Thursday 03 August 2023 11:54 AM IST : By സ്വന്തം ലേഖകൻ

‘വെളിച്ചത്തില്‍ നിൽക്കുന്നവർ കാണുന്നുണ്ടോ, ഇരുട്ടിലെ ഈ ജീവിതങ്ങളെ’: അവശതകൾ മറന്ന് സാനുമാഷ് വന്നു, ആർട്ടിക്കിൾ 21 കാണാൻ

article-21

പ്രായത്തിന്റെ അവശതകൾ മറന്ന് ‘ആർട്ടിക്കിൾ 21’ കാണാൻ സാനുമാഷ് എത്തി. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പച്ചയായ ജീവിത യാഥാർഥ്യങ്ങൾ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടുമ്പോഴാണ് ചിത്രം കാണാൻ പ്രഫസർ.എം.കെ സാനു എത്തിയത്.

ഉദ്ബോധനപരമായ മികച്ച കലാസൃഷ്ടിയാണ് ചിത്രമെന്ന് സാനുമാഷ് പറഞ്ഞു. മനുഷ്യാവകാശം എന്നത് സാധാരണയായി നമ്മൾ കേട്ടു കഴിഞ്ഞ ശേഷം അവഗണിക്കുകയാണ് പതിവ്. എന്നാലങ്ങനെയല്ല മനുഷ്യ മധ്യത്തിൽ സാക്ഷാത്കരിക്കേണ്ടതാണെന്ന സന്ദേശം അദ്യാവസാനം സിനിമയിൽ മുഴങ്ങി നിൽക്കുന്നുവെന്നും സാനുമാഷ് അഭിപ്രായപ്പെട്ടു.

‘വെളിച്ചത്തിൽ നിൽക്കുന്നവർ, ഇരുട്ടിൽ ആളുണ്ടെന്നും, അവരെ കാണണമെന്നും, അവരും മനുഷ്യരാണെന്നും അവർക്ക് മനുഷ്യോചിതമായ വികാസത്തിനനുസൃതമായ സാധ്യതയുണ്ടാവണമെന്നും വിളംബരം ചെയ്യുന്ന ഒരു നല്ല ചിത്രമാണ് ആർട്ടിക്കിൾ 21വൈവിധ്യങ്ങളുടെ ഒരു സമഞ്ചസമായ സമ്മേളനം ശുഭാപ്തി വിശ്വാസത്തോടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. ആർട്ടിക്കിൾ 21 എല്ലാവരും കാണേണ്ട ചിത്രം’– സാനു മാഷിന്റെ വാക്കുകൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ യുവപ്രതിഭകൾക്ക് സർക്കാർ സഹായ ഹസ്തം നൽകണമെന്നും പ്രൊഫ.എം.കെ.സാനുമാഷ് പറഞ്ഞു.

ലെനയുടെ അസാമാന്യമായ പ്രകടനമാണ് ചിത്രത്തെ വേറിട്ടു നിർ‌ത്തുന്നത്. അജു വർഗീസ്, ജോജു ജോർജ് തുടങ്ങിയ വൻതാരനിര അണിനിരക്കുന്ന ചിത്രം ലെനിൻ ബാലകൃഷ്‌ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു.

വാക് വിത്ത് സിനിമാസിന്‍റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ചെമ്മീൻ സിനിമാസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. 

അഷ്‌കർ ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സന്ദീപ് നന്ദകുമാർ എഡിറ്റിങും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ - രംഗനാഥ് രവി. 

ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം പകരുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ ആണ്.