട് ഇങ്ങനൊരു പണി കൊടുത്തത്.– കൈലാസിനെ നോക്കി കണ്ണിറുക്കി പ്രിയ പറഞ്ഞു തുടങ്ങുകയാണ്.

കുട്ടിക്കാലത്തേ ഞാൻ പാട്ടു പഠിച്ചിട്ടുണ്ട്. അൽപ സ്വൽപം പാടാനുള്ള താത്പര്യമൊക്കെയുണ്ട്. ‘ഒരു അഡാർ ലൗ’ സിനിമയുടെ ഇടവേളയിൽ ഞാൻ പാടിയൊരു പാട്ട് കൈലാസ് ഏട്ടന് കാണിച്ചു കൊടുത്തത് സിനു ചേട്ടനാണ്. അതു കണ്ടിട്ടാണ് ഈ പാട്ട് പാടാനായി എന്നെ കൈലാസേട്ടൻ വിളിക്കുന്നത്. ഒത്തിരി സന്തോഷം തോന്നി. ഇതൊരു വുമൺ ഓറിയന്റഡ് മൂവി ആണ്. സന്തോഷം നൽകുന്ന കാര്യം ഇതൊരു ഒന്നാന്തരം റൊമാന്റിക് സോംഗ് ആണെന്നതാണ്. അതും എന്റെ ഫേവറിറ്റായ നരേഷ് അയ്യർക്കൊപ്പം. കക്ഷിയുടെ ‘മുൻപേ വാ, മുന്തിനം പാർത്തേനെ ഒക്കെ കേട്ട് ഫ്ലാറ്റായ ആരാധികമാരിൽ ഒരാളാണ് ഞാൻ. ദേ ഇപ്പോ പുള്ളിയോടൊപ്പം ഡ്യൂയറ്റ്. സന്തോഷിക്കാൻ ഇതിൽപ്പരം എന്ത് വേണം.– പ്രിയ പറയുന്നു.

priya-2

ബാക്കി കൈലാസ് മേനോൻ പറയട്ടെ... ‘സെലിബ്രിറ്റി സ്റ്റാറ്റസ് കണ്ടല്ല ഞാൻ പ്രിയയെ എന്റെ പാട്ടിലേക്ക് വിളിക്കുന്നത്. എന്റെ പാട്ടില്‍ യാതൊരു കോമ്പ്രമൈസും ഞാൻ ചെയ്യാറില്ല എന്നതു തന്നെയാണ് അതിന് കാരണം. പുള്ളിക്കാരി മോശമല്ലാത്ത രീതിയിൽ പാടും. പിന്നെ ഈ പാട്ടിനും അതിന്റെ കോമ്പോസിഷനും പ്രിയ വളരെയധികം മാച്ച് ആണെന്ന് തോന്നി. അങ്ങനെയാണ് പ്രിയയിലെ ഗായികയെ പൊടിതട്ടിയെടുക്കുന്നത്. പിന്നെ പ്രിയയുടെ ജനപ്രീതി ഈ പാട്ടിനും അതു വഴി സിനിമയ്ക്കും ഗുണം ചെയ്യുമെങ്കിൽ സന്തോഷം അത്രമാത്രം. –

priya-8

ട്രോളൻമാരെ ഇതിലേ ഇതിലേ...

പതിവ് പോലെ കുത്തുവാക്കുകളും കമന്റുകളുമായി പലരും രംഗപ്രവേശം ചെയ്തിട്ടുണ്ട്. അതൊക്കെ പിന്നെ ശീലമായത് കൊണ്ട് നോ പ്രോബ്ലം. ട്രോളുകൾ എത്ര വേണമെങ്കിലും തുടർന്നോട്ടെ. അതൊക്കെ എന്റെ സ്വീകാര്യത കൂട്ടുകയേ ഉള്ളൂവെന്ന് എനിക്ക് ഉറച്ച ബോധ്യം ഉണ്ട്. എന്തിന്റെ പേരിലാണ് ഈ കളിയാക്കലുകളെന്ന് ഇനിയും എനിക്ക് മനസിലായിട്ടില്ല എന്നുള്ളതാണ് സത്യം. പിന്നെ അടുത്തിടെയായി, മേലും കീഴെ നോക്കാതെ എനിക്കെതിരെ പടച്ചു വിടുന്ന ഈ ട്രോളൻമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുള്ളതായി കാണുന്നു. അതും ആശ്വാസം...– പ്രിയയുടെ കമന്റ്.

അങ്ങനെയൊന്നുമില്ല കേട്ടോ...പ്രിയ ഈ പാട്ട് നല്ല രീതിയിൽ തന്നെ പാടിയിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞല്ലോ. ഞാൻ കണ്ട ഒരു കമന്റ് ഇങ്ങനെയാണ് ഡിസ്‍ലൈക്ക് അടിക്കാൻ വന്ന എന്നെ കൊണ്ട് ലൈക്കടിപ്പിച്ചില്ലേ കൊച്ചേ എന്നാണ്. പ്രിയയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സൈബർ തൊഴിലാളികൾ ന്യൂനപക്ഷമായിട്ടുണ്ട് എന്നതാണ് സത്യം–കൈലാസ് ഇടയ്ക്കു കയറി.

priya-1

ബുദ്ധിമുട്ടിക്കാത്ത പാട്ടുകാരി

പാട്ടുകാരി എന്ന നിലയിൽ പ്രിയ എന്നെ അധികം ബൂുദ്ധിമുട്ടിച്ചില്ല എന്നതാണ് സത്യം. ബി. ശ്രീരേഖയുടേതാണ് വരികൾ. ട്രാക്കും ലിറിക്ക്സും ഒരാഴ്ച മുമ്പേ ഞാൻ അയച്ചു കൊടുത്തിരുന്നു. പുള്ളിക്കാരി അത് വിശദമായി കേട്ട് പഠിച്ച് പ്രിപ്പെയർ ചെയ്താണ് സ്റ്റുഡിയോയിലേക്ക് വന്നത്. അതിന്റെ റിസൾട്ട് ഞങ്ങൾക്ക് ഈ പാട്ടിൽ കിട്ടിയിട്ടുണ്ട്. പിന്നെ എന്നെ ഇപ്പോഴും ‘ജീവാംശമായ്’ സംഗീത സംവിധായകൻ എന്ന ലേബലിലാണ് ആൾക്കാർ കാണുന്നത്. അതിൽ നിന്നെല്ലാം ഒരുട്രാക്ക് ചേഞ്ച് എനിക്കും വേണ്ടേ...ഇത് അങ്ങനെയുള്ളൊരു പാട്ടാണ്. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിൽ– കൈലാസിന്റെ വാക്കുകളിൽ പ്രതീക്ഷ.

priya-5